എന്റെ അക്ഷരതാളത്തോട് എന്നും പ്രണയമായിരുന്നു എം.കെ അര്ജ്ജുനന് മാസ്റ്റര്‍ക്ക്. പഴയതൊന്നും മറക്കാത്ത എന്റെ സതീര്ഥ്യന് ജീവിതത്തിലുടനീളം സംതൃപ്തി മാത്രമായിരുന്നു. അദ്ദേഹത്തിന് 84 വയസ്സാകുന്നു എന്നറിഞ്ഞ് ഞാന്‍ വീട്ടിലെത്തി കണ്ടിരുന്നു. വേര്‍പാട് ഉടനുണ്ടാകുമെന്ന് കരുതിയില്ല. എന്നെ അദ്ദേഹം തമ്പിസാര്‍ എന്നാണ് വിളിച്ചിരുന്നത്. ഞാന്‍ മാസ്റ്റര്‍ എന്നും.
ദാരിദ്ര്യം നിറഞ്ഞ ബാല്യം. പഴനിയിലെ ആശ്രമ അനാഥാലയത്തിലെ ജീവിതം. എം.കെ. അര്ജ്ജുനന് എന്ന വ്യക്തി സംഗീത കുലപതിയായി വിരാജിച്ചപ്പോഴും ഈ പഴയകാലം മനസില്‍ സൂക്ഷിച്ചിരുന്നു. ആശ്രമ അന്തരീക്ഷം മാസ്റ്ററെ ഒരു സാത്വികനാക്കി. സിനിമ സെറ്റുകളില്‍ ഇഷ്ടമില്ലാത്തത് കണ്ടാല്‍ ക്ഷോഭിക്കുന്ന പ്രകൃതമാണ് എന്റേത്. അര്ജ്ജുനന് മാസ്റ്റര്‍ ആരോടും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. എന്തിനെയും ചെറുപുഞ്ചിരിയോടെ അദ്ദേഹം നേരിടും. ആരോടും പരിഭവമില്ല. എല്ലാവരോടും നന്നായി ഇടപെടും. ആദ്യം കാണുന്ന ആളും അദ്ദേഹത്തിന്റെ ആത്മ സുഹൃത്താകും.
എന്റെ ഒട്ടുമിക്ക പാട്ടുകള്‍ക്കും സംഗീതം നല്‍കിയത് എം.കെ. അര്‍ജ്ജുനനായിരുന്നു. അപ്പോഴൊക്കെ സൂപ്പര്‍ ഹിറ്റുകള്‍ പിറവിയെടുത്തു. കവിക്ക് വലിയ സ്ഥാനം നല്കിയ സംവിധായകനാണ് മാസ്റ്റര്‍. താളാത്മകമായ പദപ്രയോഗം തമ്പിയുടെ വരികള്‍ക്കുണ്ടെന്നും, ആ വരികളോട് തനിക്കെന്നും പ്രണയമാണെന്നും പലകുറി പറഞ്ഞിട്ടുണ്ട്. ദക്ഷിണാ മൂര്‍ത്തി സ്വാമിയുടെ ശാസ്ത്രീയ സംഗീതവും, ദേവരാജന്‍ മാസ്റ്ററുടെ സംഗീതത്തിലെ ലാളിത്യവും ചേര്‍ന്നാല്‍ അര്ജുനന് മാസ്റ്ററാവും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ ദക്ഷിണാ മൂര്‍ത്തിയെയും ദേവരാജന്‍ മാസ്റ്ററെയും തമ്മില്‍ കൂട്ടി രണ്ടു കൊണ്ട് ഹരിച്ചാല്‍ എം.കെ. അര്ജുനന് എന്ന് ഉത്തരം കിട്ടും.
1970ലാണ് റസ്റ്റ് ഹൗസ് എന്ന സിനിമയിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. കെ.പി. കൊട്ടാരക്കരയ്ക്ക് ഒരു മ്യൂസിക് ഡയറക്ടറെ വേണം. ഞാന്‍ പറഞ്ഞു, കൊച്ചിയില്‍ അര്ജ്ജുനന് എന്നൊരാളുണ്ട്. കറുത്ത പൗര്‍ണ്ണമിയിലെ പാട്ടൊക്കെ ചെയ്ത ആളാണ്. നമുക്കയാളെ വിളിക്കാം. ആര്.കെ. ശേഖറില്‍ നിന്ന് വിലാസം സംഘടിപ്പിച്ചാണ് കെ.പി. കൊട്ടാരക്കരയ്ക്ക് കൊടുത്തത്. അങ്ങനെ അര്ജ്ജുനന് മാസ്റ്റര്‍ മദ്രാസ്സിലെത്തി. അന്നാണദ്ദേഹത്തെ ആദ്യം കാണുന്നത്.
കെ.പി. കൊട്ടാരക്കരക്ക് ആളെ അത്ര പിടിച്ചില്ല. മെലിഞ്ഞ് താടി വളര്‍ത്തിയ രൂപം. ഏതായാലും നോക്കാം, പറ്റില്ലെങ്കില്‍ ഒഴിവാക്കാമെന്ന് പറഞ്ഞു. ആദ്യം കമ്പോസ് ചെയ്തത് ”പൗര്‍ണ്ണമി ചന്ദ്രിക തൊട്ടുവിളിച്ചു…” എന്ന ഗാനമായിരുന്നു. അര്ജ്ജുനന് മാസ്റ്റര്‍ പാടിക്കേള്‍പ്പിച്ചു. ആരും ഒന്നും മിണ്ടിയില്ല. നിശബ്ദത. കെ.പി. കൊട്ടാരക്കര പതുക്കെ ഇറങ്ങിപ്പോയി. പിറകെ ഞാനുമിറങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ കൊട്ടാരക്കര എന്നെ വിളിച്ച് പറഞ്ഞു, ”നമ്മള് വിചാരിച്ചത് പോലെയല്ല, ആളുമിടുക്കനാ. ഇനിയുള്ള എല്ലാ ചിത്രങ്ങളും ഇയാളെ കൊണ്ട് ചെയ്യിക്കാം…” അന്നുമുതല്‍ അര്ജ്ജുനന് മാസ്റ്ററുമായി എനിക്ക് ആത്മബന്ധമുണ്ട്. എന്റെ സിനിമകളിലെല്ലാം അര്‍ജ്ജുനനുമുണ്ടായി. ഞങ്ങളുടെ കൂട്ടുകെട്ട് ചര്‍ച്ചയായി.
സാധാരണക്കാരന് താളബോധം പകരുന്ന നാടകഗാനങ്ങള്‍ സൃഷ്ടിച്ച അനുഭവ സമ്പത്തുമായാണ് അര്ജുനന് മാസ്റ്ററുടെ സിനിമാ പ്രവേശനം. നാടകത്തില്‍ ഓര്‍ക്കസ്ട്രയില്‍ മിതത്വം പാലിച്ച് ലളിതഗാനം ചമച്ചു. സിനിമയില്‍ നാദതരംഗങ്ങള്‍ സന്നിവേശിപ്പിച്ച് വശ്യമനോഹര ഗാനങ്ങള്‍ സമ്മാനിച്ചു. രണ്ടും മലയാളികളുടെ ചുണ്ടുകളില്‍ തത്തിക്കളിപ്പിക്കാനായ സംഗീതജ്ഞനാണ് അദ്ദേഹം. അധികമാര്‍ക്കും കഴിയാത്ത സംഗീതചിട്ടകളായിരുന്നു അദ്ദേഹത്തിന്റെത്.
ആറുപതിറ്റാണ്ടത്തെ സംഗീത യാത്രയില്‍ ആയിരത്തിലധികം പാട്ടുകള്‍ മലയാളിക്ക് സമ്മാനിച്ച എം.കെ. അര്‍ജുനനെ അംഗീകരിക്കുന്നതില്‍ നമ്മുടെ സര്‍ക്കാരുകള്‍ പിശുക്ക് കാട്ടി. ഒടുവില്‍ ‘ഭയാനകം’ എന്ന സിനിമയിലെ ഞാനെഴുതിയ വരികളുടെ സംഗീതത്തിന് 2017 ലാണ് എം.കെ. അര്ജുനന് സംസ്ഥാന സര്‍ക്കാര്‍ പുരസ്ക്കാരം ലഭിക്കുന്നത്. അതിലെ കാവ്യനീതി, എനിക്ക് ജെ.സി. ദാനിയല്‍ അവാര്‍ഡ് ലഭിച്ച അതേ വര്‍ഷം മാസ്റ്റര്‍ക്ക് സംഗീത പുരസ്ക്കാരം ലഭിച്ചു എന്നത്.
ഒരു മാസം മുമ്പ്് എറണാകുളം പള്ളുരുത്തിയിലെ പാര്‍വതി മന്ദിരത്തിലെത്തിയാണ് അവസാനമായി അര്ജുനന് മാസ്റ്ററെ കാണുന്നത്. അന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ആ നെറ്റിയില്‍ ഞാന്‍ സ്നേഹത്തോടെ ചുംബിച്ചു. ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പി. അത് അവ സാന യാത്ര പറച്ചിലായിരുന്നു. ആ ചുംബനം അന്ത്യചുംബനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: