ന്യൂദല്‍ഹി: പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസും സിപിഎമ്മും. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് അടുത്ത രണ്ട് വര്‍ഷത്തേക്ക് റദ്ദാക്കി, ഈയിനത്തില്‍ ലഭിക്കുന്ന 7900 കോടി രൂപ കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കും. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ ശമ്പളത്തില്‍നിന്ന് മുപ്പത് ശതമാനം ഒരു വര്‍ഷത്തേക്ക് സ്വമേധയാ വിട്ടുനില്കാന് അവരും തീരുമാനിച്ചു.
നടപ്പു സാമ്പത്തികവര്‍ഷം മുഴുവന്‍ ഇതേ രീതിയിലാവും ശമ്പള ക്രമീകരണമെന്ന് കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ തുക ചെലവഴിക്കാനാണ് കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം. ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തില്‍ നിന്ന് മുപ്പതു ശതമാനം തുക പിടിക്കുകയെന്നാണ് നിലവിലെ തീരുമാനമെങ്കിലും കൊറോണ പ്രതിസന്ധി സൃഷ്ടിച്ച ആഘാതം സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നതനുസരിച്ചാവും ഇക്കാര്യത്തിലെ തുടര്‍ നടപടി. ശമ്പളത്തിന് പുറമേ അലവന്‍സുകള്‍, എംപിമാരുടെ പെന്ഷന് എന്നിവയിലും സമാന കുറവുണ്ടാവും. സംസ്ഥാന സര്‍ക്കാരുകളും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജാവദേക്കര്‍ പറഞ്ഞു.
എംപി ലാഡ് ഫണ്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതോടെ ലഭിക്കുന്ന 7,900 കോടിരൂപ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കും. ഈ വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ മുതല്‍ 2 വര്‍ഷത്തേക്കാണ് പ്രത്യേക ഓര്‍ഡിനന്‍സിലൂടെ എംപി ഫണ്ട് റദ്ദാക്കുന്നത്. ഒരു പാര്‍ലമെന്റംഗത്തിന് പ്രതിവര്‍ഷം അഞ്ചു കോടി രൂപയാണ് എംപി ലാഡ് ഇനത്തില്‍ ലഭിക്കുന്നത്. ലോക്സഭയിലെ 543 എംപിമാരുടേയും രാജ്യസഭയിലെ 245 എംപിമാരുടേയും ചേര്‍ന്ന് 788 പേരുടെ പത്തുകോടി രൂപ വീതമാണ് കേന്ദ്രസര്‍ക്കാര്‍ പ്രത്യേകം രൂപീകരിച്ച കണ്‍സോളിഡേറ്റഡ് നിധിയിലേക്ക് പോകുന്നത്.
ഇതിനെതിരെ കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ പ്രതിഷേധിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പിന്തുണച്ചത് ശ്രദ്ധേയമായി. കേന്ദ്രസര്‍ക്കാര്‍ കൊടുക്കുന്ന ഈ തുക സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് ഉപയോഗിക്കുന്നതെന്നും ഫണ്ട് റദ്ദാക്കണമെന്ന നിലപാടുകാരനാണ് നേരത്തെ മുതലേ താനെന്നും ജയറാം രമേശ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: