കൊച്ചി: പ്രമുഖ സമുദ്ര ശാസ്ത്രജ്ഞനും കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) ജവഹര്‍ലാല്‍ നെഹ്റു സയന്‍സ് ഫെലോയുമായിരുന്ന പ്രൊഫ. ട്രെവര്‍ ചാള്‍സ് പ്ലാറ്റ് (78) അന്തരിച്ചു. ലണ്ടനിലെ യുകെ റോയല്‍ സൊസൈറ്റി ഫെലോ (എഫ്ആര്‍എസ്) ആയ അദ്ദേഹം, വിദേശ ശാസ്ത്ര പ്രതിഭകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജവഹര്‍ലാല്‍ നെഹ്റു സയന്‍സ് ഫെലോഷിപ്പ് ലഭിച്ചതിന് ശേഷമാണ് 2014 മുതല്‍ സിഎംഎഫ്ആര്‍ഐയുടെ ഭാഗമാകുന്നത്.
ഇക്കോളജിക്കല്‍ ഓഷ്യനോഗ്രഫി, റിമോട്ട് സെന്‍സിങ് മേഖലകളിലെ ഗവേഷണങ്ങളില്‍ മികവ് പുലര്‍ത്തിയ അദ്ദേഹം കടലിലെ പ്ലവകങ്ങളുടെ ഉല്പാദനക്ഷമത കണ്ടെത്തുന്നതിനുള്ള മോഡല്‍ വികസിപ്പിച്ചതിലൂടെയാണ് ലോകശ്രദ്ധ നേടുന്നത്.
സമുദ്ര മത്സ്യമേഖലയിലെ നിരവധി ഗവേഷണങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ നേട്ടമായിരുന്നു ഇത്. ഉപഗ്രഹ മാപ്പിങ് ഉപയോഗിച്ച് കടലിന്റെ നിറവൃത്യാസങ്ങളിലൂടെ പ്ലവകങ്ങളുടെ ഉല്പാദനക്ഷമത കണ്ടെത്താനുള്ള സംവിധാനം അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. ഉപഗ്രഹ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സമുദ്ര മത്സ്യമേഖലയിലെ സിഎംഎഫ്ആര്‍ഐയുടെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ പങ്കാളിയായിരുന്നു.
ഇന്ത്യയിലെ സമുദ്രശാസ്ത്രജ്ഞര്ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും പരിശീലനവും നല്‍കിയിരുന്നു. ഉപഗ്രഹ സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ മത്സ്യ മേഖലയില്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള നിരവധി രാജ്യാന്തര പദ്ധതികളുടെ ഭാഗമായിരുന്നു അദ്ദേഹം.
കാനഡയിലെ ബെഡ് ഫോര്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫി, യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ, യുകെയിലെ പ്ലിമത് മറൈന്‍ ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളിലായി ബയോളജിക്കല്‍ ഓഷ്യനോഗ്രാഫി തലവന്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍, എമറിറ്റസ് സയന്റിസ്റ്റ്, പ്രൊഫ. സേറിയല് ഫെലോ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുകെയില്‍ പ്ലിമത് മറൈന്‍ ലബോറട്ടറിയില്‍ പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ജവഹര്‍ലാല്‍ നെഹ്റു സയന്‍സ് ഫെലോഷിപ്പിന്റെ ഭാഗമായി സിഎംഎഫ്ആര്‍ഐയിലെത്തുന്നത്.
ഇന്തോ- മാരിക്ലൈം ഗവേഷണപദ്ധതിയുടെ ഭാഗമായി നാന്‍സണ്‍ എണ്‍വയണ്‍മെന്റല്‍ റിസര്‍ച്ച് സെന്റര്‍-ഇന്ത്യയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യനോഗ്രഫിയുടെ കൊച്ചി കേന്ദ്രത്തില്‍ വിസിറ്റിങ് പ്രൊഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രമുഖ സമുദ്രശാസ്ത്രജ്ഞ ഡോ. ശുഭ സത്യേന്ദ്രനാഥ് ആണ് ഭാര്യ.
















