ന്യൂദല്‍ഹി: എം.എസ്. ധോണിയുടെ നായകത്വവും സച്ചിന് ടെന്‍ഡുല്‍ക്കറുടെ സ്ഥിരതയാര്‍ന്ന പ്രകടനവും യുവരാജ് സിങ്ങിന്റെ മനക്കരുത്തുമാണ് 2011ല്‍ ഇന്ത്യക്ക് ഐസിസി ലോകകപ്പ് നേടിക്കൊടുത്തതെന്ന് അന്നത്തെ ഇന്ത്യയുടെ പരിശീലകരിലൊരാളായ പാഡി അപ്ടണ്.
2011 ഏപ്രില്‍ രണ്ടിന് മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ലോക ചാമ്പ്യന്മാരായത്. ശ്രീലങ്കന്‍ പേസര്‍ നുവാന്‍ കുലശേഖരയുടെ പന്ത് മിഡ്ഓണിലൂടെ ധോണി സിക്സര്‍ പൊക്കിയതോടെയാണ് ഇന്ത്യക്ക് കിരീടം സ്വന്തമായത്.
അന്ന് ടീമിന്റെ മാനസിക സ്ഥിതി ഉയര്‍ത്തുന്നതിനുള്ള പരിശീലകനായിരുന്നു പാഡി അപ്ടണ്. ഇന്ത്യയുടെ അന്നത്തെ വിജയത്തെക്കുറിച്ച് വിശദീകരിച്ച പാഡി അപ്ടണ്, ധോണിയുടെ മികച്ച നേതൃത്വവും സച്ചിന്റെ സ്ഥിരതയും യുവിയുടെ മനഃശക്തിയുമാണ് ഇന്ത്യയുടെ വിജയത്തിന് ആധാരമെന്ന് പറഞ്ഞു.
ധോണി ധീരനാണ്. നിശബ്ദനായ പോരാളിയും. സമ്മര്‍ദ്ദ സമയങ്ങളിലും ശാന്തനായി നിന്ന് ടീമിന് ഒട്ടേറെ വിജയങ്ങള്‍ സമ്മാനിച്ച നായകനാണ്. മറ്റ് കളിക്കാര്‍ക്ക് മാതൃകയാണ് ധോണി. സ്ഥിരതയുടെ മൂര്‍ത്തിഭാവമാണ് സച്ചിന്. ഒട്ടേറെ പരിചയസമ്പത്തുളള അദ്ദേഹം മറ്റു കളിക്കാര്‍ക്ക് പ്രചോദനവും റോള്‍ മോഡലുമാണ്. ആരോഗ്യ പ്രശ്നങ്ങളുമായാണ് യുവി ലോകകപ്പിന് ഇറങ്ങിയത്. എന്നിരുന്നാലും ലോകകപ്പില്‍ മാന്‍ ഓഫ് ദ സീരീസ് അവാര്‍ഡ് സ്വന്തമാക്കി. മനഃശക്തിയാണ് യുവിയെ മികച്ച പോരാളിയാക്കിയതെന്ന് പാഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: