ടോക്കിയോ: കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കാന്‍ ജപ്പാന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും അധ്വാനപ്രിയരായ ജനങ്ങള്‍ സര്‍ക്കാരിനു തലവേദനയാവുന്നു. ഏപ്രില്‍ 12 വരെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരോടെല്ലാം വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് ജാപ്പനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ തൊഴില്‍ സംസ്കാരത്തില്‍ ലോക പ്രശസ്തമായ ജപ്പനീസ് ജനത സര്‍ക്കാര്‍ നിര്‍ദേശത്തെ അവഗണിച്ച് ജോലി സ്ഥലത്ത് എത്തിത്തുടങ്ങി. ഇവരെ വീട്ടിലിരുത്താന്‍ സര്‍ക്കാര്‍ പെടാപ്പാടു പെടുകയാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അഭ്യര്‍ഥിച്ച് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബേ നേരിട്ടു രംഗത്തിറങ്ങി. ഹോണ്ട, ടൊയോട്ട, നിസ്സാന്‍ തുടങ്ങിയ ജപ്പാനിലെ പ്രമുഖ കമ്പനികളോടെല്ലാം ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ടോക്കിയോ ഗവര്‍ണര്‍ ഉത്തരവിറക്കിയിരുന്നു നഗരത്തിലെ 13.5 മില്യണ്‍ ജനങ്ങളോടാണ് സാമൂഹിക അകലം പാലിച്ച് വീട്ടില്‍ തന്നെയിരുന്ന് ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത്.
എന്നാല്‍ രാജ്യത്തെ 80 ശതമാനം കമ്പനികള്‍ക്കും ദൂരദേശങ്ങളിലുള്ള തങ്ങളുടെ ജീവനക്കാരെ കൊണ്ട് വീട്ടിലിരുന്ന് ജോലി ചെയ്യിപ്പിക്കാന്‍ കഴിയില്ലെന്ന് 2019ല്‍ സര്‍ക്കാര്‍ നടത്തിയ ഒരു പഠനത്തില്‍ വ്യക്തമായിരുന്നു. കൊറോണ വൈറസിനെതിരെ വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഫലത്തില്‍ ജനങ്ങള്‍ ജോലി ഉപേക്ഷിക്കുന്നതിന് തുല്യമാണ്. എന്നാല്‍ ജോലി ചെയ്യുക എന്നത് ജീവിത ലക്ഷ്യമായി കരുതുന്ന ജാപ്പനീസ് ജനതയെ കൊറോണ വൈറസിന്റെ ഭീകരത ബോധ്യപ്പെടുത്താന്‍ അധികാരികള്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേ ജനങ്ങളോട് വീട്ടിലിരിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയത്.
അഞ്ചില്‍ ഒന്ന് തൊഴിലാളികള്‍ അമിതമായി തൊഴില്‍ ചെയ്തതു മൂലം ജീവന് പോലും ആപത്തുണ്ടായതായി 2016ല്‍ സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2020ലെ ടോക്കിയോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ പ്രൗഢിയും ഗരിമയും ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാനായി ജാപ്പനീസ് ജനത അധ്വാനിക്കുന്നതിനിടെയാണ് കൊറോണ വ്യാപനം. ഒളിമ്പിക്സ് മാറ്റിവച്ചതില്‍ കടുത്ത നിരാശയുമുണ്ട് ജപ്പാനിലെ ജനങ്ങള്‍ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: