മലയാള ചലച്ചിത്ര സംഗീതലോകത്തിന് കാലാതിവര്‍ത്തിയായ ഒട്ടേറെ ഈണങ്ങള്‍ സമ്മാനിച്ചാണ് സംഗീത സംവിധായകന് എം.കെ. അര്ജ്ജുനന് എന്ന അര്ജ്ജുനന് മാസ്റ്റര്‍ പാട്ടരങ്ങ് ഒഴിഞ്ഞത്. ആയിരത്തിലധികം ചലച്ചിത്ര ഗാനങ്ങളും മുന്നൂറോളം നാടക ഗാനങ്ങളും അദ്ദേഹത്തിന്റെ ഓര്മ നിലനിര്‍ത്തും.
ദാരിദ്ര്യത്തിന്റേയും അനാഥത്വത്തിന്റേയും സങ്കടക്കടല്‍ നീന്തിക്കടന്ന അര്ജ്ജുനന് മാസ്റ്റര്‍ 1968ല്‍ കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര സംഗീത രംഗത്ത് ചുവട് വയ്ക്കുന്നത്. സംഗീത സംവിധായകരില്‍ ഇതുപോലെ, കാലത്തെ അതിജീവിക്കുന്ന ഈണങ്ങള്‍ നല്കിയവര് വിരളം. പദങ്ങളുടെ അര്‍ത്ഥമറിഞ്ഞ്, ഭാവം പകര്‍ന്ന്, കേള്‍ക്കുമ്പോള്‍ ലളിതം എന്ന് തോന്നുമെങ്കിലും സങ്കീര്‍ണതകള്‍ നിറഞ്ഞതുമായിരുന്നു അദ്ദേഹം സംവിധാനം നിര്‍വഹിച്ച ഗാനങ്ങള്‍. വര്‍ഷങ്ങള്‍ നീണ്ട സംഗീത പഠനം ഇല്ലാതിരുന്നിട്ടും, ഇച്ഛാശക്തികൊണ്ടും അര്‍പ്പണഭാവം കൊണ്ടും വളര്‍ന്നുവന്ന കലാകാരനാണ് എം.കെ. അര്ജ്ജുനന്.
ഇന്ത്യന്‍ സിനിമാ സംഗീത ലോകത്ത് വിസ്മയം തീര്‍ത്ത കെ.ജെ. യേശുദാസ്, എ.ആര്. റഹ്മാന് എന്നിവര്‍ തുടക്കം കുറിച്ചതും അര്ജ്ജുനന് മാസ്റ്ററുടെ കീഴിലായിരുന്നു. യേശുദാസിന്റെ ശബ്ദം ആദ്യമായി റെക്കോഡ് ചെയ്തത് മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ കീഴിലാണ് എ.ആര്. റഹ്മാന് ആദ്യമായി കീബോര്‍ഡ് വായിച്ചു തുടങ്ങിയതും.
എന്നാല്‍, സംഗീത സംവിധായകരില്‍ വേണ്ടത്ര അംഗീകാരങ്ങള്‍ കിട്ടാതെ അര്ജ്ജുനന് മാസ്റ്ററെ പോലെ മറ്റാരും അവഗണിക്കപ്പെട്ടിട്ടുണ്ടാവില്ല. അംഗീകാരങ്ങള്‍ക്ക് പിന്നാലെ പോകാതെ ജനഹൃദയങ്ങളില്‍ സ്വയം പ്രതിഷ്ഠിക്കുകയായിരുന്നു ആ പ്രതിഭ. അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഗാനങ്ങള്‍ ഏതൊക്കെയെന്ന് ഓര്‍ത്തിരിക്കാത്തവര്‍ പോലും അര്ജ്ജുനന് മാസ്റ്റര്‍ ഈണമിട്ട കസ്തൂരി മണക്കുന്നല്ലോ കാറ്റേ, പാടാത്ത വീണയും പാടും, നിന്മണിയറയിലെ നിര്‍മലശയ്യയിലെ, ചെമ്പകത്തൈകള്‍ പൂത്ത മാനത്തുപൊന്നമ്പിളി തുടങ്ങി എത്രയെത്ര ഗാനങ്ങള്‍ ഇന്നും മൂളി നടക്കുന്നു.
സിനിമാ സംഗീത സംവിധാന യാത്രയ്ക്കിടയില്‍ ഒരു സംസ്ഥാന ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത് 2017ല്‍ ഭയാനകം എന്ന ചിത്രത്തിലൂടെയാണ്. അംഗീകാരമില്ലാതെ കടന്നുപോയ അഞ്ച് പതിറ്റാണ്ടിനിടയില്‍ ഒരിക്കല്‍പോലും മാസ്റ്റര്‍ പരിഭവിച്ചിട്ടില്ല. യഥാര്‍ത്ഥ കലാകാരന്, കിട്ടാതെ പോകുന്ന അവാര്‍ഡുകളെയോര്‍ത്ത് വേദനിക്കുക പതിവില്ലല്ലോ. കല ദൈവീകവും ലക്ഷോപലക്ഷങ്ങളെ ആനന്ദിപ്പിക്കുന്നതുമാണ് എന്നവര്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ ഹൃദയത്തിലേക്കാണ് അവര്‍ തങ്ങളുടെ പ്രതിഭയെ സന്നിവേശിപ്പിക്കുന്നത്. അര്ജ്ജുനന് മാസ്റ്ററുടെ മാസ്മരിക സംഗീതവും അതുപോലെയാണ്.
കോവിഡ് 19 ഭീതിയില്‍ സാമൂഹിക അകലം ഏവരും പാലിക്കുന്ന ഈ സമയത്ത് അര്ജ്ജുനന് മാസ്റ്ററുടെ വിയോഗം സംഗീതാസ്വാദകര്‍ക്ക് ഇരട്ടി വേദനയാണ് നല്‍കുന്നത്. പലര്‍ക്കും നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. പക്ഷേ നല്ല പാട്ടുകളെ സ്നേഹിക്കുന്നവരുടെ ഉള്ളിലെപ്പോഴും അര്ജ്ജുനന് മാസ്റ്റര്‍ എന്ന നാമവും അദ്ദേഹം ജീവന് നല്കിയ പാട്ടുകളും നിലനില്ക്കും. മലയാള സിനിമാ സംഗീതത്തിന് അനശ്വര ഈണങ്ങള്‍ സംഭാവന ചെയ്ത സംഗീതകുലപതിക്ക് പ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: