പ്രിയപ്പെട്ട കുട്ടികളെ,
എന്നും കുട്ടികളായിരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് മുതിര്‍ന്നവര്‍ ആലോചിക്കാറുണ്ട്. എന്നാല്‍ കുട്ടികളായ നിങ്ങളാവട്ടെ, എങ്ങനെയെങ്കിലും വളര്‍ന്ന് വലുതായാല്‍ മതിയായിരുന്നു എന്നാവും ആലോചിക്കുക! ഏതായാലും നിങ്ങള്‍ വളരും, വലുതാവും. സസന്തോഷം നിങ്ങള്‍ വളരട്ടെ.
നിങ്ങളുടെ വളര്‍ച്ചയുടെ വഴിത്താരയില്‍ ശല്യം ചെയ്യാനെത്തുന്ന പല ശത്രുക്കളിലൊന്നിനെക്കുറിച്ചാണ് ഈ കുറിപ്പ്. ഈ ശത്രുവിനെ തിരിച്ചറിഞ്ഞ് ജയിച്ചു മുന്നേറാന്‍ നിങ്ങള്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഏതാണ് ആ ശത്രു എന്നല്ലേ? ‘ദേഷ്യം’.
‘ഈ കുട്ടികള്‍ക്കെന്തൊരു ദേഷ്യമാണ് ദൈവമേ’ എന്ന് മാതാപിതാക്കളും ബന്ധുക്കളും അത്ഭുതത്തോടെയും, അതിലേറെ ഭയത്തോടെയും ചോദിക്കാറുള്ളത് ധാരാളം കേള്‍ക്കാറുണ്ട്. ‘അവര്‍ക്ക് ദേഷ്യം പിടിക്കാന്‍ നിസ്സാര കാര്യം മതി’, എന്നാണ് അച്ഛനമ്മമാരുടെ നിരീക്ഷണം. ‘എന്നാല്‍ ദേഷ്യം പിടിച്ചാലോ, കണ്ണുകാണാത്തതുപോലെയാണ്. പൊട്ടിത്തെറിക്കും, പ്രായം നോക്കാതെ കയര്‍ക്കും, വായില്‍ നിന്ന് തര്‍ക്കുത്തരമേ വരൂ. സാധനങ്ങള്‍ വലിച്ചെറിഞ്ഞ് താണ്ഡവമാടും! വിലപിടിപ്പുള്ള സാധനങ്ങള്‍ നശിപ്പിക്കും……’ ഇങ്ങനെ പോവുന്നു അവരുടെ വിശദീകരണങ്ങള്‍. ഒടുവില്‍ ഗത്യന്തരമില്ലാതാണത്രെ അവര്‍ വടി എടുക്കുന്നതും, അടിയ്ക്കുന്നതും, അടക്കി നിര്‍ത്തുന്നതും. നിങ്ങളെ ശിക്ഷിക്കാന്‍ ആഗ്രഹമില്ലെങ്കിലും ഗതികേടുകൊണ്ട് അങ്ങനെ ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായിപ്പോവുകയാണത്രേ .
ചില കുട്ടികളുടെ കാര്യത്തില്‍ ദേഷ്യം വന്നാല്‍ അവര്‍ ഒറ്റയ്ക്കു മുറിയില്‍ പോയിരുന്നു കളയും. മൗനത്തിന്റെയും നിസ്സഹകരണത്തിന്റേയും ഭാഷയിലാണ് അവര്‍ ദേഷ്യം പ്രകടിപ്പിക്കുക. മറ്റുള്ളവര്‍ക്ക് പെട്ടെന്ന് കാര്യം മനസ്സിലായെന്നു വരില്ല. ഇങ്ങിനെ ഒറ്റക്കു പോയിരിക്കുന്ന വേളയില്‍ സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കുന്നവരും ഉണ്ടത്രേ!
അനിയന്ത്രിതമായി ദേഷ്യം വരുന്നു എന്നത് വസ്തുതയാണ്. എന്നാല്‍ അനാരോഗ്യകരമാം വിധം അത് പ്രകടിപ്പിക്കുന്നതുകൊണ്ട് ഒരു പ്രശ്നവും പരിഹൃതമാവുന്നില്ല എന്നതല്ലേ അനുഭവം. ഇക്കാര്യം കൂട്ടുകാര്‍ക്കു തന്നെ സാവകാശമെടുത്ത് ആലോചിച്ചു നോക്കിയാല്‍ മനസ്സിലാവും. നമ്മുടെ ക്രോധ പ്രകടനങ്ങള്‍ കൊണ്ട് ഫലത്തില്‍ എല്ലാവരുടേയും സന്തോഷം നശിച്ചു പോവുന്നു. പല കുട്ടികള്‍ക്കും നശീകരണാത്മകമായി ദേഷ്യപ്രകടനം നടത്തിയതിനെ കുറിച്ച് പിന്നീട് കടുത്ത കുറ്റബോധം തോന്നാറുണ്ടത്രേ.
ഉള്ളില്‍ തീവ്രമായി രോഷമുണരുമ്പോള്‍ അത് നിയന്ത്രിക്കല്‍ എളുപ്പമാവില്ല. ദേഷ്യം വരുന്നതിനെ കുറിച്ചാലോചിച്ച് സ്വയം ശപിച്ച് നിങ്ങള്‍ ഊര്‍ജ്ജം കളയേണ്ടതില്ല. ദേഷ്യത്തിന്റെ സുനാമി! (രാക്ഷസത്തിരമാല – അങ്ങനെ തന്നെ വിശേഷിപ്പിക്കട്ടെ) വന്നു പോവട്ടെ.
പിന്നീട് സ്വസ്ഥരായിരുന്ന്, സൗകര്യപൂര്‍വം ദേഷ്യം വരാനുണ്ടായ കാരണം (സാഹചര്യം) എന്താണെന്ന് ആലോചിച്ചു നോക്കണം. ദേഷ്യം വന്ന സമയത്ത് അന്ധത ബാധിച്ചതുപോലെ അനിയന്ത്രിതമായി ചെയ്തുപോയ കാര്യങ്ങളെ സംബന്ധിച്ചും ചിന്തിക്കണം. എന്തൊക്കെ ദ്രോഹങ്ങള്‍ ഞാന്‍ സൃഷ്ടിച്ചു, ആര്‍ക്കൊക്കെ മുറിവുകളും മനോ വേദനകളും സമ്മാനിച്ചു എന്നു വിലയിരുത്തണം. നിങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി നിങ്ങളുടെ ദേഷ്യത്തിന്റെ അനിയന്ത്രിതാവസ്ഥയെക്കുറിച്ച് സവിസ്തരം ചര്‍ച്ച ചെയ്യുന്നതും ഉപകാരപ്പെടും.
മനസ്സിരുത്തി ഉത്സാഹിച്ചാല്‍ നിങ്ങള്‍ക്കു പ്രശ്നം പരിഹരിയ്ക്കാന്‍ കഴിയും എന്നതാണ്. ഒന്നാമത് വേണ്ടത് ‘എനിയ്ക്ക് അനിയന്ത്രിതമായി ദേഷ്യം വരാറുണ്ട്.’ എന്ന തിരിച്ചറിവുണ്ടാവുക എന്നതാണ്. രണ്ടാമത് ‘ദേഷ്യം പിടിക്കുന്ന സമയത്ത് ഞാന്‍ ഈ രീതികളിലൊക്കെ പ്രതികരിക്കാറുണ്ട്, ദ്രോഹം ചെയ്യാറുണ്ട്’ എന്ന് വസ്തുനിഷ്ഠമായി ഓര്‍മ്മിച്ചെടുക്കണം. തുടര്‍ന്ന് ദേഷ്യം പിടിച്ച് അവിവേകങ്ങള്‍ കാണിക്കുന്നതിനും, പൊട്ടിത്തെറിച്ച് ബഹളങ്ങളുണ്ടാക്കുന്നതിനും പകരം എങ്ങനെ പെരുമാറാമായിരുന്നു എന്ന് ആലോചിച്ചു നോക്കണം. അനിഷ്ടകരമായ ഒരു സംഭവത്തെ എങ്ങനെ ഫലവത്തായി തിരുത്തിയെടുക്കാമായിരുന്നു എന്നും ചിന്തിച്ചു നോക്കണം. ഒടുവില്‍ പ്രശ്നപരിഹാരത്തിനുതകാത്ത ഈ അനാവശ്യ ‘ദേഷ്യം പിടിക്കല്‍ ശീലം’ ഞാന്‍ ഉപേക്ഷിക്കും എന്ന ദൃഡനിശ്ചയം എടുക്കുകയും ആവാം. എടുത്ത നിശ്ചയത്തില്‍ പരാജയപ്പെട്ടാലും തളരരുത്. വീണ്ടും വീണ്ടും ദേഷ്യ പ്രകടനത്തിന്റെ ദുരന്തങ്ങളും, പകരം ചെയ്യാവുന്ന കാര്യങ്ങളും കണ്ടെത്തി നിശ്ചയം പുതുക്കണം.
ദേഷ്യമെന്ന വികാരം നിങ്ങളെ തോല്പ്പിക്കാതിരിക്കട്ടെ. നിങ്ങള്‍ക്കു ദേഷ്യം വരുമ്പോള്‍ അതിനു മുമ്പില്‍ നിങ്ങള്‍ നിസ്സഹായരായി പോവാതിരിക്കട്ടെ. ‘മഹാദേഷ്യക്കാരന്‍, ദേഷ്യക്കാരി’ എന്ന മുദ്ര നിങ്ങളില്‍ പതിയാതിരിക്കട്ടെ. നിങ്ങളിലെ ഒരുപാട് നന്മകള്‍ക്കുമേല്‍ ഈ ദുശ്ശീലം കരിനിഴല്‍ വീഴ്ത്താനിടവരാതിരിക്കട്ടെ. കുടുംബത്തിന്റെ സന്തോഷവും, സംതൃപ്തിയും നിങ്ങളുടെ ദേഷ്യപ്രകടനം കൊണ്ട് വീണ്ടും വീണ്ടും തകരാനിടവരാതിരിക്കട്ടെ. ദേഷ്യത്തെ മാറി നിന്നു നോക്കിക്കാണുന്നതും ഭവിഷ്യത്തുകള്‍ വിലയിരുത്തുന്നതും നിയന്ത്രണത്തിന്റെ പാതയില്‍ മുന്നേറാന്‍ നിങ്ങളെ തീര്‍ച്ചയായും ഏറെ സഹായിക്കും.
വായിക്കുന്ന രക്ഷിതാക്കള്‍ക്ക്:
എന്റെ കുട്ടി ഒരു പ്രശ്നമാണെന്ന് വിധിക്കാതിരിക്കൂ. എന്റെ പരിഗണനയും, സഹായവും, ആവശ്യമുള്ള ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കുട്ടിക്കുണ്ടെന്ന് അവധാനതയോടെ തിരിച്ചറിയൂ. അവരിലെ നന്മകളെ പ്രോത്സാഹിപ്പിച്ചുണര്‍ത്തൂ. കൊച്ചു കൊച്ചു തെറ്റുകള്‍ ഉള്ളത് കണ്ടെത്താന്‍ അവരുടെ ഒപ്പം നിന്നു സഹായിക്കൂ. തെറ്റുകള്‍ തിരുത്താന്‍ അവര്‍ ആഗ്രഹിക്കുമ്പോള്‍, നിര്‍വ്യാജമായ പിന്തുണയും കരുത്തും നല്‍കൂ. നിര്‍ലോഭം വാത്സല്യാനുഗ്രഹം ചൊരിയൂ.
സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി
മുഖ്യാചാര്യന്‍, സംബോധ് ഫൗണ്ടേഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: