വടശ്ശേരിക്കര (പത്തനംതിട്ട): കോവിഡ് 19 കേരളത്തിലും എത്തിയതോടെ വലിയ ആശങ്കയിലായിരുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി ആദ്യം എടുത്തു ചാടിയ വിഭാഗം വാര്‍ത്തകളിലും, ചിത്രങ്ങളിലുമൊന്നും ഏറെ സ്ഥാനം പിടിക്കാതെപോയ പ്രതിരോധ (പ്രിവന്‍ഷന്‍) പ്രവര്‍ത്തകരാണ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത്് ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍, ടെക്ക്നിക്കല്‍ അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ആരോഗ്യ പ്രതിരോധ പ്രവര്‍ത്തകരെ വിന്യസിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി, ഇവര്‍ ഞായറാഴ്ച ദിവസങ്ങളില്‍ പോലും അവധിയില്ലാതെ സ്വന്തം കുടുംബത്തേപ്പോലും മറന്ന് സമൂഹത്തിനുവേണ്ടി ജോലി ചെയ്യുന്നു.
ഒരു രോഗിയില്‍ നിന്ന് പകര്‍ന്നു കിട്ടുന്ന പുതിയ രോഗികളുടെ എണ്ണം വിദേശത്ത് 4 വരെ ആണെങ്കില്‍ ഇവിടെ ഇതുവരെ അര ശതമാനം മാത്രമാണ്. വിദേശത്തു നിന്ന് രോഗം ബാധിച്ചു കേരളത്തിലെത്തിയവര്‍ നിരവധിയാണെങ്കിലും താരതമ്യേന നാമമാത്രമായി മാത്രമാണ് തദ്ദേശവാസികളിലേക്കു രോഗം പകര്‍ന്നത്. ഇത് സാധ്യമായത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ വിശ്രമമില്ലാത്ത ശ്രമ ഫലമായാണ്. ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ ഓരോ ആളിനെയും സസൂക്ഷ്മം നിരീക്ഷിച്ചു. ക്വാറന്റൈനില്‍ ഉള്ള ആള്‍ക്കാരുടെ അയല്പക്കക്കാരുമായി നിരന്തര ബന്ധം സ്ഥാപിച്ചു. നിരന്തരം ജനങ്ങളുമായി ഇടപെട്ട് ബോധവത്കരണം നടത്തി.
5000 പേര്‍ക്ക് ഒരു ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ എന്നതാണ് സര്‍ക്കാര്‍ മാനദണ്ഡം. എന്നാല്‍ കേരളത്തില്‍ ആകെ 4816 പേരെ ഇപ്പോള്‍ സര്‍വീസില്‍ ഉള്ളൂ. യഥാര്‍ഥത്തില്‍ വേണ്ടത് 10000 ത്തിനു മുകളിലാണ്. അതായത് കേരളത്തിലെ 3.5 കോടി ജനങ്ങള്‍ക്കും, 50 ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും വേണ്ടി പ്രാഥമിക ആരോഗ്യ കാര്യങ്ങളില്‍ നിതാന്ത ജാഗ്രത പുലര്‍ത്താന്‍ അയ്യായിരത്തില്‍ താഴെ ഉദ്യോഗസ്ഥരെ ഉള്ളൂ. സാധാരണ ഒരു മാസ്ക് മാത്രം ധരിച്ചാണ് ഇവര്‍ വിമാനത്താവളങ്ങളില്‍ സ്ക്രീനിങ് നടത്തിയത്. ഇവരുടെ വിവരങ്ങള്‍ ഒരിക്കല്‍ പോലും മുഖ്യമന്ത്രിയുടെ ദിവസേനയുള്ള പത്രസമ്മേളങ്ങളില്‍ പ്രതിപാദിച്ചില്ല.
ഏറ്റവും ഉത്തരവാദിത്വപ്പെട്ട ജോലിയാണ് ചെയ്യുന്നതെങ്കിലും, ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ ധാരാളമാണ്. പല സ്ഥലങ്ങളിലും ആക്രമിക്കപ്പെടുന്നു. രോഗികളെ ചികില്സിക്കുന്നതിലും പ്രധാനം രോഗികള്‍ ഉണ്ടാകാതിരിക്കുന്നതാണ്. ചികിത്സാ രംഗത്തു വാരിക്കോരി കൊടുക്കുമ്പോഴും ആരോഗ്യ പ്രതിരോധ രംഗത്തു മതിയായ നിയമ നിര്‍മാണം പോലും നടക്കുന്നില്ല. ആകെയുളത് 1937 ലെയും, 1955 ലെയും തിരു-കൊച്ചി, മലബാര്‍ പബ്ലിക് ഹെല്‍ത്ത് ആക്ടുകള്‍ മാത്രമാണ്. ജീവിതശൈലീ രോഗങ്ങള്‍, പഴയ രോഗങ്ങളുടെ മടങ്ങിവരവ്, സീസണല്‍ രോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, പുതുതായി വരുന്ന രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരുടെ ജോലി ഭാരത്തില്‍ പെടുന്നു.
ആര്. സതീഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: