കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസര്‍കോട് ജില്ല രൂപംകൊണ്ടത് 1984 മെയ് 24നാണ്. ഈ 36 വര്‍ഷത്തിനിടയില്‍ എന്ത് മാറ്റമാണിവിടെ ഉണ്ടായതെന്ന് അറിയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകും. കേരളത്തില്‍ 44 നദികളുള്ളതില്‍ 13 നദികള്‍ ഈ ജില്ലയിലാണ്. 1992 ചതുരശ്ര കിലോമീറ്റര്‍ വലിപ്പമുള്ള ഈ ജില്ലയില്‍ 15 ലക്ഷത്തോളമാണ് ജനസംഖ്യ. ഇത്രയും ജനങ്ങള്‍ക്ക് ആവശ്യമുള്ള കുടിവെള്ള പദ്ധതികള്‍ ഇല്ലെന്ന് തന്നെ പറയാം. പല പഞ്ചായത്തുകളിലേയും ഗ്രാമങ്ങളിലെയും ജനങ്ങള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് പുഴകളേയും കിണറുകളെയുമാണ്. വേനല്‍ക്കാലമായാല്‍ കിണറുകള്‍ വറ്റിവരണ്ട് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കും. ഏറെ ദൂരം തലച്ചുമടായി വെള്ളം കൊണ്ടുവന്നുവേണം കഴിയാന്‍. ഈ ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് ജയിച്ച് മന്ത്രിയായ സുബ്ബറാവുവിന്റെ വകുപ്പ് ജലസേചനമായിരുന്നു. എന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ല. ജനുവരിക്ക് ശേഷം കാസര്‍കോട് ജില്ല കൂടി വെള്ളത്തിനായി കേഴുകയാണ്. 2000ല്‍ കുടിവെള്ള പദ്ധതിക്ക് വാജ്പേയി സര്‍ക്കാര്‍ വന്‍തുക വാഗ്ദാനം നല്‍കിയതാണ്. അത് പ്രയോജനപ്പെടുത്തിയില്ല.
ആറു പതിറ്റാണ്ട് പിന്നിട്ടു സംസ്ഥാനം രൂപംകൊണ്ടിട്ട്. ഒരുപാട് സ്ഥാപനങ്ങളും സംവിധാനങ്ങളും കേരളത്തില്‍ ഉയര്‍ന്നു എന്ന് അവകാശപ്പെടാറുണ്ട്. എന്നാല്‍ കാസര്‍കോട് ജില്ലയുടെ കാര്യം ശ്രദ്ധിച്ചാല്‍ ആരും പറയും കഷ്ടം ഇവിടെ ഒന്നുമില്ലെന്ന്. കേന്ദ്രസര്‍ക്കാരിന്റെ തോട്ടവിള ഗവേഷണകേന്ദ്രം, കേന്ദ്രസര്‍വ്വകലാശാല എന്നിവയൊഴിച്ചാല്‍ ഏതാനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണവിടെയുള്ളത്. എച്ച്എംടിയുടെ ഒരു വാച്ച് ഫാക്ടറി കാല്‍നൂറ്റാണ്ട് മുമ്പ് കാസര്‍കോട് തുടങ്ങിയിരുന്നു. അത് അടച്ചുപൂട്ടിക്കാന്‍ കാലമേറെയൊന്നും വേണ്ടിവന്നില്ല. അതിനുശേഷം ഒന്നും സംഭവിച്ചില്ല.
കേരളം ആരോഗ്യരംഗത്ത് മാതൃകയെന്ന് ഏത് ഭരണം വന്നാലും അവകാശപ്പെടാറുണ്ട്. എന്നാല്‍ എടുത്തുപറയത്തക്ക ഒരു ആരോഗ്യപദ്ധതിയും മികവുറ്റ ആശുപത്രിയും കാസര്‍കോട് ജില്ലയിലുണ്ടായിരുന്നില്ല. വിദഗ്ധ ചികിത്സയ്ക്ക് മംഗലാപുരത്തെ ആശ്രയിക്കണം. കൊറോണ ബാധിച്ചപ്പോഴാണ് കാസര്‍കോട് വിദഗ്ധ ചികിത്സാ സംവിധാനമില്ലാത്തതിന്റെ പ്രശ്നം എത്ര ഗുരുതരമാണെനന് ബോധ്യപ്പെട്ടത്. തുടര്‍ ചികിത്സയ്ക്ക് മംഗലാപുരത്ത് പോകുന്നത് തടയപ്പെട്ടതോടെ അത് കേരള-കര്‍ണാടക തര്‍ക്കാമായി വളര്‍ന്നു. കൊറോണയുടെ ഭീതിയായിരുന്നു കര്‍ണാടകത്തിന്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള കാസര്‍കോടുനിന്ന് രോഗികള്‍ മംഗലാപുരത്തെത്തിയാല്‍ വന്‍ ഭവിഷത്തുണ്ടാകുമെന്നായിരുന്നു അവരുടെ ഭീതി. പ്രശ്നം സുപ്രീംകോടതി വരെ എത്തി. അത് ഏതായാലും ഇപ്പോള്‍ പരിഹരിക്കപ്പെട്ടു.
തുടര്‍ ചികിത്സയ്ക്ക് മംഗലാപുരം ആശുപത്രിയില്‍ പോകുന്നതിന് കര്‍ണാടകം അനുമതി നല്കി. തലപ്പാടിയില്‍ കര്‍ണാടകത്തിന്റെ മെഡിക്കല്‍ സംഘം കൊറോണ രോഗിയല്ലെന്ന് ഉറപ്പുവരുത്തിയശേഷമാകും കടത്തിവിടുക. അതിനിടയിലാണ് ഏഴുവര്‍ഷം മുമ്പ് തറക്കല്ലിട്ട് കാസര്‍കോട് മെഡിക്കല്‍ കോളേജിനായി നിര്‍മ്മിച്ച കെട്ടിടത്തില്‍ ആശുപത്രി തുടങ്ങാനുള്ള തീരുമാനം. കൊറോണ രോഗബാധിതരായവര്‍ക്കായി 250 കിടക്കയുള്ള സംവിധാനം യുദ്ധകാലാടിസ്ഥാനത്തിലാണ് കേരളം ഒരുക്കിയത്. തിരുവനന്തപുരത്ത് നിന്ന് 11 ഡോക്ടര്‍മാരടക്കം 26 അംഗ മെഡിക്കല്‍ സംഘത്തെ കാസര്‍കോടെത്തിക്കുകയായിരുന്നു. നാലുദിവസംകൊണ്ടാണ് സജ്ജീകരണങ്ങളെല്ലാം ഒരുക്കിയത്. ഏഴുകോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചു. 10 കോടി രൂപ വൈദ്യുതി ബോര്‍ഡ് നല്കുന്നു. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. താല്ക്കാലികമായുണ്ടാക്കിയ ഈ സംവിധാനം സ്ഥിരമാക്കുകയും എല്ലാവിധ രോഗങ്ങള്‍ക്കുള്ള ചികിത്സാ സംവിധാനം ഒരുക്കുകയും ചെയ്താല്‍ കാസര്‍കോടിന് വലിയ അനുഗ്രഹമാകും.
എന്തുകൊണ്ടാണ് കാസര്‍കോടിന് ഇല്ലായ്മയുടെ പരിഭവം പറയേണ്ടിവന്നത്? ഉത്തരം ലളിതം. കാസര്‍കോടും മഞ്ചേശ്വരവും ലീഗിന് സ്വാധീനമുള്ള മണ്ഡലങ്ങള്‍. അവര്‍മാത്രം ജയിക്കുന്ന മണ്ഡലം. ഒരിക്കല്‍ മഞ്ചേശ്വരത്ത് സിപിഎം ജയിച്ചത് ചക്കവീണ് മുയലിനെ കിട്ടിയപോലെയാണ്. അതുകൊണ്ടുതന്നെ മണ്ഡല വികസനത്തിന് എന്തെങ്കിലും ചെയ്യണമെന്ന നിര്‍ബന്ധം ഉണ്ടായില്ല. ലീഗുകാരന് ചെര്‍ക്കളം അബ്ദുള്ള കാല് നൂറ്റാണ്ട് മഞ്ചേശ്വരത്തിന്റെ എംഎല്‍എയായി. ഒരിക്കല്‍ മന്ത്രിയുമായി. മണ്ഡലത്തിന്റെ വികസനത്തിന് പകരം പോക്കറ്റ് വീര്‍പ്പിക്കുന്നതിനായിരുന്നു ലീഗുകാരുടെ ശ്രദ്ധ. സിപിഎമ്മിനാണെങ്കില്‍ വടക്കേ അറ്റം ബാലികേറാമലയായതിനാല്‍ തിരിഞ്ഞു നോക്കാനും തോന്നിയതുമില്ല. കൊറോണ എല്ലാവരുടെയും കണ്ണുതുറപ്പിക്കുമെങ്കില്‍ വികസനം സന്തുലിതമാകേണ്ടതാണ്. കാത്തിരിക്കാം സപ്തഭാഷാ സംഗമഭൂമിയിലെ ജനങ്ങള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: