ന്യൂദല്‍ഹി: രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം മൂവായിരം കടന്നു. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 601 കേസുകള്‍. വിവിധ സംസ്ഥാനങ്ങളിലായി 12 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 2902 ആയി ഉയര്‍ന്നു. ഇതില്‍ 55 പേര് വിദേശികളാണ്. 1023 പേര് ദല്‍ഹിയിലെ തബ്ലീഗ് ജമാ അത്തുമായി ബന്ധമുള്ളവരും. 68 പേരാണ് ഇതുവരെ മരിച്ചത്. ഇതിനിടയില്‍, ചികിത്സയിലായിരുന്ന 183 പേര്‍ക്ക് രോഗം ഭേദമായത് ആശ്വാസം പകരുകയാണ്.
രോഗബാധിതരില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. ഇന്നലെ മാത്രം 47 പുതിയ പോസിറ്റീവ് ഫലങ്ങള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ 25 പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തി. ദല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന ഗുരുഗ്രാമില്‍ ഡോക്ടര്‍ക്കും മകനും വൈറസ് ബാധിച്ചു. ഇവിടെ 17 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒന്‍പത് പേര് മുക്തരായി.
മധ്യപ്രദേശ്, തെലങ്കാന, ഗുജറാത്ത്, ദല്‍ഹി, പഞ്ചാബ്, കര്‍ണാടക, ബംഗാള്‍, ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ്, തമിഴ്നാട്, കേരളം, ആന്ധ്ര പ്രദേശ്, ബിഹാര്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലാണ് മരണങ്ങള്. ദല്‍ഹിയില്‍ തബ്ലീഗ് ജമാ അത്തില് പങ്കെടുത്ത 51കാരനാണ് തമിഴ്നാട്ടിലെ വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. മധ്യപ്രദേശില്‍ മൂന്ന് പേരാണ് ഇന്നലെ മരിച്ചത്. ഭോപ്പാലില്‍ രോഗം സ്ഥിരീകരിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനും മകള്‍ക്കും ഭേദമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ദൗത്യസംഘങ്ങളുടെ യോഗത്തില്‍ പങ്കെടുത്തു. രാജ്യത്ത് കൊറോണക്കെതിരായ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും നടപ്പിലാക്കുന്നത് ചര്‍ച്ച ചെയ്തു. ആശുപത്രികളുടെ ലഭ്യത, ഐസൊലേഷന്‍ സംവിധാനം, നിരീക്ഷണം, പരിശോധന തുടങ്ങിയവ അദ്ദേഹം ഉറപ്പുവരുത്തി. മുഖാവരണം, കയ്യുറ, വെന്റിലേറ്ററുകള്‍ തുടങ്ങിയവയുടെ ലഭ്യത ഉറപ്പു വരുത്തണമെന്ന് പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ശ്വാസ സംബന്ധമായ അസുഖമുള്ളവരും മറ്റ് രോഗമുള്ളവരും ഒഴികെയുള്ളവര്‍ വീട്ടില്‍ നിര്‍മിച്ച മുഖാവരണങ്ങള്‍ ഉപയോഗിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. മുഖാവരണമില്ലാതെ വീടിന് പുറത്തിറങ്ങരുതെന്നും ക്ഷാമമില്ലെന്നും ആരോഗ്യ മന്ത്രി ഡോ. ഹര്ഷവര്ദ്ധന് വ്യക്തമാക്കി. ഉത്തര്‍ പ്രദേശില്‍ ആരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന് ഉള്‍പ്പെടെ കോവിഡ് കെയര്‍ ഫണ്ട് രൂപീകരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കൂടുതല്‍ പരിശോധനാ സംവിധാനങ്ങള്‍ ഇതിലൂടെ ഒരുക്കും. വെന്റിലേറ്ററുകളും മുഖാവരണങ്ങളും നിര്‍മ്മിക്കും. എംഎല്‍എമാരോട് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: