തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിലെ സമരഗേറ്റില്‍ ഇപ്പോള്‍ പ്രതിഷേധങ്ങളുടെ തീപ്പൊരിയോ മുദ്രാവാക്യങ്ങളോ ഇല്ല. ഹെല്‍മറ്റ് ഷീല്‍ഡും അണിഞ്ഞ് സമരക്കാരെ നേരിടാന്‍ തയാറായി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും ഇപ്പോള്‍ കാണാനില്ല. ലോക്ഡൗണ്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ ഒച്ചപ്പാടും ബഹളവുമില്ലാതെ ശാന്തമായി കടന്നുപോകുകയാണ് സെക്രട്ടേറിയറ്റ് പരിസരം.
ഏത് സര്‍ക്കാര്‍ ഭരിക്കുമ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ സമരവുമായി എത്തുന്ന സമരങ്ങളുടെ ഹോട്ട് സ്‌പോട്ടായിരുന്നു സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ഗേറ്റായ സമരഗേറ്റ്. നിയമസഭാ സമ്മേളനം നടക്കുമ്പോഴാണ് സമരങ്ങളുടെ എണ്ണം വര്‍ധിക്കുന്നത്. പത്തോളം സമരങ്ങളാണ് ദിവസവും സെക്രട്ടേറിയറ്റിലേക്ക് എത്തിയിരുന്നത്. ഇതില്‍ അനിശ്ചിതകാല സമരത്തിനെത്തുന്നവര്‍ വരെയുണ്ടാകും.
പോലീസും നഗരസഭയും പല പ്രാവശ്യം നോട്ടീസ് നല്‍കിയിട്ടും പിരിഞ്ഞുപോകാത്ത ഷഹീന്‍ബാഗ് സമരക്കാര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് പന്തല്‍ പൊളിച്ചുകൊണ്ടുപോയത്. എന്നാല്‍ ചില ഒറ്റയാള്‍ സമരങ്ങള്‍ ഇപ്പോഴും തുടരുകയാണ്.
നിത്യവും സമരങ്ങള്‍ കാണുകയും ഇടിമുഴക്കമുള്ള മുദ്രാവാക്യങ്ങള്‍ കേട്ടിരുന്ന തലസ്ഥാനവാസികള്‍ക്കും ഇപ്പോള്‍ ഇതും ഒരു പുതിയ അനുഭവവും കാഴ്ചയുമാണ്. പ്രതിഷേധമിരമ്പി വരുന്ന സമരക്കാരോ തുരത്താന്‍ വെള്ളം നിറച്ചുനില്‍ക്കുന്ന ജലപീരങ്കി വാഹനമായ വരുണും, കണ്ണീര്‍വാതക ഷെല്ലുകളും പോലീസ് ഉദ്യോഗസ്ഥരും സമരഗേറ്റിന് മുന്നിലില്ല. ബാരിക്കേഡുകൊണ്ട് ഗേറ്റ് മറച്ചിട്ടുമില്ല.
പലപ്പോഴും സമരങ്ങള്‍ കാരണം എംജി റോഡ് വഴിയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചിട്ടുമുണ്ട്. ലോക്ഡൗണ്‍ കഴിയുന്നതോടെ സമരങ്ങളുടെ ഒഴുക്കായിരിക്കുമോ ഈ സമരകവാടത്തിലേക്ക് എന്നാണ് കാത്തിരുന്നു കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: