തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഓണ്‍ലൈനായി വഴിപാട് നല്‍കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നു. കോവിഡ് ഭീതിയില്‍ ക്ഷേത്രങ്ങളില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെയാണ് വഴിപാടുകള്‍ ഓണ്‍ലൈന്‍ വഴി നല്‍കാനുള്ള സംവിധാനം ഒരുക്കുന്നതിനെ കുറിച്ച് ആലോചിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വഴിപാടുകള്‍ ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാന്‍ സംവിധാനമുണ്ടാക്കും. ഇതിന് ബാങ്കുകളുമായി ധാരണയുണ്ടാക്കും. ചൊവ്വാഴ്ച ചേര്‍ന്ന ബോര്‍ഡിന്റെ യോഗത്തിലാണ് തീരുമാനമായത്. കൊറോണയെത്തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിപ്പോള്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയില്‍ വിഷുവിന് മുമ്പുതന്നെ ഓണ്‍ലൈന്‍ വഴിപാടിന് ക്രമീകരണമാകുമെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.
ശബരിമലയ്ക്കുശേഷം മറ്റ് പ്രധാന ക്ഷേത്രങ്ങളിലും ഇത് നടപ്പാക്കും. ഗണപതിഹോമം, നീരാഞ്ജനം, ഭഗവതിസേവ, അര്‍ച്ചന തുടങ്ങിയവയാണ് ഓണ്‍ലൈന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക. ഭക്തരുടെ സാന്നിധ്യം ആവശ്യമായതിനാല്‍ ശബരിമലയില്‍ പടിപൂജപോലുള്ള സുപ്രധാന വഴിപാടുകള്‍ ഓണ്‍ലൈനില്‍ നടത്തില്ല.
ക്ഷേത്രങ്ങളിലെ നിയന്ത്രണം ഏപ്രില്‍ 14-നുശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുന്നതുപോലെ നടപ്പാക്കും. എന്നാല്‍ നിയന്ത്രണത്തില്‍ സര്‍ക്കാര്‍ ഇളവുവരുത്തിയാല്‍പ്പോലും ശബരിമലയില്‍ തീര്‍ത്ഥാടകരെ തത്കാലം പ്രവേശിപ്പിക്കില്ലെന്നാണ് ബോര്‍ഡ് തീരുമാനിച്ചിട്ടുള്ളത്. അതേസമയം സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപ നല്‍കാനും ബോര്‍ഡ് നിശ്ചയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: