ന്യൂദല്‍ഹി: ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭാഷണം നടത്തി.കൊറോണ ഉണ്ടാക്കിയ ആരോഗ്യ-സാമ്പത്തിക വെല്ലുവിളികളെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ചനടത്തി. വൈറസ് പ്രതിരോധിക്കുന്നതിനായി തങ്ങളുടെ രാജ്യങ്ങള്‍ കൈക്കൊണ്ട നടപടികള്‍ ഇരുവരും ചര്‍ച്ച ചെയ്തു. പ്രതിസന്ധി നേരിടുന്നതിനായി രണ്ടു രാജ്യങ്ങളും കഴിയുന്ന പിന്തുണ പരസ്പരം നല്‍കുന്നതിനും ഇരുവരും തമ്മില്‍ ധാരണയായി.
ഒമാനിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സൗഖ്യവും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ഹൈതം ബിന്‍ താരിക് പ്രധാനമന്ത്രിയെ അറിയിച്ചു. ഇന്ത്യയിലുള്ള ഒമാനി പൗരന്മാര്‍ക്ക് ഇന്ത്യാ ഗവണ്‍മെന്റ് സമീപകാലത്ത് ലഭ്യമാക്കിയ പിന്തുണയ്‌ക്ക് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ചു.
അതേസമയം, ഒമാനിലെ കൊവിഡ് രോഗ ബാധിതരില്‍ 41 ശതമാനവും വിദേശികളാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് മുഹമ്മദ് അല്‍ സൈദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം 33 പേര്‍ക്കാണ് കൊറോണ പിടികൂടിയത്. ഇന്ന് 40 പേര്‍ക്ക് കൂടി രോഗം ബാധിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന വാര്‍ത്താകുറിപ്പില്‍ പറയുന്നു. ദിനം പ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായിട്ടാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതോടു കൂടി രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 371 കഴിഞ്ഞു. ഇതില്‍ 219 ഒമാന്‍ സ്വദേശികളും 152 വിദേശികളുമാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: