തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രശ്നം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണരായി വിജയന്. യു എ ഇയിലുള്ള 28 ലക്ഷം ഇന്ത്യന്‍ പ്രവാസികളില്‍ 10 ലക്ഷത്തിലധികം പേര് കേരളീയരാണ്. അവിടെ കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സ്ഥിതി ഗുരുതരമാണ് എന്ന വാര്‍ത്തകള്‍ വരുന്നു. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
ജപ്പാനും അമേരിക്കയും പോലുള്ള രാഷ്ട്രങ്ങള്‍ കോവിഡ് കാലത്ത് നടപ്പാക്കിയ സാമ്പത്തിക പാക്കേജുകള്‍ ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ വ്യവസായ മേഖലയെ രക്ഷിക്കാനും അത്തരം ഇടപെടലുകള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാസികളുടെ പ്രയാസങ്ങളും ആശങ്കകളും പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് യു.എ.ഇ.യിലെയും കുവൈത്തിലെയും അംബാസഡര്‍മാര്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക വിവിധ എംബസികള്‍ക്ക് കത്തയച്ചിരുന്നു. യുഎഇയിലെ സ്കൂളുകളിലെ ഫീസ് താല്‍ക്കാലികമായി ഒഴിവാക്കണം എന്ന കാര്യത്തിലും പാസ്പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിലും ഇടപെട്ടിട്ടുണ്ട് എന്ന് ഇന്ത്യന്‍ അംബാസഡര്‍ പവന് കപൂര്‍ അറിയിച്ചിട്ടുണ്ട്. മെയ് 31 വരെയോ വിമാന സര്‍വ്വീസ് പുനരാരംഭിക്കുന്നതുവരെയോ വിസകാലാവധി പിഴയൊന്നുമില്ലാതെ നീട്ടിക്കൊടുക്കുമെന്ന് യു.എ.ഇ. ഗവണ്മെന്റ് അറിയിച്ചിട്ടുണ്ടെന്നും അംബാസഡര്‍ പറഞ്ഞു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുന്നുണ്ട് എന്ന് കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ കെ ജീവ സാഗര്‍ അറിയിച്ചിട്ടുണ്ട്. കുവൈത്തിലെ സാമൂഹ്യ സംഘടനകളുടെ സഹായത്തോടെ പ്രവാസി സമൂഹവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കുവൈത്ത് അംബാസഡര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: