തൃശൂര്‍: ആറാട്ടുപുഴ പൂരപ്പാടത്ത് ഇക്കുറി നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീരന്മാരുടെ പുറത്തേറി ദേവീദേവന്മാര് അണിനിരന്നില്ല. പൂരം പൂക്കുന്ന പാടത്തും നടവഴികളിലും പാണ്ടിയും പഞ്ചാരിയും കൊട്ടിക്കയറിയില്ല. മീനവെയിലിന്റെ കൊടും ചൂടില്‍ ദേവസംഗമഭൂമിയായ ആറാട്ടുപുഴ പൂരപ്പാടം ചുട്ടുപഴുത്ത മണല്‍പ്പരപ്പ് പോലെ ജനശൂന്യമായി കിടന്നു.
പഴമക്കാരുടെ ഓര്‍മകളില്‍പ്പോലും ഇങ്ങനെയൊന്നുണ്ടായിട്ടില്ല. 1438 വര്‍ഷത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ഈ ദേവമേള മുടങ്ങിയതായി കേട്ടുകേള്‍വി പോലുമില്ല. ഇതാദ്യമായി മഹാമാരിക്കെതിരെയുള്ള രാഷ്ട്രത്തിന്റെ ചെറുത്ത് നില്പ്പിന് ഐക്യദാര്‍ഢ്യം പോലെ ദേവീദേവന്മാരും ശ്രീകോവില്‍ വിട്ടിറങ്ങിയില്ല. ശ്രീകോവിലിനകത്തുള്ള പതിവ് പൂജകള്‍ മാത്രമായിരുന്നു ഇന്നലെ നടന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കമേറിയതും വര്‍ണാഭവുമായ ക്ഷേത്ര ഉത്സവമാണ് ആറാട്ടുപുഴപൂരം. 24 മഹാക്ഷേത്രങ്ങളാണ് ഈ ഉത്സവത്തിന്റെ ഭാഗമാവുക. 10 ദിവസം മുമ്പേ ഘടകക്ഷേത്രങ്ങളില്‍ പൂരത്തിന്റെ ചടങ്ങുകളും ആഘോഷങ്ങളും പറയെടുപ്പും ആരംഭിക്കേണ്ടതായിരുന്നെങ്കിലും ഇക്കുറി ഒന്നുമുണ്ടായില്ല. തൃപ്രയാര്‍ തേവരുടെ മകയിരം പുറപ്പാടും ആറാട്ടുപുഴ ശാസ്താവിന്റെ കൊടിയേറ്റും മുതല്‍ തൃശൂര്‍ ജില്ലയുടെ ഏതാണ്ട് പകുതിയോളം ഭാഗം ഉത്സവ ലഹരിയിലാകാറാണ് പതിവ്. ഇക്കുറി മകയിരം പുറപ്പാടുമുണ്ടായില്ല. ദേവസംഗമത്തിനു രണ്ടുനാള്‍ മുമ്പായി പൂയം നാളില്‍ നടക്കേണ്ട പെരുവനം പൂരവും ചടങ്ങ് മാത്രമായി.
ആറാട്ടുപ്പുഴ ശാസ്താവ്, തൃപ്രയാര്‍തേവര്‍, ഊരകത്തമ്മതിരുവടി, ചേര്പ്പ്് ഭഗവതി, അന്തിക്കാട് ഭഗവതി, തൊട്ടിപ്പാള്‍ ഭഗവതി, പിഷാരിക്കല്‍ ഭഗവതി, എടക്കുന്നി ഭഗവതി, അയ്കുന്നില്‍ ഭഗവതി, തൈക്കാട്ടുശ്ശേരി ഭഗവതി, കടുപ്പശ്ശേരി ഭഗവതി, ചൂരക്കോട് ഭഗവതി, പൂനിലാര്‍ക്കാവ് ഭഗവതി, കാട്ടുപിഷാരിക്കല്‍ ഭഗവതി, ചാത്തക്കുടം ശാസ്താവ്, ചക്കംകുളങ്ങര ശാസ്താവ്, കോടന്നൂര്‍ ശാസ്താവ്, നാങ്കുളം ശാസ്താവ്, മാട്ടില്‍ ശാസ്താവ്, നെട്ടിശ്ശേരി ശാസ്താവ്, കല്ലേലി ശാസ്താവ്, ചിറ്റിച്ചാത്തക്കുടം ശാസ്താവ്, മേടംകുളം ശാസ്താവ് എന്നിങ്ങനെ 9 ശാസ്താക്കന്മാരും 13 ഭഗവതിമാരും തൃപ്രയാര്‍ തേവരും സംഗമിക്കുന്നതാണ്് ദേവസംഗമം. തിരുവുള്ളക്കാവ് ശാസ്താവ് പൂരത്തിന്റെ ഭാഗമാണെങ്കിലും എഴുന്നള്ളിപ്പില്‍ പങ്കെടുക്കില്ല. കേരളത്തിലെ എണ്ണം പറഞ്ഞ ഗജവീരന്മാരെല്ലാം പൂ
രപ്പാടത്ത് അണിനിരക്കാനെത്തും. രാത്രിമുഴുവന്‍ നീളുന്ന മേളപ്പെരുമഴകള്ക്ക് ശേഷം പുലര്‍ച്ചെ നടക്കുന്ന കൂട്ടിയെഴുന്നള്ളിപ്പ് ലോകോത്തര സൗന്ദര്യ കാഴ്ചകളിലൊന്നാണ്. മഞ്ഞിന്റെ നേര്‍ത്ത മൂടുപടത്തിനുള്ളില്‍ കരിമുകില്‍ മാലകള്‍ പോലെ നൂറോളം ഗജവീരന്മാര്. സ്വര്ണക്കോലങ്ങളുടെയും നെറ്റിപ്പട്ടങ്ങളുടേയും മിന്നല്‍ത്തിളക്കം, ആലവട്ടങ്ങളുടേയും വെണ്ചാമരങ്ങളുേടയും മഴവില്ലാട്ടം. പൂ
രവും ഉത്രംവിളക്കും അത്തം കൊടിക്കുത്തും കഴിഞ്ഞാണ് പലയിടത്തും പൂ
രങ്ങള്‍ അവസാനിക്കുക. ഇക്കുറി എല്ലാം ഓര്‍മയില്‍ മാത്രം. നഷ്ടബോധത്തിന്റെ ഗൃഹാതുരസ്മരണകളുമായി കരുതലിന്റെ സ്വയംതീര്‍ത്ത തടവറയിലാണ് ഇക്കുറി പൂരപ്രേമികള്‍.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: