ജനീവ: നാല് മാസം മുമ്പ് ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്ത് പതിമൂന്ന് ലക്ഷം പേരിലേക്ക് പടര്‍ന്നു കഴിഞ്ഞു. 71,000ലധികം പേരുടെ ജീവനെടുത്തു. 46,066 പേരുടെ നില ഗുരുതരമായി തുടരുന്നു. ഇത് ആശങ്കയ്ക്ക് ഇടയാക്കുമ്പോഴും 2,72,090 പേര്‍ക്ക് വൈറസിനെ അതിജീവിക്കാനായത് ലോകത്തിന് പ്രതീക്ഷയേകുന്നു.
വൈറസ് ബാധിച്ച 208 രാജ്യങ്ങളില്‍ സ്ഥിതി ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ 3,40,000ത്തോളം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മരണം പതിനായിരത്തിലേക്കടുത്തു. 17,977 പേര് വൈറസില്‍ നിന്ന് മുക്തരായി. 8702 പേരുടെ നില ഇപ്പോഴും ഗുരുതരം. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം മരണം 4000 കടന്നു. ബാധിതരുടെ എണ്ണം 1,25,000ത്തിലേക്ക് അടുത്തു.
അതേസമയം, ഇറ്റലിയിലും സ്പെയ്നിലും മരണനിരക്ക് കഴിഞ്ഞ ദിവസങ്ങളേക്കാള്‍ കുറഞ്ഞു. 24 മണിക്കൂറില്‍ 637 പേരാണ് സ്പെയ്നില്‍ വൈറസ് ബാധിച്ച് മരിച്ചത്. എന്നാല്‍, മാര്‍ച്ച് തുടക്കം മുതല്‍ രേഖപ്പെടുത്തുന്ന കുറഞ്ഞ മരണ നിരക്കാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ മരണ നിരക്ക് കുത്തനെ ഉയര്‍ന്ന സ്പെയ്നില്‍ 13,055 പേരാണ് ആകെ മരിച്ചത്. 1,35,032 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തുകയും ഇതില്‍ 40,437 പേര്‍ക്ക് ഭേദമാകുകയും ചെയ്തു.
ഇറ്റലിയില്‍ 525 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാഴ്ചയ്ക്കിടെ രേഖപ്പെടുത്തുന്ന കുറഞ്ഞ മരണനിരക്കാണിത്. 15,887 പേര് ഇതുവരെ ഇറ്റലിയില്‍ മരിച്ചു. 1,28,948 പേര്‍ക്ക് രാജ്യത്താകെ വൈറസ് ബാധിച്ചിട്ടുണ്ട്. 21,815 പേര്‍ക്ക് ഭേദമായി. 3977 പേരുടെ നില ഗുരുതരം.
വൈറസ് ബാധ ഒരു ലക്ഷം കടന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ജര്‍മനിയും എത്തി. 1,00,315 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. എന്നാല്‍, കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളേക്കാള്‍ കുറഞ്ഞു.
മറ്റു രാജ്യങ്ങളെ സംബന്ധിച്ച് മരണ നിരക്കില്‍ കുറവുള്ള ജര്‍മനിയില്‍ 1,597 പേരാണ് ഇതുവരെ മരിച്ചത്. 3,936 പേരാണ് ഇവിടെ ഗുരുതരാവസ്ഥയിലുള്ളത്. 21,815 പേര് കൊറോണയില്‍ നിന്ന് മുക്തരായി.ഫ്രാന്‍സില്‍ വൈറസ് ബാധിതരുടെ എണ്ണം 92,839 ആയി. 8,078 പേര് മരിച്ചു. 16,183 പേര്‍ക്ക് രോഗം ഭേദമായി. 6,838 പേര് ഗുരുതരാവസ്ഥയിലാണ്.
രണ്ടാം ലോക മഹായുദ്ധ കാലത്തിനു ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഫ്രാന്‍സ് എത്തിക്കഴിഞ്ഞെന്ന് ഫ്രഞ്ച് സാമ്പത്തിക മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: