ശ്രീനഗര്‍: മുംബൈയില്‍ നിന്ന് സൈക്കിളില്‍ ജമ്മുകശ്മീരിലേക്ക് തിരിച്ച മുഹമ്മദ് ആരീഫ് ഇപ്പോള്‍ ആശ്വാസത്തിലാണ്. തന്റെ പിതാവിനെ സിആര്‍പിഎഫ് ഹെലിക്കോപ്റ്ററില്‍ ആശുപത്രിയില്‍ എത്തിച്ചിരിക്കുന്നു. ആരിഫിന്റെ വീഡിയോ വൈറലായതോടെയാണ് സിആര്‍പിഎഫ് വിവരം അറിഞ്ഞത്.
സംഭവം ഇങ്ങനെ: ജമ്മുവിലെ രജൗരിയില്‍ നിയന്ത്രണ രേഖക്കടുത്താണ് ആരിഫിന്റെ വീട്. പിതാവ് മസ്തിഷ്ക്ക രക്തസ്രാവത്തെത്തുടര്‍ന്ന് അത്യാസന്ന നിലയിലാണെന്ന വിവരം അറിഞ്ഞ് മുംബൈയില്‍ സെക്യൂരിറ്റി ജോലിക്കാരനായ ആരിഫ് സൈക്കിളില്‍ വീട്ടിലേക്ക് തിരിച്ചു. ദിവസങ്ങള്‍ വേണ്ട യാത്ര.. വിവരം അറിഞ്ഞ് മുംബൈ ഖാണ്ഡിവ്ലിയിലുള്ള ചിലര്‍ ആരിഫിന്റെ കഥ വിശദീകരിച്ച് സൈക്കിള്‍ യാത്രയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഇത് വൈറലായി. സംഭവം സിആര്‍പിഎഫിന്റെ ശ്രദ്ധയില്‍ പെട്ടു. അവര്‍ പവന് ഹംസിന്റെ കോപ്റ്ററില്‍ ആരിഫിന്റെ പിതാവിനെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള വീട്ടില്‍ നിന്ന് ജമ്മുവിലെ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് വിവരം ഗുജറാത്ത് പോലീസിനെ അറിയിച്ചു. ആരിഫിന്റെ യാത്ര കണ്ടെത്തിയ പോലീസ് ആരിഫിനെ ഗുജറാത്തിലെ വഡോദരയില്‍ തടഞ്ഞു. അവിടെ നിന്ന് ട്രക്കില്‍ രാജസ്ഥാനിലെ ജോധ്പ്പൂരില്‍ എത്തിച്ചു. അവിടെ നിന്ന് സിആര്പിഇഫ് തയ്യാറാക്കിയ വാഹനത്തില്‍ ജമ്മു ആശുപത്രിയിലും എത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ട പിതാവിനെ കണ്ടപ്പോള്‍ ആരിഫിന് ഏറെ സന്തോഷം.
ഇത് അത്ഭുതം തന്നെ. ആരിഫിന് പറയാന്‍ വേറെ വാക്കുകളില്ല. സഹപ്രവര്‍ത്തകരും കൂട്ടുകാരും അയല്‍ക്കാരും ചേര്‍ന്നാണ് ആരിഫിന് ആവശ്യമുള്ള ആഹാരം അടക്കം പാക്ക് ചെയ്ത് നല്കി യാത്രയാക്കിയത്. ഭാര്യയേയും മക്കളെയും പിതാവിനെയും വീട്ടിലാക്കി 28 ദിവസം മുന്‍പാണ് ആരിഫ് മുംബൈക്ക് പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: