തോമസ് ഐസക്ക് ചാരനും ഒറ്റുകാരനും ദല്ലാളും ആണ്. മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായിരുന്ന പ്രൊഫ. എം.എന്‍ വിജയന്‍ പത്രാധിപരായ ‘പാഠം മാസിക’യിലാണ് ഇത്തരമൊരു സൂചന വന്നത്. കോടതി അത് ശരിവെച്ചു. അമേരിക്കന്‍ ചാരന്‍ റിച്ചാര്‍ഡ് ഫ്രാങ്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍ മാസിക എഴുതിയതും കോടതി ശരിവെച്ചതും തെറ്റിയില്ല എന്നാണ് തോമസ് ഐസക്കിന്റെ പിന്നീടുള്ള പ്രവര്‍ത്തിയും തെളിയിക്കുന്നത്. അതിന്റെ ഒടുവിലത്തെ അധ്യായമാണ് കൊറോണക്കാലത്തും കേന്ദ്ര സര്‍ക്കാരിനെതിരായ ഉറഞ്ഞു തുള്ളല്‍. ഉട്ടോപ്യന്‍ ആശയങ്ങള്‍ അവതരിപ്പിച്ച് കൈയടിയും അവഹേളനവും നേടുന്ന സ്വയം പ്രഖ്യാപിത ധനകാര്യ വിദഗ്ധന്‍ എന്നതിനപ്പുറം ഒന്നുമല്ല കേരളത്തിന്റെ ധനമന്ത്രി എന്ന് അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
കൊറോണയക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ”കാശേ, കാശേ, കാശു തായോ..” എന്ന് കരയുകയുകയായിരുന്നു തോമസ് ഐസക്ക്. കൊറോണ പ്രതിരോധത്തിനായി കേന്ദ്രം കാശു തരുന്ന കാര്യം ആലോചിക്കുന്നതായി അറിഞ്ഞ് കേരളത്തിന്റേതായി 20,000 കോടിയുടെ പാക്കേജ് മുന്‍കൂര്‍ പ്രഖ്യാപിച്ചു. 20,000 കോടി എന്നു പറഞ്ഞതല്ലാതെ എന്തിന്? ഏതിന്? എങ്ങനെ? എന്നൊന്നും പറയാതെ വെറും പ്രഖ്യാപനം. പീന്നീടതിനെക്കുറിച്ച് ഇതേവരെ മിണ്ടിയിട്ടുമില്ല.
കേന്ദ്രം ആദ്യം 15,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ ‘കണ്ടോ, ഞങ്ങള്‍ 20,000 കോടിയുടെ പ്രഖ്യാപിച്ചപ്പോള്‍, കേന്ദ്രം വെറും 15,000 കോടി ‘ എന്നതായിരുന്നു നിലപാട്. ആ 15,000 കോടി ആരോഗ്യമേഖലയ്‌ക്കു വേണ്ടി മാത്രമുള്ളതായിരുന്നു എന്നത് മറച്ചു വെച്ചു. പിന്നീട് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ 1.7 ലക്ഷം കോടിയുടെ ഉപജീവന പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ നേരത്തെ വേണമെന്നായിരുന്നു ഐസക്കിന്റെ ആവശ്യം. കൊറോണയെ നേരിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ ഒപ്പം നില്‍ക്കേണ്ട ധനമന്ത്രി ഒളിഞ്ഞും തെളിഞ്ഞും പാരവെക്കുന്നത് ഒറ്റു തന്നെ എന്നതില്‍ തര്‍ക്കമില്ല. ആര്‍ക്കു വേണ്ടി എന്തിനു വേണ്ടി എന്നാണറിയേണ്ടത്. പ്രൊഫ. എം.എന്‍ വിജയന്‍ പത്രാധിപരായ പാഠം മാസികയും കോടിതി വിധിയും ഓര്‍മ്മയിലെത്തുന്നതു അപ്പോളാണ്.
ഡോ. തോമസ് ഐസകിന്റെ ഗുരുവായ റിച്ചാര്‍ഡ് ഫ്രാങ്കി സാമ്രാജ്യത്വ ഏജന്റും സിഐഎ ചാരനുമാണെന്നും, ഐസക് അടക്കമുള്ള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതാക്കള്‍ ഫ്രാങ്കിയുടെ വളര്‍ത്തുമൃഗങ്ങളാണെന്നും ‘പാഠം മാസിക’എഴുതി. ഫ്രാങ്കിയുടെ ചാരശൃംഖലയിലെ സുപ്രധാന കണ്ണികളാണ് ഐസക്കും ശാസ്ത്ര സാഹിത്യ പരിഷത്തും തുടങ്ങിയ വിമര്‍ശനങ്ങളും പാഠം ഉന്നയിച്ചു. മാര്‍ക്‌സിസത്തിനു പകരം നാലാംലോക രാഷ്‌ട്രീയം പകരം വെക്കാന്‍ ഐസക് ശ്രമിച്ചുവെന്നും, സാമ്രാജിത്വ ശക്തികളുടെ പ്രതിനിധിയായ ഫ്രാങ്കിയെ ‘മാനായി വന്ന മാരീചനെന്നും’ വി എസ് അച്യുതാന്ദന്‍തന്നെ വിമര്‍ശിച്ചിരുന്നു; ഈ മാരീചനെ കേരളത്തിലേക്ക് ഒളിച്ചുകടത്താ ൻനേതൃത്വം നല്‍കിയത് ഡോ. തോമസ് ഐസക്ക് ആണെന്നും ‘പാഠം മാസിക’ വിമര്‍ശിച്ചു.
പാഠം മാസികയ്‌ക്കെതിരെ ഒരുകോടിരൂപ നഷ്ടപരിഹാരം ചോദിച്ച് മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ഐസക് പറഞ്ഞെങ്കിലും കേസിന് പോയത് ശാസ്ത്ര സാഹിത്യ പരിഷത്തായിരുന്നു. എംഎന്‍ വിജയന്‍ കുറ്റക്കാരനല്ലന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് വിധിച്ചു. കോടതി പറഞ്ഞത് ഇപ്രകാരമാണ്. സ്വാഭാവികമായും വിദേശഫണ്ട് ഉപയോഗിച്ച് സര്‍ക്കാരേതര സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയാണ്. അതു ബോധ്യപ്പെടുത്താനാണ് ഒറ്റുകാരന്‍, ചാരന്‍, ദല്ലാള്‍ എന്നീ വാക്കുകള്‍ ഉപയോഗിച്ചത്. ശ്രദ്ധയും ജാഗ്രതയുമില്ലാതെ പ്രയോഗിച്ചതല്ല’. എന്നുവച്ചാല്‍ തോമസ് ഐസക് ചാരനും ഒറ്റുകാരനുമാണ് എന്ന് പാഠം പറഞ്ഞതില്‍ തെറ്റില്ലന്നാണ് കോടതി പറഞ്ഞത്. കോടതി ആരോപണം ശരിവെച്ചസ്ഥിതിയില്‍ ധനമന്ത്രിയായ തോമസ്‌ഐസക് രാജിവെയ്‌ക്കണമെന്നാവശ്യപ്പെട്ടു നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് എം.എന്‍ വിജയന്‍ ഹൃദയാഘാതം മൂലം മരിച്ചത്.
റിച്ചാര്‍ഡ് ഫ്രാങ്കിയുമായുള്ള തോമസ് ഐസക്കിന്റെ ബന്ധം സിപിഎമ്മിനെ വെട്ടിലാക്കിയിരുന്നു. എന്നാല്‍ ബന്ധം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായില്ല. മകളുടെ കല്യാണത്തിനായി അമേരിക്കയിലെത്തിയപ്പോള്‍ റിച്ചാര്‍ഡ് ഫ്രാങ്കിയെ കണ്ടത് വിവാദമായി. ‘വിമോചനസമരത്തെക്കുറിച്ച് പുസ്തകമെഴുതാന്‍ കേരളത്തെക്കുറിച്ചുള്ള അമേരിക്കന്‍ വിദേശകാര്യ, സിഐഎ രേഖകള്‍ അന്വേഷിച്ചുവരികയാണ്. ന്യൂയോര്‍ക്ക് ഐസനോവര്‍ പ്രസിഡന്‍ഷ്യല്‍ ആര്‍ക്കേവ്‌സില്‍ സിഐഎ രേഖകളുടെ വന്‍ ശേഖരമുണ്ട്. അതു തിരയാന്‍ സഹായികളായത് റിച്ചാര്‍ഡ് ഫ്രാങ്കിയും ഭാര്യയുമാണ്. ആര്‍ക്കേവ്‌സില്‍ പരിശോധിക്കാന്‍ ആകെ രണ്ടുദിവസമേ ഉണ്ടായിരുന്നുള്ളു’. എന്നു പറഞ്ഞ് തടിയൂരുകയായിരുന്നു തോമസ് ഐസക്ക്.
പ്രളയകാലത്തും ധനമന്ത്രി എന്ന നിലയില്‍ തോമസ് ഐസക്ക് വട്ടപൂജ്യമെന്ന് തെളിഞ്ഞിരുന്നു. ദുരിതം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍ അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിച്ച കണക്കുമാത്രം മതി ഇത് തെളിയിക്കാന്‍. കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. പേമാരിയില്‍ 357 പേര്‍ ഇതുവരെ മരണപ്പെട്ടു. 40,000 ഹെക്ടറലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,026 ക്യാമ്പുകളിലായി ഇപ്പോള്‍ 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി,താറാവുകളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്. എന്നിങ്ങനെ ഇനം തിരിച്ച് കണക്കും നിരത്തി.
ഇതിലും വലിയ ദുരിതങ്ങളെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഗുജറാത്തില്‍ നേരിട്ടിട്ടുള്ള നരേന്ദ്ര മോദിക്ക് നല്‍കിയ കണക്കിലെ തട്ടിപ്പ് ഒറ്റ നോട്ടത്തില്‍ മനസിലായി. റോഡിനും പാലത്തിനുമായി 13,800 കോടി എന്നത് പൊട്ടക്കണക്കാണെന്ന് മനസ്സിലാക്കിയ പ്രധാനമന്ത്രി റോഡും പാലവും ദേശീയപാത അതോററ്റിയെകൊണ്ട് നന്നാക്കാമെന്നു പറഞ്ഞതോടെ പണം പിടുങ്ങാമെന്ന മോഹം പൊലിഞ്ഞു. കൃഷി , വീട് വൈദ്യുതി തുടങ്ങിയവയുടെ നഷ്ടം പറഞ്ഞ് ആവശ്യപ്പെട്ടത് 5000 കോടിയാണ്. വൈദ്യുതിയുടെ കാര്യത്തില്‍ കേന്ദ്ര സ്ഥാപനമായ എന്‍ടിപിസി സഹായിക്കാം.കൃഷിക്കായി നിലവിലുള്ള വിവിധ കേന്ദ്ര പ്ദ്ധതിയില്‍ പെടുത്തി കര്‍ഷകര്‍ക്കുണ്ടാ നഷ്ടം പരിഹരിക്കാം.. പ്രധാനമന്ത്രി പാര്‍പ്പിട പദ്ധതിയില്‍ ഉള്‍പ്പെടുത്തി തകര്‍ന്ന വീടുകളെല്ലാം പുനര്‍ നിര്‍മ്മിക്കാം. എന്നു നരേന്ദ്ര മോദി അറിയിച്ചതോടെ ദുരന്തപ്രതിരോധത്തിനായി അടിയന്തരമായി 2000 കോടി വേണമെന്ന ആവശ്യം ഉന്നയിച്ചു.
ദുരന്തപ്രതിരോധ നിധിയില്‍ എത്ര രൂപ ചെലവഴിക്കാതെ കിടപ്പുണ്ടെന്നു തിരക്കിയപ്പോള്‍ 562.45 കോടി. 100 കോടി ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. 500 കോടി കൂടി ഉടന്‍ അനുവദിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എല്ലാ എം പിമാരും ഒരോ കോടി വീതം കേരളത്തിന് നല്‍കാനും നിര്‍ദ്ദേശം നല്‍കി. കേരളത്തെ സഹായിക്കാന്‍ മറ്റ് സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.യഥാര്‍ത്ഥത്തില്‍ കേരളം പ്രതീക്ഷിച്ചതിലും കൂടുതല്‍ കിട്ടി. പുനരധിവാസത്തിന് കൂടുതല്‍ കേന്ദ്രസഹായത്തിന് ചട്ടം പാലിച്ച് കേരളം കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്കണമെന്ന് ധനമന്ത്രി ജയ്റ്റ്‌ലി പത്ര സമ്മേളനം നടത്തി ആവശ്യപ്പെട്ടു. വിശദമായ ചര്‍ച്ചകള്‍ക്ക് ധനസഹമന്ത്രി പൊന്‍ രാധാകൃഷ്ണനെ കേരളത്തിലേക്ക് അയച്ചു. ബാങ്കുകള്‍ക്ക് ഉദാരമായി വായ്‌പ നല്കാന്‍ നിര്‍ദ്ദേശം നല്കി. നാഷണല്‍ ഹൗസിംഗ് ബാങ്ക് പലിശ ഇളവ് പ്രഖ്യാപിച്ചു. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നടപടികള്‍ ലഘൂകരിച്ചു. കേരളം വിശദമായ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനു പകരം നഷ്ടത്തിന്റെ കണക്കുകള്‍ പെരുപ്പിച്ചു കാട്ടിക്കൊണ്ടിരുന്നു.
45,000 കോടിയുടെ നഷ്ടമെന്ന് ആദ്യം പറഞ്ഞ തോമസ് ഐസക്ക് പിന്നീട് അത് 75,000 കോടി എന്നാക്കി. വിവിധ വകുപ്പുകള്‍ നഷ്ടം തിട്ടപ്പെടുത്തിയപ്പോള്‍ പ്രധാനമന്ത്രിയോട് പറഞ്ഞതിന്റെ ഏഴയലത്തു വന്നില്ല. പ്രധാനമന്ത്രി പോയ ശേഷമാണ് തെക്കന്‍ കേരളത്തില്‍ വന്‍ നാശം ഉണ്ടായത്. എന്നിട്ടും അവസാനം കണക്കെടുത്തപ്പോള്‍ റോഡിനും പാലങ്ങള്‍ക്കുമായി 3500 കോടിയുടെ നഷ്ടമാണ് പൊതുമരാമത്ത് അവകാശപ്പെട്ടത്. (പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് 13,800). ജീവനോപാധി പാക്കേജ് 4700 കോടി രൂപ വേണമെന്നും കണ്ടെത്തി. ലോക ബാങ്ക് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നാശ നഷ്ടവും പുനരധിവാസവും എല്ലാം ചേര്‍ന്ന് ആവശ്യമായത് 30, 739 കോടി. ഇത്രയും പണം വേണമെന്നായി പിന്നീട് അവശ്യം. പദ്ധതികള്‍ നല്‍കാതെ പണം മാത്രം ചോദിച്ചു കൊണ്ടിരുന്നു.
കേരളത്തിന് പ്രളയ ദുരിതാശ്വാസമായി 3048.39 കോടി രൂപയുടെ അധികസഹായം കുടി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ആദ്യഘട്ടത്തില്‍ നല്‍കിയ 2904 കോടി രൂപ പോലും പൂര്‍ണമായി ചെലവഴിക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും കേന്ദ്രത്തിനെതിരെ ആക്രോശിക്കുകയായിരുന്നു തോമസ് ഐസക്ക്. നരേന്ദ്ര മോദി നോട്ടു നിരോധനം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം കുട്ടിച്ചോറാകും എന്ന് തത്വാചിന്താപരമായി പറഞ്ഞ ധനമന്ത്രിയാണ് തോമസ് ഐസക്ക്. കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ വേണ്ടിയാണ് കേന്ദ്രം നോട്ടു നിരോധനം കൊണ്ടു വന്നതെന്നും സ്ഥാപിക്കുകയും ചെയ്തു.
സാമ്പത്തിക മേഖല തകര്‍ന്നില്ല, സഹകരണമേഖല വളരുകയും ചെയ്തു. ലോട്ടറി മാഫിയയുടെ വക്കാലത്തെടുക്കുകയും സംവാദത്തിന് വെല്ലുവിളിക്കുകയും വെല്ലുവിളി ഏറ്റെടുത്ത വി ഡി സതീശന്‍ എം എല്‍ എയോട് തോല്‍ക്കുകയും ചെയ്ത തോമസ് ഐസക്കിനേയും കേരളം മറന്നിട്ടില്ല. ദേശീയപാതാ വികസന പദ്ധതിയുടെ മുന്‍ഗണനാ പട്ടികയില്‍ നിന്നും കേരളത്തെ ഒഴിവാക്കിയതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്‌കരിക്കുകയാണ് വേണ്ടതെന്ന തോമസ് ഐസക്ക് വിമര്‍ശനവും കഥ അറിയാതെയെന്ന് തെളിഞ്ഞിരുന്നു. കേരളത്തെ ഒഴിവാക്കി കൊണ്ടുള്ള മുന്‍ഗണനാ വിജ്ഞാപനം റദ്ദാക്കിയത് ബിജെപി ആവശ്യപ്രകാരമായിരുന്നു.
നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയതതിലും വിവരക്കേട് വിളമ്പിയ ധനമന്ത്രി തോമസ് ഐസക്ക് സ്വയം വിഡ്ഢിയായി. മനുഷത്വ രഹിതമായ ബാങ്കിന്റെ നിലപാടാണ് ആത്മഹത്യക്ക് കാരണമെന്നും ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഐസക്കിന്റെ ആവശ്യം. കാനറാ ബാങ്കില്‍ നിന്ന് എടുത്ത വായ്‌പ തിരിച്ചടയക്കാത്തതാണ് ആത്മഹത്യയ്‌ക്ക് കാരണം എന്നു കരുതിയാണ് ധനമന്ത്രി പ്രസ്താവന ഇറക്കിയത്. ബാങ്കിനു മേല്‍ സംസ്ഥാന സര്‍ക്കാറിന് നിയന്ത്രണമൊന്നുമില്ലന്ന് പറഞ്ഞ് രാഷ്‌ട്രീയം കലര്‍ത്താനും ഐസക്ക് ശ്രമിച്ചു. ആത്മഹത്യക്ക് ബാങ്ക് വായ്‌പയുമായി ഒരു ബന്ധവും ഇല്ലായിരുന്നുവെന്ന് തെളിഞ്ഞു. പ്രളയകാലത്ത് ജനങ്ങളോടെല്ലാം മുണ്ടു മടക്കി ഉടക്കണമെന്നാവശ്യപ്പെട്ട ധനമന്ത്രി ആയൂര്‍ വേദ സുഖചികിത്സയ്‌ക്കായി 1.20 ലക്ഷം ചെലവഴിക്കുകയും തോര്‍ത്തുകള്‍ വാങ്ങിയതിന്റെ തുകയും എഴുതിയെടുക്കുകയും ചെയ്തത് വിവാദമായിരുന്നു. നാ നോ എക്‌സല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് വിജിലന്‍സ് കേസിലും കുടുങ്ങി .
പ്രധാനമന്ത്രി ജനതാ കര്‍ഫൂ പ്രഖ്യാപിച്ചതിനെ ‘പാട്ടകൊട്ടല്‍’ എന്ന് തോമസ് ഐസക്ക് കളിയാക്കിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി തള്ളി പറഞ്ഞു. മുഖ്യമന്ത്രി മാത്രമല്ല സഹമന്ത്രിമാരായ ജി സുധാകരന്‍, ഇ ചന്ദ്രശേഖരന്‍ എന്നിവരും പലതവണ തോമസ് ഐസക്കിനെ പരസ്യമായി തള്ളിപറഞ്ഞിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക പ്രശ്‌നം പരിഹരിക്കാന്‍ കായലില്‍നിന്നും പുഴയില്‍നിന്നും മണല്‍ വാരി വില്‍ക്കുന്ന പദ്ധതിയും നവകേരള കേരള നിര്‍മ്മിതിക്ക് ഐസക്ക് അവതരിപ്പിച്ച കിഫ്ബിയും പൊട്ട പദ്ധതികളായിമാറി . ‘ കയര്‍ത്തൊഴില്‍ മേഖലയിലെ വര്‍ഗ്ഗസമരവും വ്യവസായ ബന്ധവും’ എന്ന വിഷയത്തില്‍ ജെ എന്‍ യുവില്‍ നിന്നും ഡോക്ടറേറ്റ് എടുത്തതിന്റെ പേരില്‍ സാമ്പത്തിക വിദഗ്ധന്‍ പട്ടം കിട്ടിയ തോമസ് ഐസക്ക് ധനമന്ത്രി എന്ന നിലയില്‍ ഭുലോക പരാജയം എന്ന് തെളിയിക്കുകയാണ് ഓരോ വിവാദങ്ങളും.. വിവാദങ്ങള്‍ സ്വാഭാവികമോ മറ്റാര്‍ക്കെങ്കിലും വേണ്ടിയുള്ള ഒറ്റോ ചാരപ്രവര്‍ത്തിയോ ദല്ലാള്‍ പണിയോഎന്നതാണ് അറിയേണ്ടത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: