അങ്കമാലീലെ അമ്മാവന് തിരക്കിലാണ്. ടീച്ചറമ്മ വിശുദ്ധപരിവേഷം കെട്ടി പാര്‍ട്ടിക്കുള്ളില്‍ ആള്‍ദൈവമായി വളരുന്നതിനിടയിലാണ് വിജയേട്ടന് പഴയ മോഹം പിന്നേം പൊടി തട്ടിയെടുത്തത്. മുഖ്യമന്ത്രി എന്നു പറഞ്ഞാല്‍ പണ്ടേ ഒരു കുറച്ചിലുപോലാണ്. കേരളം ഭരിക്കാന്‍ കിട്ടിയ കാലം മുതല്‍ ഒരു പ്രധാനമന്ത്രി ലുക്കിലാണ് വിജയേട്ടന്റെ നടപ്പ്. രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് കത്തയയ്ക്കുക, അവരപുടെ സമ്മേളനം തിരുവനന്തപുരത്തിരുന്ന് വിളിക്കുക. കേന്ദ്രസര്‍ക്കാരിനെതിരെ പോരാടാന്‍ സൗത്തിന്ത്യന്‍ ഫെഡറേഷന് ഉണ്ടാക്കുക തുടങ്ങി ആകെ ജഗപൊകയായിരുന്നു. തമിഴ്നാടടക്കമുള്ള സംസ്ഥാനമുഖ്യമന്ത്രിമാര്‍ പുല്ലുവില പോലും നല്‍കാതായതോടെ പിന്നെ സ്വയം തള്ളും പാര്‍ട്ടിക്കാരുടെ വാഴ്ത്തലുകളുമായൊക്കെ ഒതുങ്ങുകയായിരുന്നു. ബ്രണ്ണന്‍ കോളജും വടിവാളിനിടയിലൂടെയുള്ള നടത്തവും ഉഴവൂര്‍ വിജയനെപ്പോലുള്ള ആസ്ഥാനപുകഴ്ത്തലുകാരുടെ പുലിമുരുകന് വിശേഷണവുമൊക്കെക്കൂടി വിജയേട്ടന് സ്വയം ഒരു തോന്നലുണ്ട്, താന്‍ ഒരു സംഭവമാണെന്ന്. കണ്ണൂരെ സഖാക്കന്മാര് പാരിജാതപ്പൂവെന്ന് ഓമനപ്പേരിട്ട് വിളിച്ചാണ് പ്രധാനമന്ത്രിയാകാന്‍ മോഹിച്ച് ഇളിഭ്യനായതിലുള്ള പിണറായിയുടെ വിഷാദമകറ്റിയത്.
ഇതൊക്കെയായിട്ടും വിജയേട്ടന് സഹിക്കാനാകാത്തത് നരേന്ദ്രമോദിയുടെ പകിട്ടാണ്. അമേരിക്കയിലും ഓസ്ട്രേലിയയിലും ഗള്‍ഫ് നാടുകളിലുമൊക്കെ മോദിക്ക് ലഭിക്കു സ്വീകാര്യത കണ്ട് പൊറുതിമുട്ടിയാണ് അതൊരിക്കല്‍ പിഞ്ഞാണമെങ്കില്‍ പിഞ്ഞാണമെന്ന് പറഞ്ഞ് ടീച്ചറമ്മേം കൂട്ടി അമേരിക്കക്കായ്ക്ക് പറന്നത്. ബ്രിട്ടാസും മനോജുമൊക്കെ നാട്ടിലുള്ളതോണ്ട് തള്ളിന് ഒരു കുറവും വരുത്തില്ല. പക്ഷേ സംഭവിച്ചതെല്ലാം പ്രതീക്ഷയ്ക്ക് വിരുദ്ധമായിരുന്നു. കാലം പഴയതല്ല. സൈബര്‍ യുഗമാണ്. വിജയേട്ടന് കേരളത്തില്‍ വണ്ടിയിറങ്ങും മുമ്പേ തള്ളിക്കേറ്റിയതൊക്കെ പൊളിഞ്ഞുവീഴും. അതുകൊണ്ടാവണം പ്രധാനമന്ത്രിക്കളി കുറച്ചുനാളായിട്ട് പെട്ടിയിലായിരുന്നു. അപ്പോഴാണ് കൊറോണ വന്നുവീഴുന്നത്. നമ്പര്‍ വണ്‍ കേരളത്തിന്റെ അധിപനല്ലേ. കേരളം കഴിഞ്ഞാല്‍ ബാക്കിയുള്ളോരെല്ലാം മണ്ടന്മാരെന്ന കരുതുന്ന അന്തംവിട്ട ആരാധകന്മാരുടെ തള്ളിക്കേറ്റത്തില്‍ ടീച്ചറമ്മ സൂത്രപ്പണികളിലൂടെ വിശൂദ്ധയാവുന്നത് കണ്ടപ്പോഴാണ് കരുതിയിരുന്നില്ലെങ്കില്‍ തന്റെ അങ്കമാലിക്കസേരയ്ക്ക് വേറെ അവകാശികളുണ്ടാവുമെന്ന് വിജയന് മനസ്സിലായത്. അതിന്റെ ഫലമാണ് കൊറോണക്കാലത്തെ വിഖ്യാതമായ പത്രസമ്മേളനങ്ങള്‍. വിശുദ്ധയായ ടീച്ചറമ്മയ്ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയായിരുന്നു പിണറായിയുടെ ഇടപെടല്‍.
എല്ലാ വൈകുന്നേരവും കേരളീയരോട് വിജയന് സഖാവ് കൊറോണയുടെ കണക്ക് രേഖപ്പെടുത്തും. കൂടുതലൊന്നും ചോദിക്കരുത്. അതൊക്കെ ശേഖരിച്ചുവരുന്നേയുള്ളൂ, കിട്ടട്ടെ എന്നാവും മറുപടി. അതുകഴിഞ്ഞാല്പിന്നെ സര്‍വചരാചരസ്നേഹത്തിന്റെ പ്രവാഹമാണ്. വിജയന് സഖാവ് സൗമ്യനായി ഓരോ കേരളീയനും കുരങ്ങിനും പട്ടിക്കും പൂച്ചയ്ക്കും വരെ സാരോപദേശം നല്‍കും വെളുക്കുമ്പം കുളിക്കണം, വെള്ളമുണ്ടുടുക്കണം. മോഡലാണ് ഉപദേശം. ഒരു മാറ്റമുള്ളത് ഇപ്പോള്‍ ഇടയ്ക്കിടയ്ക്ക് ചിരിക്കാറുണ്ട് എന്നതാണ്. കൊറോണയാണ്, രാഷ്ട്രീയം പറയരുത്, അഥവാ ഇനി അങ്ങനെ പറഞ്ഞാല്‍ സംസ്ഥാന ദ്രോഹിയാക്കി പ്രഖ്യാപിച്ചുകളയുമെന്നൊക്കെ ഭരണത്തും പ്രതിപക്ഷത്തുമുള്ളോരെക്കെ പൊടുന്നനെ മാന്യന്മാരായി മാറിയതോടെ വിജയേട്ടന് ചിരിക്കുന്നതിന് ഒരു ലോജിക്കുണ്ട്. പാര്‍ട്ടി സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ മിണ്ടാതായതോടെ ആകെയൊരു വിജയന്, ഒരേയൊരു വിജയന്. പിന്നെന്തിന് ചിരിക്കാതിരിക്കണം.
നരേന്ദ്രമോദി ജനങ്ങളോട് എന്തേലും പറയുംമുമ്പേ വിജയന് പറയണം. വിജയന് പറയുന്നതിന് അനുസരിച്ച് മോദി പ്രഖ്യാപനങ്ങള്‍ നടത്തണം. അങ്ങനെ ഒന്നും പ്രഖ്യാപിച്ചില്ലെങ്കില്‍ വിജയന് വിഷമമാണ്. അത് കരഞ്ഞ് തീര്‍ക്കാന്‍ തോമസ് ഐസക്കിനെ മന്ത്രിസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. കൊറോണ പ്രതിരോധത്തിന് ജനുവരി മുതല്‍ കരുതല്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. കേരളത്തില്‍ ടീച്ചറമ്മയുടെ തള്ളിനിടയിലൂടെ സൂത്രത്തില്‍ വിമാനത്താവളത്തില്‍ നിന്നിറങ്ങിപ്പോന്നവരും കല്യാണം കൂടിയവരും എല്ലാം കൂടി കാര്യങ്ങള്‍ വഷളാക്കുമ്പോള്‍ പത്രസമ്മേളനവും വിശുദ്ധപ്രകടനവുമില്ലാതെ അയല്പക്കത്തെ തമിഴ്നാട് പോലും കാര്യങ്ങള്‍ ഒരുവിധം നേരെ കൊണ്ടുപോയി. രാജ്യത്തെ സര്‍വകലാശാലകള്‍ സര്‍വതിനും അവധി കൊടുത്തപ്പോള്‍ കേരളസര്‍ക്കാരിന് അത് പിന്തുടരാന് മടി. രാജ്യത്തൊട്ടാകെ പരീക്ഷകള്‍ നിര്‍ത്തിവെച്ചപ്പോള്‍ കേരളത്തിന് അതിനും മടി. രാജ്യം കൊറോണയെ പ്രതിരോധിച്ചപ്പോള്‍ കേരളം പരീക്ഷകള്‍ നടത്തി, സര്‍വകലാശാലകള്‍ മുടക്കം വരുത്തിയില്ല, ബിവറജസ് ഔട്ട്ലെറ്റുകള് മലര്‍ക്കെ തുറന്നിട്ടു. രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടാന്‍ പ്രധാനമന്ത്രി പറഞ്ഞു. അതില്‍ പത്തെണ്ണം കേരളത്തിലേത്. ഡോക്ടര്‍മാരുടെ സംഘടനയും അത് ആവശ്യപ്പെട്ടു. ചീഫ്സെക്രട്ടറി അത് പ്രഖ്യാപിച്ചു. എന്നിട്ടും അങ്കമാലിയിലെ പ്രധാനമന്ത്രിക്ക് നാണക്കേട്. പിറ്റേന്ന് കള്ള് ഷാപ്പ് ലേലവും കഴിഞ്ഞ്, കൊറോണപ്പട്ടിക പുറത്തെടുത്തപ്പോള്‍ ഒറ്റ ദിവസം 28 കേസ്. എന്നിട്ടാണ് വിജയന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊടുത്തുതീര്‍ക്കാനുള്ള ക്ഷേമനിധികളടക്കം 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചിട്ട് വിജയന് നരേന്ദ്രമോദിക്ക് ചെക്ക് വിളിച്ചു. മോദി 20ന് രാത്രി 8ന് ജനതാകര്‍ഫ്യൂ പ്രഖ്യാപിച്ചു. പാക്കേജില്ലേ എന്നായി വിജയന്റെ നിലവിളിക്കമ്മറ്റിക്കാരുടെ പരാതി. ലോട്ടറി പൂട്ടി, ഷാപ്പും കൂടെ പൂട്ടിയാല്‍ എന്തെടുത്ത് നല്‍കും എന്ന് അലമുറയിട്ടത് ധനമന്ത്രി ഐസക്കാണ്. മറ്റ് സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടത് നല്‍കുമ്പോഴാണ് ഇവിടെ ഐസക്കും മേഴ്സിക്കുട്ടിയമ്മയുമൊക്കെ നെഞ്ചത്തടിച്ച് കരയുന്നത്. സംഭവം നിസ്സാരമാണ്. മോദി പറയുന്നത് അനുസരിച്ച്പോയാല്‍ പിണറായിക്ക് ഒരു നാണക്കേട്. കയ്യില്‍ പൈസയുടെ വരുമാന മാര്‍ഗമില്ല. മര്യാദയ്ക്ക്് ഒരു ആശുപത്രി പോലുമില്ല. അരിക്കും പച്ചക്കറിക്കുമെല്ലാം അതിര്‍ത്തി കടന്നുവരുന്ന ലോറിയും നോക്കി ഇരിക്കണം… എന്നിട്ടും നമ്പര്‍ വണ്‍ തള്ളിന് ഒരു കുറവുമില്ല.
രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കേരളം സമാന്തരപദ്ധതികളും പാര്‍ട്ടിവളര്‍ത്തല്‍ തന്ത്രങ്ങളുമാണ് അതിനിടയിലൂടെ കടത്തിവിടാന്‍ നോക്കിയത്. കമ്മ്യൂണിസ്റ്റ് കിച്ചണും സന്നദ്ധസേനയുമടക്കം പാര്‍ട്ടിക്കാരുടെ തട്ടകമാക്കി കൊറോണ പ്രതിരോധപ്രവര്‍ത്തനത്തെ മാറ്റാനുള്ള പരിപാടികളാണ് നടന്നത്. അതിന് ചായം പൂശാനാണ് മുഖ്യമന്ത്രിയുടെ ജനങ്ങളോടുള്ള കരുതല്‍. റേഡിയോ വഴി ജനങ്ങളെ അഭിസംബോധന ചെയ്യുക, എംഎല്‍എമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തുക തുടങ്ങിയ പുത്തന്‍ ഇനങ്ങളിലൂടെയാണ് വിജയന് സഖാവ് പാളിയ മോഹങ്ങള്‍ക്ക് ചിറക് മുളപ്പിക്കാന്‍ നോക്കുന്നത്. മുണ്ടുടുത്ത മോദി എന്ന് പണ്ടാരാണ്ടോ വിളിച്ചതിന്റെ കുളിര് ഇപ്പോഴുമുണ്ട് വിജയന് സഖാവിന്…. അതൊന്ന് വര്‍ക്കൗട്ടാക്കുക എന്നതിനപ്പുറം മറ്റൊന്നും ലക്ഷ്യമേയല്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതുപോലെ നിങ്ങളെവിടെയോ അവിടെത്തന്നെ. അമ്മാവന് ഇപ്പോഴും അങ്കമാലിയിലെ പ്രധാനമന്ത്രി തന്നെ എന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: