തിരുവല്ല: സംസ്ഥാനത്തെ ഏറ്റവും കൂടുതൽ പ്രവാസികളുടെ നാടായ തിരുവല്ലയ്‌ക്ക് ജാഗ്രതാ നിർദ്ദേശം. ലോക്ഡൗൺ കാലാവധി അയയുന്ന മുറയ്‌ക്ക് അന്താരാഷ്‌ട്ര വിമാന സർവ്വീസുകൾ തുടങ്ങിയാൽ കൂടുതൽ ആളുകൾ എത്തുന്ന പശ്ചാത്തലത്തിലാണ് മുന്നൊരുക്കങ്ങൾ നടത്തുന്നത്.
മല്ലപ്പള്ളി, തിരുവല്ല, റാന്നി താലൂക്കുകളെ ഉൾപ്പെടുത്തി കേന്ദ്രീകൃത സംവിധാനമാണ് ഇതിനായി ഒരുങ്ങുന്നത്. കേന്ദ്ര ആരോഗ്യമന്ത്രായത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള സംവിധാനമാണ് ഇതിനായി ഒരുക്കുക. നിയന്ത്രണങ്ങൾ കഴിഞ്ഞാൽ പതിനായിരത്തോളം പ്രവാസികൾ ജന്മനാട്ടിൽ തിരിച്ചെത്തുമെന്നാണ് സർക്കാരിന്റെ കണക്കുകൾ. ഈ സാഹചര്യത്തിലാണ് പ്രതിരോധത്തിന്റെ ഭാഗമായി മുന്നൊരുക്കങ്ങൾ ആരംഭിച്ചത്.
ആവശ്യമെങ്കിൽ ഉപയോഗിക്കൻ സജ്ജമാക്കിയ താൽക്കാലിക ഐസൊലേഷൻ വാർഡുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കാനും പദ്ധതിയുണ്ട്. വീട്ടിലെത്തിയാൽ നിലവിലുള്ള നിരീക്ഷണകാലം പൂർത്തിയാക്കണം. ആരോഗ്യ പ്രവർത്തകരുടെ അനുമതിയോടെ വേണം ഈ കാലയളവ് പൂർത്തിയാക്കി പുറത്തിറങ്ങാൻ. അവശ്യസാധനങ്ങൾ അടക്കം വീട്ടിലെത്തും.
പ്രവാസികളുടെ എണ്ണം എടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. നിലവിൽ കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാതെ മേഖലയിൽ ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നവരുടേയും സ്രവം പരിശോധനയ്‌ക്ക് അയച്ചുതുടങ്ങി. വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും മടങ്ങിയെത്തിയവരുടെ സ്രവങ്ങളാണ് പരിശോധനയ്‌ക്കായി ശേഖരിക്കുന്നത്. ദുബായ്, ഇറ്റലി, ദൽഹി, മുംബൈ തുടങ്ങിയ ഹൈ റിസ്‌ക് മേഖലകളിൽനിന്ന് മടങ്ങിയെത്തിയവരിൽ പ്രായം കൂടുതലുളളവർ, മറ്റ് രോഗങ്ങൾ ഉള്ളവർ എന്നിവരുടെ സ്രവങ്ങളാണ് ആദ്യം ശേഖരിക്കുന്നത്. ഇതിനായി പ്രാദേശികാടിസ്ഥാനത്തിൽ പ്രത്യേക പട്ടിക തയാറാക്കിയിട്ടുണ്ട്.
കൊറോണയുടെ ഏതെങ്കിലും തരത്തിലുള്ള സമൂഹവ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിശോധന. മേഖലയിൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് മടങ്ങിയെത്തിയവരേയും 28 ദിവസത്തെ ഗാർഹിക നിരീക്ഷണത്തിനാണ് ആരോഗ്യവകുപ്പ് നിർദേശിച്ചിരിക്കുന്നത്. ദൽഹി, മഹാരാഷ്‌ട്ര തുടങ്ങി കൊറോണ വൈറസ് പടർന്ന 18 സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരെയാണ് ഇത്തരത്തിൽ നിരീക്ഷിക്കുന്നത്. ഇവരുടെ വിവരങ്ങൾ ദിവസേന ആരോഗ്യപ്രവർത്തകർ അന്വേഷിക്കുന്നുണ്ട്. രണ്ടായിരത്തോളം പേരാണ് തിരുവല്ല മേഖലയിൽ ഇപ്പോൾ ഗാർഹിക നിരീക്ഷണത്തിൽ ഉള്ളത്.150-ഓളം പേരുടെ സ്രവങ്ങൾ പരിശോധിച്ചു. എല്ലാം നെഗറ്റീവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: