പാലാ: ലോക്ഡൗണ്‍ കാലത്ത് സഹായം ആവശ്യമായ വീടുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ കിറ്റുകള്‍ എത്തിക്കാനുള്ള നടപടികള്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ തുടങ്ങി. തൊഴില്‍ നഷ്ടപ്പെട്ട ആയിരങ്ങള്‍ വരുമാനമില്ലാതെ കഴിയുകയാണ്. സഹായം തേടാന്‍ പലരെയും അഭിമാനം അനുവദിക്കുന്നുമില്ല. അധ്വാനിച്ച് അന്നന്നത്തെ അന്നം തേടുന്ന ഇവര്‍ക്ക് ഒരു കൈ സഹായമേകുകയാണ് സേവാഭാരതിയുടെ ലക്ഷ്യം. നിത്യേന അന്നദാനം നടത്തി വന്നിരുന്ന ക്ഷേത്രങ്ങളുടെയും അഭ്യുദയ കാംഷികളുടെയും സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങുന്നത്.
അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ രണ്ടായിരം ഭക്ഷ്യവസ്തുക്കിറ്റാണ് വിതരണം ചെയ്യുക. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വസ്തുക്കള്‍ ശേഖരിച്ച് കിറ്റുകള്‍ തയാറാക്കി തുടങ്ങി. പ്രവര്‍ത്തകരെ രണ്ടോ മൂന്നോ പേര് മാത്രം ഉള്‍പ്പെട്ട സംഘങ്ങളായി തിരിച്ചാണ് വിതരണം. ഉള്‍പ്രദേശങ്ങളില്‍ വരെ സഹായം എത്തുംവിധമാണ് പ്രവര്‍ത്തനം.
പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വയം സ്വീകരിച്ചാണിത്.
തൊഴിലും ഭക്ഷണവുമില്ലാതെ കഴിയുന്നവരെ തേടിയാണ് സേവാഭാരതിയുടെ യാത്ര. കടപ്പാട്ടൂര്‍ മഹാദേവക്ഷേത്രം, വെള്ളാപ്പാട് ഭഗവതി ക്ഷേത്രം ഭരണ സമിതികളുടെ സഹായത്തോടെ സേവാഭാരതി നിരാലംബരായ ജനങ്ങള്‍ക്കായി പാലാ നഗരത്തില്‍ ജനറല്‍ ആശുപത്രിക്ക് സമീപം പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. അടച്ചുപൂട്ടല്‍ പ്രഖ്യാപനം തീരുന്നതുവരെ ഇത് തുടരാനാണ് തീരുമാനം. ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പ്രഭാത ഭക്ഷണം നേരത്തെ മുതല്‍ നല്‍കിവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: