തിരുവനന്തപുരം: ഇക്കൂട്ടര്‍ ഒരിക്കലും വിചാരിച്ച് കാണില്ല. ഇങ്ങനെ ഒരു അവസ്ഥ വന്നെത്തുമെന്ന്. ബന്ദായിരുന്നപ്പോഴും അതു മാറി ഹര്‍ത്താല്‍ ആയപ്പോഴും വയറു നിറയ്ക്കാന്‍ കിട്ടിയില്ലെങ്കിലും വിശപ്പകറ്റാന്‍ എന്തൊക്കെയെങ്കിലും കിട്ടുമായിരുന്നു. ഇപ്പോള്‍ ചന്തകള്‍ക്ക് ലോക്ഡൗണ്‍. ഇറച്ചിവെട്ടില്ല. തുറക്കുന്ന ഏതാനും ഹോട്ടലുകളിലാകട്ടെ പാഴ്സല്‍ മാത്രം. ഇവിടെയെങ്ങും വേസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ വിശപ്പകറ്റാന്‍ തലങ്ങും വിലങ്ങും നടക്കുകയാണ് തെരുവ് നായ്ക്കള്‍.
സര്‍ക്കാരിന്റെ കമ്യൂണിറ്റി കിച്ചണിലെ ഭക്ഷണം അശരണര്‍ക്ക് പോലും തികയാത്തതിനാല്‍ തെരുവ് നായ്ക്കള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്കിയ ഭക്ഷണം നല്കാന് സാധിക്കുന്നുമില്ല. ഇത്തരത്തില്‍ തെരുവ് നായ്ക്കള്‍ വിശന്നു വലഞ്ഞ് നടക്കുമ്പോഴാണ് കനിവിന്റെ ഉറവ വറ്റാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണവുമായി രംഗത്തിറങ്ങിയത്.
മൃഗങ്ങളെ സ്നേഹിക്കുന്ന ഒരു കൂട്ടം യുവാക്കളുടെ സംഘടനയായ തിരുവനന്തപുരം കെനല്‍ ക്ലബ്ബിന്റ നേതൃത്വത്തില്‍ ലോക്ഡൗണ്‍ തുടങ്ങി രണ്ടാം ദിവസം മുതല്‍ രാത്രിയില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്കി വരുന്നത്. നഗരത്തിലെ അമ്പതോളം കേന്ദ്രങ്ങളിലാണ് ഭക്ഷണം നല്‍കുന്നത്. ഭക്ഷണം വെറുതെ വലിച്ചെറിഞ്ഞ് കൊടുക്കുകയല്ല ഇവര്‍. വീട്ടിലെ ഒരംഗത്തിന് കൊടുക്കുന്നതു പോലെ ഇലയിട്ട് വിളമ്പുന്നുണ്ട്. നിലവിലെ അകലം പാലിക്കണം എന്ന നിയമം അനുസരിച്ച്.
പകല്‍ സമയങ്ങളില്‍ തണല്‍ തേടി പലയിടങ്ങളിലായി കിടന്നുറങ്ങുന്നതിനാല്‍ രാത്രിയിലാണ് തെരുവ് നായ്ക്കള്‍ ഒത്തു ചേരുക. അതിനാല്‍ ഭക്ഷണം നല്‍കാനെത്തുന്നതും രാത്രിയിലാണ്. ആദ്യ ദിനം അന്നദാതാക്കളുടെ അടുത്ത് നിന്ന് ഓടി ഒളിച്ചെങ്കിലും ഇപ്പോള്‍ ഇവരുടെ വാഹനം കാണുമ്പോള്‍ തന്നെ കൂട്ടം കൂട്ടമായി ഓടി എത്തുന്നുണ്ട്.
ഭക്ഷണ ചെലവെല്ലാം ക്ലബ് അംഗങ്ങള്‍ സ്വന്തമായി വഹിക്കുന്നു. വെറ്ററിനറി ഡോക്ടര്‍മാരായ സുകുമാരന്‍ നായരും ലോറന്‍സും രമേഷും വേണ്ട നിര്‍ദേശങ്ങള്‍ നല്കുമ്പോള് ക്ലബ്ബ് സെക്രട്ടറി സതീഷ്, അംഗങ്ങളായ ഗണേഷ്, പ്രകാശ് എന്നിവര്‍ ഭക്ഷണം എത്തിക്കുന്ന സംഘങ്ങള്‍ക്ക് നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: