മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി നിരവധി ബിഗ്ബജറ്റ് ചിത്രങ്ങള്‍ പ്രദര്ശനത്തിനെത്തേണ്ടതും, നിരവധി ചിത്രങ്ങള്‍ ചിത്രീകരണം തുടങ്ങേണ്ടിയുമിരുന്ന വര്‍ഷമാണ് 2020. കൊറോണയുടെ കാറ്റ് ഇതില്‍ ഏതിന്റെയെല്ലാം ജാതകം മാറ്റുമെന്ന ഭയത്തിലാണ് സിനിമാലോകം ഇപ്പോള്‍.
നൂറുകോടി മുതല്‍മുടക്കില്‍ പുറത്തിറങ്ങുന്ന മരയ്ക്കാര്‍ മാര്‍ച്ചില്‍ തിയേറ്ററില്‍ എത്തേണ്ടിയിരുന്നതാണ്. കൊറോണ അതിന് വിഘാതം സൃഷ്ടിച്ചു. പക്ഷേ മരയ്ക്കാര്‍ക്ക് നൂറുകോടിയിലധികം മുന്‍കൂര്‍ കച്ചവടം നടന്നതായാണ് അറിവ്. അതിനാല്‍ തന്നെ കൊറോണ പനിയില്‍ നിന്നും മരയ്ക്കാര്‍ രക്ഷപ്പെട്ടു എന്നുവേണം കരുതാന്‍. മരയ്ക്കാര്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്നും അതിലൂടെ തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകരുടെ സംഖ്യ ഗണ്യമായി വര്‍ധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സിനിമാലോകം. കൊറോണക്കാലത്തിന് ശേഷം മരയ്ക്കാര്‍ക്ക് അത് സാധിക്കുമോയെന്ന് കണ്ടറിയണം.
പിന്നെ തിയറ്ററില്‍ എത്തേണ്ടിരുന്ന വലിയ ചിത്രം ബ്ലസി പൃഥ്വിരാജ് ടീമിന്റെ ആടുജീവിതമായിരുന്നു. കൊറോണയുടെ ഭീതിയില്‍ ഇപ്പോള്‍ അതിന് ചിത്രീകരണം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. ആടുജീവിതത്തിന്റെ മുന്‍കൂര്‍ കച്ചവടത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. എങ്കിലും കൊറോണയ്ക്കു മുന്നേ പ്രേക്ഷകര്‍ മനസില്‍ക്കണ്ട സിനിമകളായതിനാല്‍ ഈ രണ്ടു ചിത്രങ്ങള്‍ക്കും നഷ്ടത്തിന്റെ കഥപറയേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കാം.
2020 ല്‍ ചിത്രീകരണം തുടങ്ങാനിരിക്കുന്ന വലിയ ചിത്രങ്ങളുടെ എണ്ണം അഞ്ചാണ്. ആദ്യമായിട്ടാകും ഒരുവര്‍ഷം 20 കോടിക്കു മുകളില്‍ ചെലവ് വരുന്ന അഞ്ച് ചിത്രങ്ങള്‍ ഒരുമിച്ച് തുടങ്ങുന്നത്.
മമ്മൂട്ടി-അമല്‍ നീരജ് ചിത്രം ബിലാല്‍, 18-ാം നൂറ്റാണ്ടിലെ കഥപറയുന്ന വിനയന് ചിത്രം എന്നിവ 20 കോടിക്കും 50 കോടിക്കും ഇടയില്‍ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന ചിത്രങ്ങളാണ്. ബിഗ്ബിയുടെ രണ്ടാം ഭാഗമായിവരുന്ന ബിലാലില്‍ വന്‍ താരനിരയാണെന്നാണ് അറിവ്. മമ്മൂട്ടിക്ക് പുറമേ ഫഹദും ചിത്രത്തില്‍ വേഷമിടുമെന്നറിയുന്നു. വിനയന് ചിത്രത്തിന്റെ കുടുതല്‍ കാര്യങ്ങള്‍ വെളിവായിട്ടില്ല.
മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസ്, പൃഥ്വിരാജ് ചിത്രം കാളിയന്, ജയസൂര്യ ചിത്രം കടമറ്റത്ത് കത്തനാര് എന്നിവ 50 കോടിയ്ക്ക് മുകളില്‍ മുതല്‍ മുടക്ക് പ്രതീക്ഷിക്കുന്നു. മോഹന്‍ലാല്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലുമെത്തുന്ന ബറോസ് ത്രിഡി ഫോര്‍മാറ്റിലാണ് ചിത്രീകരിക്കുന്നത്. പൃഥ്വിരാജ് ചിത്രം കാളിയന്, ജയസൂര്യ ചിത്രം കടമറ്റത്ത് കത്തനാര് എന്നിവ ചരിത്രത്താളുകളില്‍ നിന്നും തിരശ്ശീലയിലെത്തും.
അഞ്ച് വലിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുമ്പോള്‍ മലയാള സിനിമ 2020ല്‍ കോടികള്‍ കൊണ്ട് അഭിഷേകം ചെയ്യും. പക്ഷേ കൊറോണയുടെ ഭീതിയും തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയും ഇവയുടെ ജാതകം എങ്ങനെയാകുമെന്ന ആകാംക്ഷയിലാണ് സിനിമാലോകം. ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഈ സിനിമകളുടെ മുന്‍കൂര്‍ കച്ചവട സാധ്യതയും കൊററോണയുടെ പശ്ചാത്തലത്തില്‍ ചിന്ത്യം തന്നെ. ഇത്രയും പണം 2021ല്‍ തിരശ്ശീലയില്‍ നിന്നും തിരിച്ചുപിടിക്കാനാകുമോ എന്ന ചിന്തയിലാണ് ഇപ്പോള്‍ സിനിമാലോകം.
കൊറോണ കേരളത്തെ മാത്രം ബാധിച്ച വ്യാധിയല്ല മറിച്ച് ലോകത്തിന്റെ വ്യാധിയാണ്. അത് മലയാളസിനിമയെ ഭയപ്പെടുത്തുന്നു. മിനിസ്ക്രീനിലെ സംരക്ഷണാവകാശം, മറ്റു സംസ്ഥാനാങ്ങളിലെ പ്രദര്‍ശനം, മറ്റുരാജ്യങ്ങളിലെ പ്രദര്‍ശനം എന്നീ രീതികളിലാണ് ഒരു സിനിമയ്ക്ക് മുന്‍കൂര്‍ കച്ചവടം നടക്കുന്നത്. പിന്നെ ഓണ്‍ലൈന്‍ ചാനല്‍, വീഡിയോ, ഓഡിയോ ഇവയും. എന്നാല്‍ കൊറോണയ്ക്ക് ശേഷം സാമ്പത്തിക ലോകം എങ്ങനെ പനിച്ച് വിറയ്ക്കുമെന്നനുസരിച്ചായിരിക്കും ഇവയുടെയെല്ലാം ഭാവി. 1921ന്റെ പകര്‍പ്പാണ് 2021 എങ്കില്‍ മലയാളസിനിമ മത്രമല്ല, സിനിമാലോകം തന്നെ ഭയപ്പെട്ട് കരയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: