ഫോര്‍ട്ട്കൊച്ചിയിലെ ചിരട്ടപ്പാലത്താണ് അര്ജ്ജുനന് മാസ്റ്റര്‍ ജനിച്ചത്. 1936ല്‍ കൊച്ചുകുഞ്ഞിന്റെയും പാറുവിന്റെയും മകനായി. പതിമൂന്ന് സഹോദരങ്ങള്‍. ആസ്പിന്‍വാള്‍ കമ്പനിയിലെ ജോലിക്കാരനായിരുന്നു അച്ഛന്. അദ്ദേഹത്തെ കണ്ട ഓര്‍മ്മ അര്‍ജ്ജുനനില്ല. നിറയെ പ്രാരാബ്ധങ്ങളും കടവും ബാക്കിവച്ച് വളരെ ചെറുപ്പത്തിലേ അച്ഛന് ഓര്‍മ്മയായി. കുട്ടിക്കാലത്തെ കുറിച്ച് അര്ജ്ജുനന് മാഷ് പറഞ്ഞതിങ്ങനെ: ”പതിന്നാല് കുട്ടികള്‍ അമ്മയ്ക്കുണ്ടായിരുന്നെങ്കിലും എനിക്ക് ഓര്‍മ്മവെക്കുമ്പോള്‍ ഞങ്ങള്‍ നാലുപേരെ ഉണ്ടായിരുന്നുള്ളൂ. ഓരോരുത്തരും ചെറുപ്പത്തിലേ ഓരോ അസുഖം വന്ന് മരിച്ചു പോയി. എനിക്ക് മൂത്തത് ഒരു ചേച്ചിയും രണ്ട് ചേട്ടന്മാരും…”
അര്‍ജ്ജുനന്റെ പിതാവ് നന്നായി മൃദംഗം വായിച്ചിരുന്നു. കോല്‍ക്കളിയാശാനായിരുന്നു. ഓണപ്പാട്ടുകളും തിരുവാതിരപ്പാട്ടുകളുമൊക്കെയായിരുന്നു അമ്മയ്ക്കിഷ്ടം. ആ സംഗീതത്തിന്റെ വേരുകളാണ് അര്‍ജ്ജുനനിലേക്കും പടര്‍ന്നത്.
മൂന്ന് നേരം ഭക്ഷണം ലഭിക്കുമെന്ന ഉറപ്പിലാണ് പഴനിയിലെ ജീവകാരുണ്യാശ്രമത്തിലെ അനാഥാലയത്തില്‍ അര്‍ജ്ജുനനെയും ചേട്ടന് പ്രഭാകരനെയും എത്തിക്കുന്നത്. അര്ജ്ജുനന് ഏഴും ചേട്ടന് പത്തും വയസ്സ്. ഏഴ് വര്‍ഷത്തിന് ശേഷം പഴനിയില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലെത്തിയെങ്കിലും ജീവിതസാഹചര്യങ്ങള്‍ മാറിയില്ല. ഫോര്‍ട്ട് കൊച്ചിയില്‍ നാടകങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്നു. പാപ്പുക്കുട്ടി ഭാഗവതരും അഗസ്റ്റ്യന്‍ ജോസഫുമൊക്കെ നാടകങ്ങളുമായി സജീവം.
ഹിന്ദുസ്ഥാനിയും ഗസലും ഖയാലും നമ്മുടെ ക്ലാസ്സിക് സംഗീതവുമെല്ലാം ഇഴചേര്‍ന്നൊരു മണ്ണ്. തബലയും ഹാര്‍മ്മോണിയവും ഇല്ലാത്ത വീടുകള്‍ അപൂര്‍വ്വം. അര്‍ജ്ജുനനും വേറിട്ടൊരു വഴിക്ക് സഞ്ചരിക്കാനാകുമായിരുന്നില്ല.
എങ്കിലും വിശപ്പടക്കാന്‍ മറ്റ് പണികള്‍ ചെയ്യേണ്ടിവന്നു. ആയിടയ്ക്ക് അര്‍ജ്ജുനനും പ്രഭാകരനും സായ്പ്പിന്റെ ബംഗ്ലാവില്‍ ജോലി കിട്ടി. വീട്ടുജോലി തന്നെ. നാല്പതു രൂപ ശമ്പളം. സംഗീതം തുടര്‍ന്ന് പഠിക്കാന്‍ പണമില്ലായിരുന്നു. കുറച്ചുകാലം തൃപ്പൂണിത്തുറ രാഘവമേനോന്റെയും വിജയരാഘവന്റെയും കീഴില്‍ തബലയും ഹാര്‍മ്മോണിയവും പഠിച്ചു. 1958ല്‍ കോഴിക്കോടുള്ള കൗമുദി നാടകസംഘത്തിന് പാട്ടു ചിട്ടപ്പെടുത്താന്‍ അവസരം വന്നു. ഒരു സുഹൃത്തു വഴിയായിരുന്നു അത്. തമ്മിലടിച്ച തമ്പുരാക്കള് എന്ന നാടകത്തിന് ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. പി
ന്നീട് ‘എന്നിട്ടും കുറ്റം പള്ളിക്ക്’ എന്ന നാടകം. ആ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. അത്യാവശ്യം പേരായി. 1968 ആണ് അര്ജ്ജുനന് മാസ്റ്ററുടെ ജീവിതത്തെ മാറ്റിമറിച്ച കാലം. കൊല്ലം കാളിദാസ കലാകേന്ദ്രവുമായി ബന്ധപ്പെടുന്നത് അപ്പോഴാണ്. നാടകത്തില്‍ സജീവമായിരിക്കുമ്പോഴാണ് കാളിദാസ കലാകേന്ദ്രത്തില്‍ ദേവരാജന്മാസ്റ്ററുടെ അടുക്കല്‍ അദ്ദേഹത്തിന്റെ ഹാര്‍മോണിയം വായിക്കാനാണെത്തുന്നത്. ഇതിനിടയില്‍ കേരളത്തിലെ മിക്ക നാടക സമിതികളും അര്‍ജ്ജുന സംഗീതത്തിന്റെ അത്യാവശ്യക്കാരായി. ആയിടയ്ക്കാണ് ‘കറുത്തപൗര്‍ണ്ണമി’ എന്ന സിനിമ ഒരുക്കുന്നത്. പി.ഭാസ്കരന്റെ ഗാനങ്ങള്‍. സംഗീതമൊരുക്കാന്‍ അര്ജ്ജുനന് മാസ്റ്റര്‍ക്ക് അവസരമെത്തി. അവിടെ നിന്നങ്ങോട്ട് എം.കെ.അര്ജ്ജുനന് എന്ന സംഗീത സംവിധായകന്റെ ജൈത്രയാത്ര തുടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: