തൃശൂര്‍: കൊറോണ വൈറസ് സമൂഹവ്യാപനമുണ്ടാവുകയാണെങ്കില് രോഗികളെ ചികിത്സിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ആശുപത്രി കൊറോണ ആശുപത്രിയായി പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാരിന്റെ ധാരണ. ഇതനുസരിച്ചുളള മുന്നൊരുക്കങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുടങ്ങി കഴിഞ്ഞു. പ്രഖ്യാപനമുണ്ടായാല്‍ കൊറോണ, നോണ്‍ കൊറോണ, എന്നിങ്ങനെ തരംതിരിച്ചാവും ആശുപത്രിയുടെ പ്രവര്‍ത്തനം.
കൊറോണ രോഗികള്‍ക്കായി പ്രത്യേക ഒ.പി, ഐ.പി സംവിധാനം, ഐസിയു, വാര്‍ഡുകള്‍ എന്നിവ ഏര്‍പ്പെടുത്തി. ഐസോലേഷന് വേണ്ടി ആദ്യഘട്ടത്തില്‍ 458 ബെഡുകള്‍, 35 താല്‍ക്കാലിക ക്യൂബിക്കിളുകള്‍ എന്നിവയാണൊരുക്കിയത്. രോഗികള്‍ക്കും, ഡോക്ടര്‍മാര്‍ക്കും പ്രത്യേക സഞ്ചാരപഥം, ജീവനക്കാര്‍ക്ക് പ്രത്യേക മുറികള്‍, ഓപ്പറേഷന് തീയേറ്റര്‍, ലേബര്‍ റൂം എന്നിങ്ങിനെ സമഗ്രമായ രീതിയിലാണ് ചികിത്സാ ക്രമീകരണം ആസൂത്രണം ചെയ്തിരിക്കുന്നത്. ഗവ. ചീഫ് വിപ് അഡ്വ. കെ രാജന്, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം ആശുപത്രിയിലെത്തി ഒരുക്കങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്തി. മികച്ച രീതിയിലാണ് ആശുപത്രിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുളളതെന്ന് ഗവ. ചീഫ് വിപ് അഡ്വ. കെ രാജന് പറഞ്ഞു.
സാമൂഹിക അകലം പാലിച്ച് കൊണ്ടുളള ചികിത്സാരീതിയ്ക്കുതകും വിധമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൗകര്യങ്ങളെന്ന് ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. ചാലക്കുടി ആശുപത്രിയില്‍ 30 ക്യൂബിക്കിളുകള്‍ നല്‍കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. സമൂഹവ്യാപനമുണ്ടായാല്‍ ആളുകളെ ഐസോലേറ്റ് ചെയ്യാന്‍ 4000 ത്തിലേറെ മുറികള്‍ ഹോട്ടലുകളിലും മറ്റുമായി കണ്ടെത്തിയിട്ടുണെന്നു അദ്ദേഹം പറഞ്ഞു. തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം എ ആഡ്രൂസ്, ആശുപത്രി സൂപ്രണ്ട് ഡോ. ആര് ബിജുകൃഷ്ണന്, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. നിഷ എം ദാസ്, ഡോ. പി വി സന്തോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: