കൊല്ലം: കളക്ടര്‍ ബി. അബ്ദുള്‍ നാസറിനെതിരെ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി, കേരള ഗവര്‍ണര്‍ എന്നിവര്‍ക്ക് പരാതി നല്കി. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ലോക് ഡൗണ്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുകൊണ്ട് കൊല്ലം കളക്ടര്‍ നിരന്തരം ലംഘിക്കുന്നതായി കൊല്ലം ബാറിലെ അഡ്വ. ബി. ഗോപകുമാറാണ് പരാതി നല്‍കിയിരിക്കുന്നത്.
കോവിഡ് ബാധിക്കാതിരിക്കാന്‍ അഞ്ചുപേരില്‍ കൂട്ടം കൂടരുതെന്നും മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം കളക്ടര്‍ ബി. അബ്ദുള്‍ നാസര്‍ നിരന്തരം ലംഘിക്കുകയാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ലോക് ഡൗണ്‍ ലംഘിച്ച് കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും നിരവധി പേരോടൊപ്പം കളക്ടര്‍ അതില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഇതിലൂടെ കോവിഡ് വ്യാപനത്തിനുള്ള സാധ്യത വര്‍ധിക്കുകയാണ്. പൊതുജനത്തിന് മാതൃകയാകേണ്ട കളക്ടര്‍ തന്നെ ഇത്തരത്തില്‍ നിയമം ലംഘിക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കളക്ടര്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചെന്ന് ചൂണ്ടിക്കാട്ടി ബിജെപി ദക്ഷിണമേഖല വൈസ് പ്രസിഡന്റ് കൂടിയായ അഡ്വ. ജി. ഗോപകുമാര്‍, അഡ്വ. ബോറിസ് പോള്‍ എന്നിവര്‍ക്കെതിരെ കൊല്ലം കളക്ടര്‍ വെസ്റ്റ് പോലീസിനെക്കൊണ്ട് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുപ്പിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കളക്ടര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് അടക്കം പരാതി നല്‍കിയിരിക്കുന്നത്. കളക്ടറുടെ ഇത്തരം നടപടികള്‍ മുമ്പ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: