കോഴിക്കോട്: തബ്ലീഗ് വിശ്വാസിയായ മരുമകന്‍ മൂലം സ്വന്തം കുടുംബം തകര്‍ന്ന കഥ വെളിപ്പെടുത്തി മുസ്ലീം വയോധികന്‍. കോഴിക്കോട് സ്വദേശിയായ അബ്ദുള്‍അലിയാണ് തന്റെ കുടുംബത്തില്‍ നടന്ന ദുരന്തം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറം ലോകത്തെ അറിയിച്ചത്. ‘തബ്ലീഗ്കാരന്റെ ജീവതം…. അഥവാ എന്റെ സ്വന്തം കുടുബത്തില്‍ സംഭവിച്ചത്’ എന്ന പേരില്‍ എഴുതിയ കുറിപ്പില്‍ മതാന്ധത ഒരു മനുഷ്യന്റെ ജീവിതത്തെ എത്ര ദോഷകരമായി ബാധിക്കുമെന്ന് അദേഹം വരച്ചു കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘തബ്ലീഗ്കാരന്റെ ജീവിതം അഥവാ എന്റെ സ്വന്തം കുടുബത്തില്‍ സംഭവിച്ചത്’
ഞാനൊരു റിട്ടേര്‍ഡ് അധ്യപകനാണ്. എനിക്ക് മൂന്ന് പെണ്‍മക്കള്‍ …. ഒരു മകളെ വിവാഹം കഴിച്ചത് ഒരു എഞ്ചിനിയറിങ്ങ് കോളേജ് അധ്യാപകന്‍ ആയിരുന്നു. മതപരമായ കാര്യങ്ങളില്‍ അത്ര തല്‍പരനല്ലാത്ത സ്വന്തം ജോലിയെടുത്ത് കുടുംബം പോറ്റിയിരുന്ന ആള്‍. കണ്ണൂര്‍, തൃശൂര്‍, പാലക്കാട് ഗവര്‍ണ്‍മെന്റ് എന്‍ജീനീയറിംഗ് കോളേജുകളില്‍ പഠിപ്പിച്ചിട്ടുണ്ട്. വളരെ സെക്കുലര്‍ ആയ രീതിയില്‍ ജീവിച്ച ഇദ്ദേഹത്തിന്റെ ജീവിതം തകരാറിലാക്കിയത് തബ്ലീഗ് ജമാഅത്ത് ആയിരുന്നു. ഇവിടുത്തെ കോളേജില്‍ നിന്ന് ലീവ് എടുത്ത് ഗള്‍ഫില്‍ എത്തിയതിനു ശേഷം അദ്ദേഹം തബ്ലീഗിന്റെ വലയില്‍ കുടുങ്ങി: തബ്ലീഗ് കാര്‍ അവരുടെ ആശയപ്രചരണത്തിന് സാധാരണയായി തിരഞ്ഞ് പിടിക്കാറുള്ളത് ഡോക്ടര്‍, എഞ്ചിനിയര്‍, അധ്യാപകര്‍ തുടങ്ങിയവരെ ആണല്ലോ?. പൊതുവെ സാധുവായ എന്റെ മരുമകനും അതു തന്നെ സംഭവിച്ചു. തബ്ലിഗിന്റെ അന്ധവിശ്വാസ വലയില്‍ കുടുങ്ങി.
നിരന്തര ബ്രെയിന്‍ വാഷിങ്ങിലൂടെ ഇദ്ദേഹം ഒരു തികഞ്ഞ യാഥാസ്തികനായി പരിണമിച്ചു. ഗള്‍ഫില്‍ എത്തിയ ഇദ്ദേഹം തബ്ലീഗ് ജീവിത രീതി പിന്തുടര്‍ന്നതിനാല്‍ കുടുംബാസൂത്രണ മാര്‍ഗങ്ങളെ അനിസ്ലാമിക ചെയ്തിയായി കണ്ടു. ഒന്നിനു പിറകെ ഒന്നായി എന്റെ മകള്‍ക്ക് എട്ടു കുട്ടികള്‍ പിറന്നു. അവിടം കൊണ്ടൊന്നും തീര്‍ന്നില്ല. പെണ്‍കുട്ടികളെ ഭൗതിക വിദ്യാഭ്യാസത്തിനയക്കുന്നത് അനിസ്ലാമികമായി കണ്ടു എന്റെ മരുമകന്‍.
മൂത്ത പെണ്‍കുട്ടിയെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വീട്ടില്‍ തന്നെ തളച്ചിട്ടു. വിദ്യാഭ്യാസത്തിനു ആഗ്രഹിച്ചിരുന്നതിനാലും പഠിക്കാന്‍ നല്ല മിടുക്കി ആയതിനാലും മൂത്ത പെണ്‍കുട്ടിയെ എന്റെ നിര്‍ബന്ധപൂര്‍വമായ സമ്മര്‍ദത്താലും കുട്ടിക്ക് പഠിക്കാനുള്ള ആഗ്രഹത്താലും ഗള്‍ഫില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്നു.സര്‍ക്കാരിന്റെ പ്രത്യേക അനുമതി വാങ്ങി മിടുക്കിയായ എന്റെ പേരക്കുട്ടിയെ കോഴികോട് നടക്കാവ് ഗേള്‍സില്‍ ചേര്‍ത്തു പഠിപ്പിച്ചു. ഇതിനിടയില്‍ കുട്ടിയുടെ പഠനം നിറുത്തുവാന്‍ ആവുന്നത്ര ശ്രമിച്ചു കൊണ്ടിരുന്നു കുട്ടിയുടെ തബ്ലീഗ് കാരനായ , എഞ്ചിനീയറായ സ്വന്തം പിതാവ്.
ഒന്‍പത് മുതല്‍ പ്ലസ് ടു, ഡിഗ്രി തുടങ്ങി അദ്ദേഹം മരിക്കുന്നതു വരെ പഠനം മുടക്കുവാനുള്ള നിരന്തരമായ പല ശ്രമങ്ങളും നടന്നു. എന്തായാലും ആ കുട്ടിയുടെ പരിശ്രമത്താലും എന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടും ഇപ്പോള്‍ ചെറുമകള്‍ പിഎച്ച്ഡിയ്‌ക്ക് തയ്യാറെടുക്കുന്നു. ഇതിനിടയില്‍ നാലാം ക്ലാസ്സിലും അഞ്ചാം ക്ലാസ്സിലും പഠിച്ചിരുന്ന തന്റെ മൂന്നാമത്തെയും നാലാമത്തെയും കുട്ടികളെ പൊതു വിദ്യാഭ്യാസത്തില്‍ നിന്നു മാറ്റി മലപ്പുറം ജില്ലയിലെ മാടത്തുംപൊയിലെ മതവിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് മാറ്റി. മരുമകന്റെ മരണശേഷം ഈ കുട്ടികളെ ഞാന്‍ വീട്ടിലേക്കു കൊണ്ടുവന്നു. എന്നാല്‍, ഒരു തബലീഗ് വസ്ത്രധാരകന്‍ ഈ കുട്ടികളെ എന്റെ വീട്ടില്‍ നിന്ന് കൗശലപൂര്‍വ്വം തട്ടികൊണ്ടു പോകാനുള്ള ശ്രമത്തെ ഞാന്‍ നേരിട്ട് കാര്‍ തടഞ്ഞാണ് പരാജയപ്പെടുത്തിയത്.
തബ്ലീഗിന്റെ ആശയത്തില്‍ മുങ്ങിപ്പോയ ഇദ്ദേഹം തികച്ചും നബിയുടെ ജീവിത വഴിയില്‍ തന്നെ ജീവിക്കുവാന്‍ വെമ്പല്‍ കൊണ്ടു . രോഗം വന്നാല്‍ ചികില്‍സകള്‍ക്ക് മോഡേണ്‍ മെഡിസിനെ സമീപിക്കുന്നത് ഇദ്ദേഹം അനിസ്ലാമികമായി കണ്ടു. പലപ്പോഴും കരിഞ്ചീരകവും തേനും ആയിരുന്നു മരുന്ന്. നബി പഠിപ്പിച്ചതും കരിഞ്ചീരകം, മരണം ഒഴികെയുള്ള എല്ലാത്തിനുമുള്ള ദിവ്യ ഔഷധം ആണെന്നാണല്ലോ. സ്വന്തം ജീവിതത്തില്‍ മോഡേണ്‍ മെഡിസിനോട് ഇദ്ദേഹം സ്വീകരിച്ച അറുപിന്തിരിപ്പന്‍ നിലപാട് അദ്ദേഹത്തിനു തന്നെ വിനയായി ഭവിച്ചു. ഇതിനിടയില്‍ ഇവിടെ ജോലിയില്‍ ലീവ് അവസാനിച്ചതിനാല്‍ അദ്ദേഹം കുടുംബവുമായി കേരളത്തിലേക്ക് തിരികെ വന്ന് ഇവിടെ തിരികെ ജോലിയില്‍ പ്രവേശിച്ചു.
ജോലിയില്‍ ഇരിക്കെ ക്യാന്‍സര്‍ ബാധിച്ച ഇദ്ദേഹം അന്ധവിശ്വാസം കാരണം കുറേ കാലം വൈകിയാണ് ചികില്‍സ ആരംഭിച്ചത്. രോഗം തരുന്നത് അല്ലാഹു ആണെന്നും അതുകൊണ്ട് പ്രാര്‍ഥന കൊണ്ട് രോഗം സൗഖ്യമാവുമെന്നും ആല്‍മാര്‍ഥമായി വിശ്വസിച്ച ഇദ്ദേഹം രോഗം അമിതമായി മൂര്‍ഛിച്ചപ്പോള്‍ ആദിവാസികളുടെ പച്ച മരുന്ന് ചികില്‍സയെയാണ് ആശ്രയിച്ചത്. അവസാന കാലത്ത് മാത്രമാണ് കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ഓങ്കോളജി വിഭാഗത്തില്‍ കാണിച്ചത്.2014 ജൂലൈ മാസത്തില്‍ അദ്ദേഹം ലോകത്തോട് വിടപിറഞ്ഞു പോയി ….. (ഇപ്പോള്‍ ആശ്വാസമായി ഇദ്ദേഹത്തിന്റെ ഭാര്യക്ക് അഥവാ എന്റെ മകള്‍ക്ക് കുടുംബ പെന്‍ഷനും ആശ്രിത ജോലിയും ലഭിച്ചിട്ടുണ്ട് ). എട്ടു കുട്ടികളും ഭാര്യയും അനാഥമായി. അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിരുന്ന എന്റെ മകള്‍ക്ക് പ്രസവത്തിന് തന്നെ സമയം തികയാത്തതിനാലും സ്ത്രീകള്‍ ജോലി ചെയ്യുന്നത് മത വിശ്വാസത്തിന് എതിരായതിനാലാണെന്ന് വിശ്വസിച്ചതിനാലും ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം അന്ന് നിഷേധിക്കപ്പെട്ടു.
ഞാന്‍ ഈ അനുഭവങ്ങള്‍ ഇത്ര വിശദമായി എഴുതാന്‍ കാരണം ഒരാള്‍ക്ക് എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും അയാളുടെ മതാന്ധത ഒരു മനുഷ്യന്റെ ജീവിതത്തെ എത്ര ദോഷകരമായി ബാധിക്കും എന്ന് കാണിക്കാനാണ്. വിശ്വസിക്കുന്ന ആ വ്യക്തിക്ക് മാത്രമല്ല അവര്‍ക്ക് ചുറ്റും ജീവിക്കുന്നവര്‍ക്കും ഈ മത വൈറസ് പ്രശ്‌നക്കാരനാകും എന്നതാണ് ഇത്തരം ജീവിതങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. ഇതു പോലുള്ള ഓരോ മതാന്ധതാ ജീവിതങ്ങള്‍ ആണ് ഡല്‍ഹിയിലെ മര്‍കസ് സമ്മേളനത്തില്‍ തടിച്ചു കൂടിയത്. പരലോകത്തെ ജീവിതത്തെ മാത്രം സ്വപനം കണ്ടു നടക്കുന്ന ഇവരോട് കൊറോണ വൈറസിന്റെ വ്യാപനത്തെയും ഭവിഷ്യത്തിനെയും കുറിച്ച് പറഞ്ഞാല്‍ മത വൈറസ് തലക്കുപിടിച്ച് മരവിച്ചു പോയ ഇവര്‍ക്ക് എങ്ങനെ മനസിലാവാന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: