പരവൂര്‍: പുറ്റിങ്ങല്‍ രാജ്യത്തിന്റെ നീറുന്ന ഓര്‍മയായിട്ട് നാളെ നാല് വര്‍ഷം. ക്ഷേത്ര ഉത്സവനഗരിയെ ഒരു തീപ്പൊരി നിമിഷങ്ങള്‍കൊണ്ട് അഗ്നിഗോളമാക്കി മാറ്റി 110 പേരുടെ ജീവന് കവര്‍ന്ന ദുരന്തം ഇന്നും ഞെട്ടലോടെയാണ് നാട് ഓര്‍ക്കുന്നത്.
2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ 3.16നാണ് കേരളത്തെ നടുക്കിയ ദുരന്തമുണ്ടായത്. കോണ്‍ക്രീറ്റ് കമ്പപ്പുരയില്‍ ശേഖരിച്ചുവച്ചിരുന്ന വെടിക്കോപ്പുകള്‍ക്ക് തീപിടിച്ച് വന്‍ശബ്ദത്തോടെ പൊട്ടിച്ചിതറി. ഉഗ്രസ്ഫോടനത്തിന്റെ തീവ്രതയില്‍ ചിതറിവീണ ശരീരഭാഗങ്ങളും ചേതനയറ്റ ദേഹങ്ങളുമായി ക്ഷേത്രമൈതാനം ശവപ്പറമ്പായി. പരിക്കേറ്റത് 720 പേര്‍ക്കാണ്. ഇതില്‍ 151 പേരുടെ മുറിവുകള്‍ ഗുരുതരമായിരുന്നു. കൈയും കാലും ചെവിയും കാഴ്ചയും നഷ്ടപ്പെട്ടവരാണ് ഇവരില്‍ പലരും. ക്ഷേത്രപരിസരത്തെ മുന്നൂറോളം വീടുകള്‍ക്കും കേടുപാടുണ്ടായി.
തകര്‍ന്ന കമ്പപ്പുരയില്‍നിന്ന് തെറിച്ചുപോയ കോണ്‍ക്രീറ്റ് കഷ്ണങ്ങളും അതിലെ കമ്പികളുമാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 15 കിലോഗ്രാം വെടിമരുന്ന് കൈവശം വയ്ക്കാന്‍ ലൈസന്‍സുണ്ടായിരുന്നവര്‍ 5500 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ അനധികൃതമായി ശേഖരിച്ചുവച്ചതാണ് ദുരന്തത്തിലേക്ക് വഴിവച്ചത്.
കേസിലെ 59 പ്രതികളില്‍ ഏഴുപേര്‍ ദുരന്തത്തില്‍ മരിച്ചു. 1658 പേരാണ് പരവൂര്‍ പോലീസിന്റെ സാക്ഷിപ്പട്ടികയിലുള്ളത്. കേസന്വേഷണം അവസാനഘട്ടത്തിലാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രം ഇനിയും കോടതിയിലെത്തിയിട്ടില്ല. കേസില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ചിരുന്നു. വിചാരണയ്ക്കായി കൊല്ലത്ത് പ്രത്യേക കോടതി സ്ഥാപിക്കാനും തീരുമാനിച്ചു. അതും ഇതുവരെ നടപ്പായില്ല. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഗോപിനാഥന് അന്വേഷണ കമ്മീഷന്, റിപ്പോര്‍ട്ട് 2019 ജൂലൈയില്‍ സമര്‍പ്പിച്ചെങ്കിലും അതിന്മേല് നടപടിയുണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: