ന്യൂദല്‍ഹി: കൊറോണ ബാധിച്ചാല്‍ നാം കരുതിയിരിക്കേണ്ടത് നമ്മുടെ മനസിനെ തന്നെയെന്ന് രോഗം ഭേദമായ ഡോക്ടര്‍. രോഗം ശരീരത്തേക്കാള്‍ മനസിനെയാണ് പിടികൂടുക. ദല്‍ഹി ഫോര്‍ട്ടിസ് എസ്കോര്‍ട്ട്സ് ഹാര്‍ട്ട് ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. വിവുദ്ധ് പ്രതാപ് സിങ് പറയുന്നു. രോഗം ബാധിച്ച താന്‍ എങ്ങനെയാണ് മനസിനെ മറികടന്നതെന്നും ചൂണ്ടിക്കാട്ടുന്നു.
‘കൊറോണയെന്നാല്‍ മരണമെന്ന തെറ്റായ പ്രചാരണമാണ് പ്രശ്നം. ഇത് നമ്മെ കടുത്ത മാനസിക സമ്മര്‍ദത്തിലാക്കും. നമ്മുടെ ജീവിതത്തില്‍ നമുക്ക് ഒരു നിയന്ത്രണവും ഇല്ലെന്ന തോന്നല്‍ ശക്തമാക്കും. വേണ്ടപ്പെട്ടവരെയൊന്നും ഇനി കാണാന്‍ കഴിയില്ലേയെന്ന ആധി മനസില്‍ കൂടുകെട്ടും. ഉള്ള് നീറും. മനസില്‍ കുടിയേറിയ ഈ നീചമായ ചിന്തയെ തകര്‍ക്കുകയാണ് ആദ്യം വേണ്ടത്. ഇത്തരം നെഗറ്റീവായ ചിന്തകളെ തരണം ചെയ്യാന്‍ വൈകാരികമായും ആത്മീയമായും കരുത്താര്‍ജിക്കണം. ഒപ്പം സമൂഹത്തിന്റെയും കുടുംബത്തിന്റെയും പിന്തുണ ഏറ്റവും അധികം വേണ്ട സമയം. ഡോക്ടര്‍ പറഞ്ഞു.
മനസിനെ വരുതിയിലാക്കാന്‍, സംഘര്‍ഷം കുറയ്ക്കാന്‍, വ്യാജവാര്‍ത്തകള്‍ നിറഞ്ഞ സാമൂഹ്യ മാധ്യമങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുകയാണ് നല്ലത്. ഓര്‍ക്കുക ഒരു കാര്യം 80, 85 ശതമാനം പേര്‍ക്കും വൈറസ് ബാധ നേരിയ തോതിലാണ്. പത്തു മുതല്‍ 15 ശതമാനത്തിനു വരെ ലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികില്‍സ വേണം. അഞ്ചു ശതമാനം (കൂടുതലും പ്രായമുള്ളവര്‍) പേര്‍ക്കു മാത്രമേ കൂടുതല്‍ കരുതലുകളും മറ്റും വേണ്ടതുള്ളൂ. ഭാര്യയും രണ്ടരവയസുകാരിയായ മകളുമൊത്ത് ദല്‍ഹിക്കടുത്ത് യുപിയിലെ ഗാസിയാബാദിലെ കൗശംബിയില്‍ താമസിക്കുന്ന ഡോക്ടര്‍ പറഞ്ഞു.
ഫെബ്രുവരിയില്‍ കാര്‍ഡിയോളജി ഫെലോഷിപ്പുമായി ബന്ധപ്പെട്ടാണ് ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ ഡോ. പ്രതാപ് എത്തിയത്. ലോകമെങ്ങും കൊറോണ വ്യാപിച്ചുതുടങ്ങിയതോടെ സംഗതി പന്തിയല്ലെന്ന് കണ്ട് ഡോക്ടര്‍ മടങ്ങി. ദല്‍ഹി വിമാനത്താവളത്തില്‍ തെര്‍മല്‍ സ്ക്രീനിങ്ങ് നടത്തി. കുഴപ്പമൊന്നും കണ്ടില്ല. എങ്കിലും ഡോക്ടര്‍ വീട്ടില്‍ സ്വയം ക്വാറന്റൈനിലായി. മകള്‍ അടക്കമുള്ളവരെ ആറടി അകറ്റി നിര്‍ത്തി. മൂന്നു ദിവസം കഴിഞ്ഞതോടെ ആശങ്കയും ഭയവും ശരിയായി. തൊണ്ടയ്ക്ക് വേദന. തുടര്‍ന്ന് കടുത്ത പനി ക്ഷീണം. സ്രവ പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു. അതോടെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ, കുട്ടി, മറ്റ് കുടുംബാംഗങ്ങള്‍ എന്നിവരെക്കുറിച്ചായിരുന്നു ആശങ്ക. പരിശോധന നടത്തി അവര്‍ക്ക് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചു. അതോടെ അത്രയും ആശ്വാസമായി. ഡോക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: