കണ്ണൂര്‍: നാലു മാസമായി കൂലിപോലുമില്ലാതെ നരകയാതനയിലാണ്, വനവാസികള്‍ ഉള്‍പ്പെടെ ആറളം ഫാമിലെ നാനൂറിലേറെ തൊഴിലാളികള്‍. കൊറോണയും ലോക് ഡൗണും വന്നിട്ട് കുറച്ചുനാളുകളേ ആയുള്ളു. പക്ഷെ ഇവര്‍ക്ക് കൂലിയില്ലാതായിട്ട് നാലു മാസത്തിലേറെയായി. സംസ്ഥാന പട്ടികജാതി വര്‍ഗ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കണ്ണൂര്‍ ആറളം ഫാമിങ് കോര്പ്പറേഷന് കേരള ലിമിറ്റഡിന്റെ ആറളം ഫാം.
സ്ത്രീകളടക്കമുളള തൊഴിലാളികളാണ് ദുരിതത്തിലായത്. 3500 ഏക്കറാണ് ഫാം. 420 ഓളം തൊഴിലാളികളാണ് ഉള്ളത്. 60 ശതമാനത്തോളം വനവാസി തൊഴിലാളികളാണ് കൂലി ലഭിക്കാത്തതിനാല്‍ ദുരിതത്തിലും പട്ടിണിയിലുമായത്. മൂന്ന് മാസത്തിലേറെയായി മാനേജിങ് ഡയറക്ടര്‍ ഇല്ല. 7000 ഏക്കര്‍ ഭൂമിയില്‍ 3500 ഏക്കര്‍ മൂവായിരത്തിലധികം വനവാസികള്‍ക്കായി പതിച്ചു നല്‍കിയിരുന്നു. പലരും വന്യമൃഗശല്യം അടക്കമുള്ള കാരണങ്ങളാല്‍ ഭൂമി ഏറ്റെടുക്കാതിരിക്കുകയോ ഏറ്റെടുത്തവ ഉപേക്ഷിക്കുകയോ ചെയ്തു. ഇന്ന് 1670 താമസക്കാര്‍ മാത്രം.
ഒരുമാസം ശമ്പളം നല്കാന് 70 ലക്ഷം രൂപ വേണം. എന്നാല്‍ 3500 ഏക്കര്‍ ഫാമില്‍ ഇന്ന് വളരെ തുച്ഛമായ വരുമാനമേയുള്ളു. 3500 തൊഴിലാളികള്‍ വേണ്ടിടത്ത് 420 ഓളം തൊഴിലാളികളെ വെച്ചാണ് മുന്നോട്ടു പോകുന്നത്. റബ്ബര്‍, കവുങ്ങ്, തെങ്ങ്, കുരുമുളക് അടക്കമുള്ള വിപുലമായ കൃഷി ഫാം ഇന്ന് നാശത്തിന്റെ വക്കിലാണ്. വന്യ മൃഗശല്യവും രൂക്ഷം. ഇതിന് ആനമതിലടക്കമുളള പരിഹാര മാര്‍ഗങ്ങള്‍ കടലാസിലാണ്. ഡിസംബര്‍-ജനുവരി മാസങ്ങളില്‍ മാത്രം 3900 തെങ്ങുകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. 28 ഓളം ആനകള്‍ രാപ്പകല്‍ ഫാമിനകത്തുണ്ട്. കശുവണ്ടിയും റബ്ബറും അടക്കമുള്ള വിളകള്‍ തൊഴിലാളികള്‍ ശേഖരിക്കുന്നത് ജീവന് കൈയില്‍ പിടിച്ചാണ്. കഴിഞ്ഞവര്‍ഷം മാത്രം അഞ്ചോളം പേരെ കാട്ടാന കൊന്നു.
ലോക്ഡൗണ്‍ കാരണം വീട്ടില്‍ നിന്നും പുറത്തിറങ്ങാനാവാതെ, തൊഴിലാളികള്‍ നയാ പൈസയില്ലാതെ ബുദ്ധിമുട്ടുകയാണ്. സാമൂഹ്യ പെന്ഷന് അടക്കം സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ വനവാസി തൊഴിലാളികള്‍ക്ക് സൗജന്യറേഷന് അരി മാത്രം. ഭൂരിപക്ഷം തൊഴിലാളികളും ഇടത് തൊഴിലാളി സംഘടനകളില്‍ അംഗങ്ങളാണ്. പക്ഷെ സിഐടിയു അംനങ്ങുന്നില്ല. വീട് നിര്‍മാണം ആരംഭിച്ച വനവാസികള്‍ സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭിക്കാത്തതിനാല്‍ പണി നിര്‍ത്തിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: