പത്തനംതിട്ട: സേവാഭാരതി അടക്കമുള്ള സന്നദ്ധ സംഘടനകൾ നടത്തുന്ന ഭക്ഷണപ്പൊതി വിതരണം ജില്ലാ കളക്ടർ തടഞ്ഞതോടെ തെരുവോരത്ത് അന്തിയുറങ്ങുന്നവരും നിരാശ്രയരും പട്ടിണിയിലായി.
പത്തനംതിട്ട നഗരത്തിൽ ഇന്നലെ ഉച്ചയോടെ ഭക്ഷണപ്പൊതികൾ കാത്തിരുന്നവർക്ക് നിരാശയായിരുന്നു ഫലം. ലോക്ഡൗൺ തുടങ്ങിയതോടെ നഗരത്തിൽ ഭക്ഷണപ്പൊതികൾക്ക് ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ജില്ലാകളക്ടർ ഭക്ഷണ വിതരണം ഇന്നലെ മുതൽ തടഞ്ഞത്. ഇതറിയാതെ എത്തിയ നിരാശ്രയരും ഇതരസംസ്ഥാനക്കാരുമൊക്കെയാണ് പട്ടിണിയിലായത്.
സേവാഭാരതിയുടെ നേതൃത്വത്തിൽ ദിവസവും രണ്ടായിരത്തിലേറെ ഭക്ഷണപൊതികളാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്തിരുന്നത്. ഇതിന് പുറമെ പലയിടത്തും ആവശ്യക്കാർക്ക് പ്രഭാത ഭക്ഷണവും രാത്രിഭക്ഷണവും ഒരുക്കിയിരുന്നു. സിപിഎമ്മുകാർ അധികാരത്തിന്റെ ബലത്തിൽ പോലീസിനെ വരെ ഉപയോഗിച്ച് സേവാഭാരതിയുടെ സന്നദ്ധപ്രവർത്തനങ്ങൾക്ക് തടയിടാൻ തുടക്കം മുതൽ ശ്രമിക്കുന്നുമുണ്ടായിരുന്നു. ബിജെപി,
യുവമോർച്ച പ്രവർത്തകരും വിവിധ സ്ഥലങ്ങളിൽ ഭക്ഷണപൊതികൾ വിതരണം ചെയ്തിരുന്നു. വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ചുമതലയിൽ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണുകളിൽ നിന്നും വിതരണം ചെയ്യുന്ന പൊതികൾകൊണ്ട് മാത്രം ആവശ്യക്കാർക്ക് തികയില്ല. തെരുവോരങ്ങളിൽ കൂടുതൽ സഞ്ചരിക്കാനാത്തവർക്ക് അവിടെ എത്തിച്ച് നൽകാനും സംവിധാനമില്ല. ഇതെല്ലാം സന്നദ്ധ സംഘടനകളാണ് ഇതുവരെ ചെയ്തിരുന്നത്. സമൂഹ അടുക്കളയിൽ മുൻകൂട്ടി ലഭിക്കുന്ന ഓർഡർ അനുസരിച്ചാണ് ഭക്ഷണപ്പൊതി തയാറാക്കുന്നത്. വാർഡുകളിലെ കൗൺസിലർമാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നൽകുന്ന പട്ടികയനുസരിച്ചാണ് സൗജന്യ ഭക്ഷണം. ഇതര സംസ്ഥാനക്കാർക്കും അഗതികൾക്കുമായി പത്തനംതിട്ടയിൽ കുമ്പഴ മൗണ്ട് ബഥനി, പത്തനംതിട്ട ഗവൺമെന്റ് സ്‌കൂളുകളോടു ചേർന്ന് ക്യാമ്പ് പ്രവർത്തിക്കുന്നുണ്ടെന്ന് കോഴഞ്ചേരി തഹസീൽദാർ പറഞ്ഞു.
പത്തനംതിട്ടയിൽ സന്നദ്ധ സംഘടനകൾ ഭക്ഷണപ്പൊതി നൽകുന്നത് തടയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടറോട് നിർദ്ദേശിച്ചത് തെരുവോരത്ത് ജീവിക്കുന്നവർക്കും അവശത അനുഭവിക്കുന്നവർക്കും ഇരുട്ടടിയായെന്ന് ബിജെപി ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ പറഞ്ഞു. എല്ലാ ദിവസവും സേവാഭാരതി, ബിജെപി, യുവമോർച്ച പ്രവർത്തകർ പത്തനംതിട്ട നഗരത്തിൽ 400ഓളം ഭക്ഷണപ്പൊതികൾ മുടങ്ങാതെ വിതരണം ചെയ്തു വരികയായിരുന്നു. ഇത് തടഞ്ഞതോടെ ഇന്നലെ മുതൽ ആളുകൾ പട്ടിണിയിലായി.
കമ്യൂണിറ്റി കിച്ചണിലെ ആഹാരം വിതരണത്തിന് മതിയാകുന്നില്ല. ഭക്ഷണത്തിന്റെ കാര്യത്തിലും സംസ്ഥാന സർക്കാർ രാഷ്‌ട്രീയം കളിക്കുകയാണ്. വീണാജോർജ് എംഎൽഎയുടെ സമ്മർദ്ദവും ഇതിന് പിന്നിലുണ്ടെന്ന് ബിജെപി ആരോപിച്ചു. അർഹരായവർക്ക് സൗജന്യമായി ആഹാരം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ബിജെപി മണ്ഡലം പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: