ശ്രീകൃഷ്ണപുരം: പൂരങ്ങള്‍ക്കും ഉത്സവ എഴുന്നെള്ളിപ്പുകള്‍ക്കും വിലക്ക് വന്നതോടെ ഗജകേസരികള്‍ക്ക് വിശ്രമത്തിന്റെ നാളുകള്‍. ചമയങ്ങള്‍ അഴിച്ചുവച്ച് അവ ആനത്താവളത്തില്‍ സുഖ ജീവിതത്തിലാണ്. കുംഭം, മീനം മാസങ്ങളാണ് ഉത്സവക്കാലം. ചമയങ്ങള്‍ അണിഞ്ഞ് ആലവട്ടവും, വെഞ്ചാമരവും നെറ്റിപ്പട്ടവും ചൂടി വേനല്‍ ചൂടിനെ വക വെക്കാതെ ആഘോഷങ്ങള്‍ക്ക് കരിവീരന്മാര് ചന്തം പകരുന്ന കാഴ്ച അവിസ്മരണീയമാണ്. ഈ അനുഭൂതിക്കാണ് ഉത്സവപ്പറമ്പിലേക്ക് ഉത്സവ പ്രേമികളും, ആന പ്രേമികളും ഒഴുകിയെത്തുന്നത്.
ഒറ്റപ്പാലത്തിനടുത്ത് മംഗലാംകുന്ന് ആനത്താവളത്തില്‍ നിരവധി ആനകളാണ് വിശ്രമത്തില്‍ കഴിയുന്നത്. ആനകളുമായി ബന്ധമുള്ള കുടുംബമാണ് മംഗലാംകുന്ന് അങ്ങാടിവീട്ടില്‍ എം.എ. പരമേശ്വരന്റെയും, സഹോദരന് ഹരിദാസിന്റെയും. ഗുരുവായൂര്‍ ആനക്കോട്ട കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആനകള്‍ ഉള്ള കുടുംബം. ഇപ്പോള്‍ ഒന്‍പത് ആനകളുണ്ട്. മംഗലാംകുന്ന് അയ്യപ്പന്, കര്ണന്, ശരണ്‍ അയ്യപ്പന്, ഗണേശന്, ഗജേന്ദ്രന്, മുകുന്ദന്, കേശവന്, രാമചന്ദ്രന്, രാജന് എന്നിവ. സര്‍വ ലക്ഷണങ്ങളുമൊത്ത കൊമ്പന്മാരായ മംഗലാംകുന്ന് അയ്യപ്പന്, കര്ണന്, ശരണ്‍ അയ്യപ്പന് എന്നിവര്‍ക്ക് ആരാധകരും ധാരാളം.
പാലക്കാട്-മുണ്ടൂര്‍-പെരിന്തല്‍മണ്ണ സംസ്ഥാന പാതയില്‍ മംഗലാംകുന്ന് ജങ്ഷനിലാണ് ആനത്താവളം. 1977 ലാണ് ആദ്യത്തെ ആന അയ്യപ്പന്‍കുട്ടി ബിഹാറിലെ സോണാപൂരില്‍ നിന്നും മംഗലാംകുന്ന് ആനത്തറവാട്ടില്‍ എത്തുന്നത്. ക്രമേണ 18 ആനകള്‍ വരെ ആനത്താവളത്തില്‍ തലയെടുപ്പോടെ നിന്നിരുന്നു. മുപ്പതോളം ആനകള്‍ക്ക് ഉള്ള ചമയങ്ങളും ആന കുടുംബത്തിന് സ്വന്തമായുണ്ട്. പ്രധാന ആനകള്‍ക്ക് ഡിസംബര്‍ മുതല്‍ മെയ് വരെയുള്ള ഉത്സവ സീസണില്‍ 60 മുതല്‍ 80 വരെയും മറ്റുള്ളവക്ക് 40 മുതല്‍ 60 വരെയും എഴുന്നെള്ളത്തുകളാണ് ലഭിക്കുക.
ഒരു ആനയ്ക്ക് പനമ്പട്ട, പുല്ല്, മരുന്ന് എന്നിവ ഉള്‍പ്പെടെ 5000 രൂപയിലേറെ ചിലവ് വരുമെന്നാണ് ആന ഉടമസ്ഥര്‍ പറയുന്നത്.
ലോക്ഡൗണ്‍ കര്‍ശനമായതോടെ പനമ്പട്ടയ്ക്കാണ് ഏറെ ക്ഷാമം. വീടുകളില്‍ നിന്ന് പട്ട എടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും മേലാറ്റൂര്‍, തൂത എന്നിവിടങ്ങളില്‍ നിന്നു കൊണ്ടുവരും. പൊള്ളാച്ചിയില്‍ നിന്ന് പുല്ല് എത്തിച്ച് മൂന്നു നേരവും ഭക്ഷണം കൊടുക്കാന്‍ കഴിയുന്നുണ്ടെന്നും, പനമ്പട്ടയും, പുല്ലും വാഹനത്തില്‍ കൊണ്ടു വരുന്നതിന് ഇപ്പോള്‍ വനം വകുപ്പും പോലീസും പാസ്സ് അനുവദിച്ചിട്ടുണ്ടെന്നും എം.എ. പരമേശ്വരനും ഹരിദാസും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: