തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് കാസര്‍കോട്ടേക്ക് പ്രത്യേക മെഡിക്കല്‍ സംഘവുമായി പോയ കെഎസ്ആര്‍ടിസി എസി ബസ് വഴിയില്‍ വെച്ച് കേടായി. ഹരിപ്പാട് വെച്ചാണ് ബസിന് തകരാര്‍ ഉണ്ടായത്. തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം അടുത്തുള്ള ഡിപ്പോയില്‍ നിന്ന് പ്രത്യേക സംഘം എത്തിയാണ് ബസിന്റെ തകരാര്‍ പരിഹരിച്ചത്. കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ 10 ഡോക്ടര്‍മാര്‍, 10 നഴ്സുമാര്‍, 5 നഴ്സിങ് അസിസ്റ്റന്റ്സ് തുടങ്ങിയവര്‍ അടങ്ങുന്ന പ്രത്യേക സംഘം കാസര്‍കോട്ടേക്കു പോകുകയായിരുന്നു. എസി ലോ ഫ്ലോര്‍ ബസിന്റെ ബാറ്ററി തകരാറിലാകുകയായിരുന്നു. തുടര്‍ന്ന് ഹരിപ്പാട് ഡിപ്പോ അധികൃതര്‍ മെക്കാനിക്കല്‍ സ്റ്റാഫിനെ വിളിച്ചു വരുത്തി ബാറ്ററി മാറ്റി സ്ഥാപിച്ചു. മെക്കാനിക്കല്‍ ജീവനക്കാര്‍ക്ക് സഹായവുമായി ഹരിപ്പാട് എമര്‍ജന്‍സി റെസ്ക്യൂ ടീമും എത്തിയിരുന്നു.
കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി രാവിലെ ഒന്‍പതിന് മെഡിക്കല്‍ സംഘം സെക്രട്ടറിയേറ്റിന് മുമ്പില്‍ നിന്നും യാത്ര തുടങ്ങിയത്. കാര്‍സര്‍ഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ 4 ദിവസം കൊണ്ട് കാസര്‍ഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ഇവര്‍ക്കായി ബസ് വിട്ടു നല്‍കിയത്. ബസ് വഴിയില്‍ വെച്ച് കേടായതോടെ മണിക്കൂറുകള്‍ വൈകിയാണ് സംഘം കാസര്‍ഗോട്ട് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: