തിരുവല്ല: കോവിഡ് 19 ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി ഗാർഹിക നിരീക്ഷണം ഏർപ്പെടുത്തിയിരുന്ന വീട്ടിൽ സന്ദർശനം നടത്തിയ കണ്ണൂർ, മലപ്പുറം സ്വദേശികളായ ബന്ധുക്കളെയും നിരീക്ഷണ വലയത്തിലാക്കി.
തിരുവല്ല നഗരസഭ 38-ാം വാർഡിൽ മുത്തൂർ നാങ്കര മലയിൽ അമേരിക്കയിൽ നിന്നെത്തി ഗാർഹിക നിരീക്ഷണത്തിലിരുന്ന യുവതിയുടെ വീട് സന്ദർശിച്ച ഉറ്റ ബന്ധുക്കളായ നാലു പേരെയാണ് നിരീക്ഷണത്തിലാക്കിയത്. യുവതി നിരീക്ഷണത്തിലിരിക്കുന്ന വീട്ടിൽ തന്നെ 14 ദിവസത്തേക്കാണ് ഇവരെയും നിരീക്ഷണത്തിലാക്കിയത്. യുവതിയുടെ സഹോദരിമാരും കുടുംബാംഗങ്ങളുമാണ് നിരീക്ഷണത്തിലായത്.
കഴിഞ്ഞ ദിവസം അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മാതാവിനെ കാണാൻ വേണ്ടിയാണ് ഇവർ വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടിലെത്തിയത്. നിരീക്ഷണത്തിലുള്ള വീട്ടിൽ ഇതര ജില്ലയിൽ നിന്നും സന്ദർശകരെത്തിയ വിവരം സമീപവാസികൾ ആരോഗ്യ വിഭാഗം പ്രവർത്തകരെ അറിയിക്കുകയായിരുന്നു. നിലവിൽ നിരീക്ഷണം തുടരുന്ന യുവതിയുടെ നിരീക്ഷണ കാലാവധിയും 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
അതി ജാഗ്രത പുലർത്തുന്ന പ്രദേശങ്ങളിൽ നിന്നുള്ളവർ കോവിഡ് നിരീക്ഷണത്തിലിരിക്കുന്നവരുടെ വീടുകൾ സന്ദർശിക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എ.എൽ. ഷീജ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: