തിരുവനന്തപുരം: ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ റവന്യു വരുമാനം, ചെലവ് എന്നിവയെപ്പറ്റി പ്രത്യേക പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്ലാനിങ് ബോര്‍ഡ് ഇക്കാര്യത്തില്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം പഠിച്ച് റിപ്പോര്‍ട്ട് നല്കാന് ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാര്‍ച്ച് ഒന്നു മുതല്‍ 20 വരെ ക്ഷീരസംഘങ്ങളില്‍ പാലളന്ന എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അളന്ന ഓരോ ലിറ്റര്‍ പാലിനും ഒരു രൂപ വീതം ആശ്വാസ ധനമായി ക്ഷേമനിധി ബോര്‍ഡ് നല്‍കും. ഒരു ക്ഷീരകര്ഷകന് കുറഞ്ഞത് 250 രൂപയും പരമാവധി 1000 രൂപയുമാണ്. ഇത് ലോക്ഡൗണ്‍ അവസാനിക്കുന്ന തീയതിക്ക് മുന്‍പ് നല്‍കും.
വൈറസ് ബാധിതരായ ക്ഷീരകര്‍ഷകര്‍ക്ക് 10,000 രൂപയും നിരീക്ഷണത്തിലുള്ള ക്ഷീര കര്‍ഷകര്‍ക്ക് 2,000 രൂപയും ധനസഹായം നല്‍കും. ക്ഷേമനിധി അംഗങ്ങള്‍ക്കു മാത്രമാണ് ഈ ആനുകൂല്യം. കുടുംബശ്രീയിലൂടെ നല്കുന്ന 2,000 കോടി രൂപയുടെ വായ്പ കേരള ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും നല്‍കും.
ഇന്‍കം സപ്പോട്ട് പദ്ധതിയില്‍ ഖാദി തൊഴിലാളികള്‍ക്ക് 14 കോടി രൂപ അനുവദിച്ചു. അണ് അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികള്‍ക്ക് വേതന നഷ്ടം പരിഹരിക്കുന്നതിന് 24 കോടി രൂപ വേതന അഡ്വാന്‍സ് നല്കാന് കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചു. അതിനു പുറമെ 12 കോടി രൂപ റിക്കവറി ഇളവു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: