മൂന്നാര്‍: നിരോധനാജ്ഞ വകവെയ്ക്കാതെ ജനം തെരുവില്‍ ഇറങ്ങിയതോടെ മൂന്നാറില്‍ അറ്റകൈ പ്രയോഗവുമായി അധികൃതര്‍. ഏഴ് ദിവസത്തേക്ക് ടൗണ്‍ അടച്ച് പൂട്ടി. അടച്ചുപൂട്ടല്‍ അനിശ്ചിതമായി നീേണ്ടാക്കുമോ എന്ന ആശങ്കയില്‍ ആവശ്യസാധനങ്ങള്‍ വാങ്ങാനെത്തിയവരെ നിയന്ത്രിക്കുവാന്‍ പോലീസും പാടുപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് 2 മണി മുതല്‍ തുടര്‍ച്ചയായ ഏഴു ദിവസത്തേക്കാണ് അടച്ചുപൂട്ടിയിടുവാന് ജില്ലാഭരണകൂടം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അടച്ചുപൂട്ടിയിടലിനെ പറ്റിയുള്ള അറിയിപ്പ് വന്നതിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ വാങ്ങുവാന്‍ എസ്റ്റേറ്റുകളില്‍ നിന്നും മൂന്നാര്‍ ടൗണിന്റെ പരിസരപ്രദേശങ്ങളിലുള്ളവരും കൂട്ടമായ് എത്തിയതോടെ മൂന്നാര്‍ ജനസാന്ദ്രമായി. നൂറ് കണക്കിന് ജനങ്ങള്‍ എത്തിയതോടെ തിരക്ക് നിയന്ത്രിക്കുവാന്‍ പോലീസിനും ഉദ്യോഗസ്ഥര്‍ക്കും ഏറെ പണിപ്പെടേണ്ടി വന്നു.
പന്ത്രണ്ടായിരത്തോളം തൊഴിലാളികള്‍ പണിയെടുക്കുന്ന കണ്ണന് ദേവന് അധികൃതര്‍, വ്യാപാരികള്‍ എന്നിവരുമായുള്ള ചര്‍ച്ചയെ തുടര്‍ന്നായിരുന്നു തീരുമാനങ്ങള്‍ നടപ്പിലാക്കിയത്. തൊഴിലാളികള്‍ മൂന്നാര്‍ ടൗണില്‍ എത്താതിരിക്കുവാനുള്ള നടപടികള്‍ കമ്പനി സ്വീകരിക്കാമെന്നറിയിച്ചിരുന്നെവങ്കിലും വരുന്നവരില്‍ ഭൂരിഭാഗവും തൊഴിലാളികളായിരുന്നു. ഇതോടെയാണ് കടുത്ത നടപടി വേണ്ടി വന്നത്.
കേരള-തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന തേനി ജില്ലയില്‍ അനിയന്ത്രിതമായി കൊറോണ വ്യാപിച്ച സാഹചര്യത്തിലും തേനിയില്‍ നിന്ന് എത്തിയ അഞ്ച് പേര് നിരീക്ഷണത്തിലുള്ള സാഹചര്യത്തിലുമാണ് സമ്പൂര്‍ണ്ണമായ അടച്ചുപൂട്ടല്‍.
നിരീക്ഷണത്തിലുള്ള അഞ്ചുപേരും അതിര്‍ത്തിയുള്ള കാനനപാതയിലൂടെ മൂന്നാറിലെത്തിയവരാണ്. ഇത്തരത്തില്‍ കൂടുതല്‍ പേര് എത്തിയിരിക്കാമെന്ന നിഗമനത്തിലും രോഗലക്ഷണങ്ങള്‍ ഉെണ്ടങ്കിലും അത് സമൂഹവ്യാപനമായി പടരാതിരിക്കാനുമുള്ള മുന്‍ കരുതല്‍ എന്നനിലയ്ക്കും തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും മൂന്നാര്‍ ടൗണിലെ തിരക്ക് അനിയന്ത്രിതമായ കുറയ്ക്കാനാവാത്ത സാഹചര്യവും കണക്കിലെടുത്തുമാണ് കടുത്ത തീരുമാനം.
ആവശ്യവസ്തുക്കളായ അരി, പച്ചക്കറി തുടങ്ങിയ വസ്തുക്കള്‍ എസ്റ്റേറ്റുകളിലെ ബസാറുകളില്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നവെങ്കിലും അടച്ചുപൂട്ടല്‍ അനിശ്ചിതമായി നീണ്ടേക്കുമോ എന്ന ഭയത്തില്‍ മൂന്നാറില്‍ വന്ന ഭക്ഷ്യവസ്തുക്കള്‍ ആവശ്യവസ്തുക്കള്‍ വാങ്ങിച്ച് കൂട്ടുന്ന തിരക്കിലായിരുന്നു തൊഴിലാളികള്‍.
മണിക്കൂറുകള്‍ കാത്തിരുന്നാണ് പലരും സാധനങ്ങള്‍ വാങ്ങിച്ചത്. നല്‍കിയിരുന്ന സമയപരിധി രണ്ടുമണിയായിട്ടും തിരക്ക് കുറയാതിരുന്നതോടെ ക്യൂവില്‍ നിന്നവര്‍ക്ക് ടോക്കണ്‍ നല്‍കേണ്ട സ്ഥിതിയുമുണ്ടായി. ഉച്ചയായതോടെ മാര്‍ക്കറ്റിലെ പച്ചക്കറി മുഴുവന്‍ വിതരണം ചെയ്തു തീര്‍ത്തു. അതേ സമയം നാടിന് നന്മ വരുന്ന രീതിയില്‍ വ്യാപാരികള്‍ കടകല്‍ പൂട്ടിയിട്ട് സഹകരിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടും തിരക്ക് ആള്ക്കൂട്ടമായതില് ആശങ്കയുണ്ടെന്ന് വ്യാപാരി നേതാക്കള്‍ പ്രതികരിച്ചു. ജില്ലയില്‍ ആദ്യമായി കേസ് സ്ഥിരീകരിച്ചത് മൂന്നാറിലായിരുന്നു. കഴിഞ്ഞ മാസം 14ന് ആണ് മൂന്നാര്‍ കെറ്റിഡിസിയുടെ ടീ കൗണ്ടിയില്‍ താമസിച്ചിരുന്ന വിദേശിക്ക് രോഗം സ്ഥിരീകരിച്ചത്. ഇവിടെ താമസിച്ചിരുന്ന 77 പേരെയും ക്വാറന്റൈനില്‍ പാര്‍പ്പിച്ച ശേഷം ഈ മാസം ആദ്യം വിട്ടയച്ചിരുന്നു.
ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണന് രാവിലെ മുതല്‍ ടൗണിലെ തിരക്ക് നിയന്ത്രിക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചു. കടകള്‍ എല്ലാം അടച്ചുപൂട്ടിയെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഡിവൈഎസ്പി എം. രമേഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ നേതൃത്വത്തിലായിരുന്നു നടപടികള്‍.
14ന് ശേഷം യോഗം ചേരും
ലോക് ഡൗണ്‍ തീരുന്ന 14ന് ശേഷം മൂന്നാറില്‍ വീണ്ടും യോഗം ചേരും, ഇതിന് ശേഷമാകും കടകള്‍ തുറക്കാന്‍ അനുവദിക്കുകയെന്ന് സബ് കളക്ടര്‍ പ്രേം കൃഷ്ണന് ജന്മഭൂമിയോട് പറഞ്ഞു. നിര്‍ദ്ദേശം ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. മെഡിക്കല്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ്, ബാങ്ക്, എറ്റിഎം എന്നിവ പ്രവര്‍ത്തിക്കും. മറ്റുള്ള യാതൊരു സ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: