തിരുവനന്തപുരം: വൈറസ് വ്യാപനം സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന സാമ്പത്തിക നടപടികള്‍ കേരളവും മാതൃകയാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുന്നതും എംപി ഫണ്ട് വിനിയോഗം രണ്ടു വര്‍ഷത്തേക്ക് നിര്‍ത്തി വയ്ക്കുന്നതും പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ്. കേരളവും ഇക്കാര്യം മാതൃകയാക്കണം. സംസ്ഥാന മന്ത്രിമാരുടെയും എംഎല്‍എ മാരുടെ ശമ്പളത്തിലും അടുത്ത ഒരു വര്‍ഷത്തേക്ക് കുറവു വരുത്തി പണം സമാഹരിക്കണമെന്ന് സുരേന്ദ്രന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
എംപി ഫണ്ട് വിനിയോഗിക്കാതിരിക്കുന്നതു വഴി ശേഖരിക്കുന്ന പണം നാട്ടിലെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും കൊറോണ മൂലം ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുമാണ് വിനിയോഗിക്കപ്പെടുക.
എംപിമാരുടെ ശമ്പളത്തില്‍ 30 ശതമാനത്തിന്റെ കുറവാണ് അടുത്ത ഒരു വര്‍ഷത്തേക്ക് വരുക. ഈ ഇനത്തിലും സ്വരൂപിക്കപ്പെടുന്ന പണം രാജ്യത്തിന്റെ സാമ്പത്തിക ഉത്തേജനത്തിനായി വിനിയോഗിക്കപ്പെടും.
എംപി ഫണ്ട് നിര്‍ത്തി വയ്ക്കുന്നതിലൂടെ എല്ലാ വികസനവും നിര്‍ത്തലാക്കുന്നു എന്ന പ്രചാരണം ശരിയല്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിച്ചു വരുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള നടപടികളിലൂടെ ശേഖരിക്കപ്പെടുന്ന ധനവും ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനത്തിനു തന്നെയാണ് വിനിയോഗിക്കപ്പെടുക.
ലോകം മുഴുവന്‍ ബാധിച്ചിട്ടുള്ള മഹാമാരിയില്‍ ലോകസാമ്പത്തിക മേഖലയാകെ മന്ദീഭവിച്ചു നില്‍ക്കുകയാണ്. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്ത്തനത്തിലൂടെയെ ഇതില്‍ നിന്ന് കരകയറാനാകൂ. എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം സര്‍ക്കാരുകള്‍ക്കുണ്ടാകണമെന്നും സുരേന്ദ്രന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: