ന്യൂദല്‍ഹി: ഐ ലീഗിന്റെ ഭാവി തുലാസില്‍. കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള സാധ്യത കുറവാണ്. ഈ മാസം പതിനാല് വരെ നീളുന്ന ലോക് ഡൗണിനുശേഷം ഐലിഗിന്റെ ഭാവി സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഭാരവാഹി പറഞ്ഞു.
കൊറോണയുടെ പശ്ചാത്തലത്തില്‍ മാര്‍ച്ച് പതിനാലിനാണ് ഐ ലീഗ് മത്സരങ്ങള്‍ നിര്‍ത്തിവച്ചത്. ഇനി നാലു റൗണ്ട് മത്സരങ്ങള്‍ കൂടി പൂര്‍ത്തിയാക്കാനുണ്ട്. അതേസമയം പോയിന്റ് നിലയില്‍ മുന്നിലെത്തിയ മോഹന്‍ ബഗാന് കിരീടം സ്വന്തമാക്കിക്കഴിഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനുള്ള സാധ്യത കുറവാണ്. ശേഷിക്കുന്ന നാല് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നര മാസം കൂടി വേണം. ബന്ധപ്പെട്ടവരുമായി കൂടിയലോചിച്ച് തീരുമാനം എടുക്കും. ഈ മാസം പതിനഞ്ചിന് യോഗം ചേരുമെന്നും പേരു വെളിപ്പെടുത്താന്‍ തയ്യാറാകാത്ത അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഭാരവാഹി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
മോഹന്‍ ബാഗന്‍-ഈസ്റ്റ് ബംഗാള്‍ ഡര്ബിയുള്പ്പെടെ ഇരുപത്തിയെട്ട് മത്സരങ്ങളാണ് ശേഷിക്കുന്നത്. മോഹന്‍ ബഗാന് കിരീടം നേടിക്കഴിഞ്ഞു. റണ്ണേഴ്സ് അപ്പാകാന്‍ മൂന്ന് ടീമുകള്‍ രംഗത്തുണ്ട്. പതിനാറ് മത്സരങ്ങളില്‍ 23 പോയിന്റ് വീതം നേടിയ ഈസ്റ്റ് ബംഗാളും മിനര്‍വ പഞ്ചാബും പതിനഞ്ച് മത്സരങ്ങളില്‍ 22 പോയിന്റുള്ള റിയല്‍ കശ്മീരുമാണ് രണ്ടാം സ്ഥാനത്തിനായി പൊരുതുന്ന ടീമുകള്‍.
മനുഷ്യ ജീവനാണ് പ്രധാനം നല്‍കേണ്ടത്. കളിയൊക്കെ അതിനുശേഷം മതി. ഐ ലീഗ് പുനരാരംഭിക്കുന്നതിനെക്കുറിച്ച്് ഇപ്പോള്‍ ഒന്നും പറയാനാകില്ലെന്ന് ഈസ്റ്റ് ബംഗാള്‍ ഓഫീഷ്യല്‍ ദേവവ്രത സര്‍ക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: