കായിക ലോകം ഇപ്പോള്‍ നിശ്ചലമാണ്. എവിടെയും മത്സരങ്ങളില്ല. ലോക്ഡൗണില്‍ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ പല കായിക താരങ്ങളും പലയിടങ്ങളില്‍ ലോക്കായി കിടക്കുന്നു. ലോക്ഡൗണ്‍ കാലത്ത് ബെംഗളൂരുവിലെ സ്പോര്‍ട്സ് അക്കാദമിയിലാണ് ഇന്ത്യന്‍ ഹോക്കി ടീം മുന്‍ നായകനും മലയാളിയുമായ പി.ആര്‍. ശ്രീജേഷ്. ടോക്കിയോ ഒളിമ്പിക്സിന് മുന്നോടിയായുള്ള തയാറെടുപ്പിലായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം. ഒരു മാസം മുന്നേ ആരംഭിച്ച പരിശീലന ക്യാമ്പ് ഒളിമ്പിക്സ് മാറ്റിവച്ച സാഹചര്യത്തില്‍ കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു. എങ്കിലും ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വീട്ടിലേക്ക് മടങ്ങാനാകാതെ ബെംഗളൂരുവിലെ ക്യാമ്പില്‍ തന്നെ തുടരുകയാണ്.
തുടര്‍ച്ചയായ മൂന്നാം ഒളിമ്പിക്സിനായുള്ള ശ്രീജേഷിന്റെ തയാറെടുപ്പ് കടുകട്ടിയായി നടക്കുമ്പോഴാണ് കൊറോണ എന്ന വ്യാധി വില്ലനായി ഇന്ത്യയിലെത്തുന്നത്. കൊറോണ വൈറസ് ലോകം മുഴുവന്‍ പടര്‍ന്ന് പിടിച്ചതോടെ ഒളിമ്പിക്സ് മാറ്റിവച്ചതായി റിപ്പോര്‍ട്ട് വന്നു. ഇതോടെ ക്യാമ്പും അവസാനിച്ചു. ബെംഗളൂരുവില്‍ പക്കാ ലോക്ക്. എന്നാല്‍ ഈ സാഹചര്യത്തില്‍ അവസരം കിട്ടിയാലും വീട്ടിലേക്കില്ലെന്നാണ് ശ്രീജേഷിന്റെ വാദം. ട്രെയിനിലും വിമാനത്തിലും യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല. തന്റെ കുടുംബത്തിനും അത് സുരക്ഷിതമല്ലെന്ന് അറിയാം. അച്ഛന്‍ രവീന്ദ്രന് ആരോഗ്യ പ്രശ്നമുണ്ട്. ഈ സാഹചര്യത്തില്‍ ചിലപ്പോള്‍ ലോക്ഡൗണ്‍ അവസാനിച്ചാലും ഉടനെ നാട്ടിലേക്ക് മടങ്ങില്ലെന്ന് ശ്രീജേഷ് ജന്മഭൂമിയോട് പറഞ്ഞു. ക്യാമ്പില്‍ പോലും താരങ്ങള്‍ ഒന്നിച്ചുള്ള പരിശീലനമില്ല. ഒന്നോ രണ്ടോ പേര്‍ വ്യായാമത്തിനിറങ്ങും. കൂട്ടത്തോടെ പരിശീലനം നടത്തരുതെന്ന കര്‍ശന നിര്‍ദേശം മാനേജ്മെന്റ് നല്‍കിയിട്ടുണ്ട്. പുരുഷ ടീമിന് പുറമെ വനിതാ ഹോക്കി ടീമും ഇവിടെയുണ്ട്. പുറത്തു നിന്നുള്ളവര്‍ക്ക് ക്യാമ്പിലേക്ക് പ്രവേശനമില്ല. അകത്തുള്ളവര്‍ക്ക് പുറത്തിറങ്ങാനും സാധിക്കില്ല. അതുകൊണ്ട് തന്നെ ക്യാമ്പില്‍ തങ്ങള്‍ സുരക്ഷിതരാണെന്നും ശ്രീജേഷ് പറഞ്ഞു.
സമയം കളയാന്‍ സാധാരണക്കാരുടെ വഴി തന്നെയാണ് ശ്രീജേഷും തെരഞ്ഞെടുക്കുന്നത്. കണ്ട സിനിമ വീണ്ടും വീണ്ടും കാണുക, പാട്ടുകള്‍ കേള്‍ക്കുക. കുടുംബം എറണാകുളത്തായതോടെ വാട്സാപ്പും വീഡിയോകോളും ചെയ്ത് കുറച്ച് സമയം കളയും. ശീജേഷ് അടക്കം 40 പേരാണ് ക്യാമ്പിലുള്ളത്. 33 താരങ്ങളും ഏഴ് സ്റ്റാഫും. ഒളിമ്പിക്സ് മാറ്റിവച്ചെങ്കിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോളിക്ക് അടുത്ത വര്‍ഷത്തെ ഒളിമ്പിക്സ് മത്സരങ്ങളെക്കുറിച്ച് സംശയമൊന്നുമില്ല.
അടുത്ത മത്സരം എന്നാകുമെന്ന ചിന്ത മാത്രം. ജിന്‍സണ്‍ ജോണ്‍സണ്‍ അടക്കമുള്ള മലയാളി അത്ലറ്റുകളും ബെംഗളൂരുവില്‍ ക്യാമ്പിലുണ്ട്. ഒളിമ്പിക്സ് ഒരുക്കങ്ങളുടെ ഭാഗമായാണ് ജിന്‍സണും ബെംഗളൂരുവില്‍ എത്തിയത്.
കൊറോണയെ അതിജീവിക്കാന്‍ ഇന്ത്യക്കാവുമെന്ന ആത്മവിശ്വാസവും ശ്രീജേഷ് പങ്കുവച്ചു. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കുക. അനാവശ്യ യാത്രകള്‍ ഒഴിവാക്കുക. സ്വയം ശുചിത്വം പാലിച്ചാല്‍ കൊറോണയെയും അനായാസം ഇന്ത്യ കീഴടക്കും. പലരും സാഹചര്യത്തിന്റെ ഗൗരവം തിരിച്ചറിയുന്നില്ലെന്ന പരാതിയും ശ്രീജേഷിനുണ്ട്. പല സ്ഥലങ്ങളിലും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങളുണ്ടായി.
ഇനി ഇത് ആവര്‍ത്തിക്കാന്‍ പാടില്ല. ആരോഗ്യ പ്രവര്‍ത്തകുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്ന ഏക അഭ്യര്‍ഥന മാത്രമാണ് ഇന്ത്യയുടെ സൂപ്പര്‍ താരത്തിന് ഇപ്പോള്‍ ജനങ്ങളോട് പറയാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: