തൃക്കരിപ്പൂര്‍: വടക്കെ മലബാറിലെ പൂരവും പൂരക്കളിയും പൂരംകുളിയും ലോക് ഡൗണില്‍ കുരുങ്ങി. ചരിത്രാതീതകാലം മുതല്‍ നടന്നു വരുന്ന പുരാഘോഷം ആദ്യമായി നിര്‍ത്തിവെക്കാന്‍ നിര്‍ബ്ബന്ധിതരായി ക്ഷേത്രങ്ങള്‍. മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെയായി ആഘോഷിക്കേണ്ടിയിരുന്ന പുരോത്സവം ആരവവും ആഘോഷങ്ങളുമില്ലാതെ ചടങ്ങുകളിലൊതുങ്ങി.
കാര്‍ത്തിക മുതല്‍ 9 നാള് നീണ്ടു നില്ക്കുന്ന പുരോത്സവത്തിന് ഇന്ന് പൂരംകുളിയോടെയാണ് സമാപനം വേണ്ടത്. എന്നാല്‍ കോറോണ മഹാമാരിയുടെ വ്യാപനം തടയാന്‍ സര്‍ക്കാര്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് പൂരാഘോഷം ചടങ്ങില്‍ ഒതുക്കേണ്ടി വന്നത്. ക്ഷേത്രങ്ങളിലെ ബിംബങ്ങളും തിരുവായുധങ്ങളുമൊക്കെ കുളത്തിലോ പുഴയിലോ കൊണ്ടുപോയി സ്നാനം ചെയ്യിച്ച് ശുദ്ധി വരുത്തുന്നതാണ് പുരം കുളിയുമായി ബന്ധപ്പെട്ട ചടങ്ങ്.
പൂരം നാളുകളില്‍ പൂവിട്ട് പൂജിക്കുന്നതാണ് മറ്റൊരു ചടങ്ങ്. ഒരു കുടുംബത്തില്‍ ഒരു സന്താനമുണ്ടാവുകയാണെങ്കില്‍ ആ കുരുന്നിന്റെ കന്നി പൂരം പൂവിടല്‍ ചടങ്ങോടെ ആഘോഷപൂര്‍വ്വം കൊണ്ടാടുക പതിവാണ്. ക്ഷേത്രങ്ങളിലെ പൂവിടല്‍ നിര്‍ത്തിവെച്ചെങ്കിലും ചില വീടുകളില്‍ പൂവിടല്‍ നടന്നുവരുന്നു. കോടി മുണ്ടുടുത്ത കുഞ്ഞിനെ വീട്ടിലെ മുത്തശ്ശിമാരാണ് പൂവിടല്‍ ചെയ്യിക്കുന്നത്.
പൂരത്തോടനുബന്ധിച്ച് നടക്കാറുള്ള പൂരക്കളിയും മറത്തു കളിയും ഈ പ്രാവശ്യം നടന്നില്ല. സംസ്കൃതപണ്ഡിതന്മാരായ പണിക്കന്മാര് തമ്മിലുള്ള വിദ്യുല്‍ സദസ്സാണ് മറത്തു കളി. വര്‍ഷങ്ങളായുള്ള തയ്യാറെടുപ്പ് നടത്തിയാണ് ഓരോ പണിക്കന്മാരും മറത്തു കളിയുടെ വേദിയിലെത്തുന്നത്. എതിര്‍വിഭാഗം പണിക്കരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ പതറാതിരിക്കാന്‍ ഊണും ഉറക്കവും തൊഴിലും ഉപേക്ഷിച്ചാണ് ഓരോ പണിക്കന്മാരും തയ്യാറെടുക്കുന്നത്. എന്നാല്‍ ഇതിന്റെയൊക്കെ പരിസമാപ്തിയായ മറത്തു കളിയില്‍ മാറ്റുരക്കാന്‍ അവസരം നഷ്ടപ്പെടുകയെന്നത് പണിക്കന്മാരില് നിരാശ പടര്‍ത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: