കാസര്‍ഗോഡ് : കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് മതിയായ ചികിത്സ ലഭിക്കാതെ ഒരാള്‍ കൂടി മരണമടഞ്ഞു. കാസര്‍ഗോഡ് – കര്‍ണാടക അതിര്‍ത്തി പ്രദേശത്തുള്ള ഗൊസങ്കടി സ്വദേശി രുദ്രപ്പ (51) യാണ് മരിച്ചത്. ഹൃദ്രോഗ ബാധിതനായിരുന്നു.
കര്‍ണാടക അതിര്‍ത്തി ഗ്രാമത്തിലാണ് രുദ്രപ്പയുടെ വീട്. ഇയാള്‍ ചികിത്സ തേടിയിരുന്ന ആശുപത്രിയിലേ്ക്ക് എട്ട് കിലോമീറ്റര്‍ മാത്രമേ ദൂരം ഉണ്ടായിരുന്നൊള്ളൂവെങ്കിലും കര്‍ണ്ണാടകം അതിര്‍ത്തി അടച്ചതോടെ ചികിത്സ തുടരാന്‍ സാധിക്കാതെ വരികയായിരുന്നു.
ഇന്ന് രോഗം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലേക്ക് പോയെങ്കിലും അതിര്‍ത്തി കടത്തിവിട്ടില്ല. തുടര്‍ന്ന് തിരിച്ച് ഉപ്പളയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഇതോടെ കര്‍ണാടക അതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് കാസര്‍കോട് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം ഒമ്പതായി ഉയര്‍ന്നു.
അതേസമയം കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാകില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ആവര്‍ത്തിച്ചു. അതിര്‍ത്തി അടയ്ക്കുന്നത് സംബന്ധിച്ചെടുത്ത തീരുമാനം പെട്ടന്ന് എടുത്തതല്ലെന്നും ജനങ്ങളുടെ സുരക്ഷമുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
കേരള കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്. അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകത്തിലെ ജനങ്ങളുടെ സുരക്ഷക്ക് ഭീഷണിയാകുമെന്നും രോഗ വ്യാപനം തടയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടകം മനുഷ്യത്വ രഹിതമായാണ് പെരുമാറുന്നതെന്നും അതിര്‍ത്തി തുറന്ന് നല്‍കണമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: