വടക്കാഞ്ചേരി: പട്ടിക്കുഞ്ഞിനും അമ്മപ്പട്ടിക്കും കരുണയുടെ കാവല്‍. ലോക് ഡൗണ്‍ ദിനങ്ങളില്‍ കരുണ നിറഞ്ഞ പ്രവര്‍ത്തനവുമായി സിവില്‍ സപ്ലൈസ് വകുപ്പ് ജീവനക്കാര്‍.
കൊവിഡ് – 19 പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിജനമായ തെരുവില്‍ ഭക്ഷണം കിട്ടാതെ വലഞ്ഞ തെരുവ് നായയ്ക്കും കുഞ്ഞിനും തലപ്പിള്ളി താലൂക്ക് സിവില്‍ സപ്ലൈസ് വകുപ്പ് ഓഫിസിലെ ജീവനക്കാരാണ് സാന്ത്വന പരിചരണമേകിയത്.
ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്ന കെട്ടിടത്തിനരികില്‍ ഭക്ഷണം ലഭിക്കാതെ തളര്‍ന്നു കിടന്ന അമ്മ പട്ടിയുടെ സമീപം വിശന്നു കരയുന്ന നായ്കുട്ടിയുടെ കരച്ചില് കേട്ടതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ അന്വേഷിച്ച് ചെല്ലുന്നത്. അവശയായി കിടക്കുകയായിരുന്നു പട്ടിയും കുഞ്ഞും.
സപ്ലൈ ഓഫീസിലെ ജീവനക്കാരി മഞ്ജുള വീട്ടില്‍ നിന്നും തനിക്കായി കൊണ്ടു വന്ന ഉച്ചഭക്ഷണം അമ്മപ്പട്ടിക്കും കുട്ടിയ്ക്കുമായി നല്കി. മറ്റു ജീവനക്കാരും സ്നേഹ സാന്ത്വനവുമായി അടുത്തെത്തി. കുരുന്നു നായ്കുട്ടിക്ക് ഭഷണം കഴിക്കാന്‍ കഴിയാതിരുന്നതിനാല്‍ പാല് വാങ്ങി നല്‍കുകയും ചെയ്തു . തങ്ങള്‍ക്ക് ദാഹവും ക്ഷീണവുമകറ്റാന്‍ ഭക്ഷണവും മറ്റും നല്കിയ മനുഷ്യരോടൊപ്പം ഇണക്കത്തോടെ നന്ദി പ്രകടിപ്പിച്ച് പട്ടിയും കുഞ്ഞും ഏറെ നേരം അവരുടെ അടുത്തുകൂടുകയും ചെയ്തു.
ഓമനത്തം തുളുമ്പുന്ന നായ്ക്കുഞ്ഞിനെ മഞ്ജുള ഉള്‍പ്പടെയുള്ളവര്‍ കൈകളിലെടുത്തപ്പോഴും അമ്മപ്പട്ടി ഒരു ദേഷ്യവും പ്രകടിപ്പിച്ചില്ല. അസി : സപ്ലൈ ഓഫിസര്‍ ടി.ഷീജ, ഓഫിസ് അറ്റന്‍ഡന്റ് പി.ആര് റിജിത തുടങ്ങിയവരടങ്ങുന്ന സംഘമാണ് പട്ടിയുടെയും കുഞ്ഞിന്റെയും പരിപാലനമേറ്റെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: