കോഴിക്കോട്: അമിതവില ഈടാക്കുന്നത് തടയുന്നതിനായി പച്ചക്കറി വില്പന ശാലകള്‍, പലവ്യഞ്ജന കടകള്‍, ഫ്രൂട്ട് സ്റ്റാളുകള്‍, ഫിഷ് മാര്‍ക്കറ്റുകള്‍, ചിക്കന്‍ സ്റ്റാളുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. കോഴിക്കോട് താലൂക്കിലെ ചേന്ദമംഗലൂര്‍, മുക്കം, ആനയാംകുന്ന്, കാരമൂല, മുരിങ്ങംപുറായി തുടങ്ങിയ പ്രദേശങ്ങളിലാണ് കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും പരിശോധന നടത്തിയത്. വില്പനവില പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികള്‍ക്കും അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കും നോട്ടീസ് നല്‍കി. അവശ്യ സാധനങ്ങള്‍ക്ക് ഏകീകൃത വില ഈടാക്കുന്നതിന് നടപടികള്‍ എടുത്തു. താരതമ്യേന കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറയ്‌ക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും പുതുക്കിയ വില വിവര പട്ടിക രേഖപ്പെടുത്തുകയും ചെയ്തു.
ചില്ലറ വ്യാപാരികളില്‍ നിന്നും അമിത വില ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മുക്കത്തു പ്രവര്‍ത്തിക്കുന്ന പച്ചക്കറി മൊത്തവ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തുകയും കടയുടമക്കെതിരെ നടപടി എടുക്കുകയും ചെയ്തു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ എന്‍.കെ. ശ്രീജ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ സി. സദാശിവന്‍, കെ. ബാലകൃഷ്ണന്‍, ജീവനക്കാരനായ പി.കെ. മൊയ്തീന്‍ കോയ എന്നിവര്‍ പങ്കെടുത്തു. കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും തടയുന്നതിന് കര്‍ശന പരിശോധനകള്‍ തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വടകരതാലൂക്ക് സപ്ലൈ ഓഫീസില്‍ രൂപീകരിച്ച സ്‌ക്വാഡ് വടകരയിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളായ ഗ്രിഫി, ഗ്യാലക്‌സി, ഡേമാര്‍ട്ട് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ജില്ലാ കളക്ടര്‍ നിശ്ചയിച്ച നിരക്കിലും കൂടുതല്‍ വില ഈടാക്കി വില്പന നടത്തുന്നതായി പരാതികള്‍ ലഭിച്ചിരുന്നു. കളക്ടര്‍ നിശ്ചയിച്ച വിലയില്‍മാത്രം വില്പന നടത്തിയാല്‍ മതിയെന്ന് കര്‍ശന നിര്‍ദേശം നല്‍കി. അല്ലാത്തപക്ഷം സൂപ്പര്‍മാര്‍ക്കറ്റുകളുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ ജീവനക്കാരായ കെ.ടി. സജീഷ്, കെ.പി. കുഞ്ഞികൃഷ്ണന്‍, ടി.വി. നിജിന്‍, ഒ.കെ. പ്രജിത്, കെ.പി. ശ്രീജിത്ത്എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: