വിയന്ന: ലിവര്‍പൂളിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിക്കണമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടര്‍ സെഫറിന്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശേഷിക്കുന്ന പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ റദ്ദാക്കിയാലും ലിവര്‍പൂളിന് കിരീടം നല്‍കണമെന്ന് സെഫറിന് പറഞ്ഞു.
ജൂര്‍ഗന്‍ ക്ലോപ്പ് മുഖ്യ പരിശീലകനായ ലിവര്‍പൂര്‍ മുപ്പത് വര്‍ഷത്തിനുശേഷം ഇതാദ്യമായി പ്രീമിയര്‍ ലീഗ് കിരീടത്തിന് തൊട്ടരികില്‍ എത്തിയിരിക്കുകയാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ലീഗ് മത്സരങ്ങള്‍ നിര്ത്തിവയ്ക്കുമ്പോള് ലിവര്‍പൂള്‍ രണ്ടാം സ്ഥാനത്തുളള മാഞ്ചസ്റ്റര്‍ സിറ്റിയെക്കാള്‍ ഇരുപത്തിയഞ്ച് പോയിന്റിന് മുന്നിലാണ്. മത്സരങ്ങള്‍ പുനരാരംഭിച്ചാല്‍ ലിവര്‍പൂളിന് കിരീടം ഉറപ്പാകും. മത്സരങ്ങള്‍ റദ്ദാക്കിയാലും അവരെ വിജയികളായി പ്രഖ്യാപിക്കണമെന്ന് സെഫറിന് പറഞ്ഞു.
യൂറോപ്പിലെ എല്ലാ മേജര്‍ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ വേനല്‍ക്കാലത്ത് മത്സരങ്ങള്‍ പുനരാരംഭിക്കമെന്ന് സെഫറിന് പ്രത്യാശ പ്രകടിപ്പിച്ചു. ഇപ്പോഴൊന്നും വാഗ്ദാനം ചെയ്യാനാകില്ല. സ്ഥിതിഗതികള്‍ അനുകൂലമായാല്‍ മത്സരങ്ങള്‍ പുനരാരംഭിക്കാനാകുമെന്ന് സെഫറിന് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: