കുവൈറ്റ് സിറ്റി – കുവൈറ്റിൽ ആദ്യ കൊറോണ മരണം സ്ഥിരീകരിച്ചു. രോഗ ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന ഗുജറാത്ത് സ്വദേശി വിനയകുമാർ (46) ആണ് വെള്ളിയാഴ്ച രാത്രി ജാബിർ ആശുപത്രിയിൽ വെച്ച് മരിച്ചത്. കൊറോണ വൈറസ് മൂലമുള്ള രാജ്യത്തെ ആദ്യമരണമാണിത്. തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായും ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
കുവൈറ്റിൽ ഇന്ന് കൊറോണ സ്ഥിരീകരിച്ച 62 പേരില്‍ 50 പേര്‍ ഇന്ത്യാക്കാരാണ്. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിതരുടെ എണ്ണം 479 ആയി ഉയര്‍ന്നു. അത്യാഹിത വിഭാഗത്തിലുള്ള 17 പേരില്‍ 5 പേരുടെ നില ഗുരുതരാവസ്ഥയിലാണ്. 335 പേര്‍ ചികില്‍സയിലും നിരീക്ഷണത്തില്‍ 2474 പേരുമുണ്ട്. 11പേർ ഇന്ന് രോഗ വിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസിൽ അൽ സബാഹ് വ്യക്തമാക്കി.
ഇതോടെ ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 93 ആയി. ഇന്നലെയാണ് ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.75 പേര്‍. ഇതില്‍ 42 പേരും ഇന്ത്യക്കാരായിരുന്നു. വൈറസ് ബാധേറ്റ ഇന്നത്തെ 50 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 165 ആയി. ഇന്ത്യക്കാരിൽ രോഗബാധ കുതിച്ചുയരുന്നതോടെ പ്രതിരോധ നടപടികൾ ശക്തമാക്കുന്നതിനാണ് സർക്കാർ തീരുമാനമെന്ന് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് അറിയിച്ചു കുവൈറ്റില്‍ സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും അധികമുള്ള വിദേശി സമൂഹം ഇന്ത്യക്കാരാണ്. കൊറോണ വൈറസ് ബാധിക്കുന്നവരില്‍ ഇന്ത്യാക്കാരില്‍ ഉണ്ടാകുന്ന വര്‍ദ്ധനവില്‍ വലിയ ആശങ്കയാണ് ഉളവാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: