കൊട്ടിയം: വീടിനുപുറകില്‍ കൂമ്പാരം കൂടിയ മാലിന്യത്തിന് തീ കൊളുത്തിയ ഗൃഹനാഥന് പുലിവാലു പിടിച്ചു. കാര്യം തിരക്കിയെത്തിയ ചാത്തന്നൂര്‍ എസിപിയോട് തര്‍ക്കുത്തരം കൂടി പറഞ്ഞതോടെ ആള് അകത്താകുകയും ചെയ്തു.
മൈലക്കാട്ട് ദേശീയപാതയ്ക്ക് സമീപമാണ് സംഭവം. വീടിന് പുറകുവശത്തായി കുന്നുകൂടി കിടന്ന മാലിന്യത്തിന് വീട്ടുകാര്‍ തീയിടുകയായിരുന്നു. കൊട്ടിയം മൈലക്കാട് ഇറക്കത്ത് എ ആര് ബംഗ്ലാവില്‍ മുഹമ്മദ് ഖാന്റെ വീടിന് പുറകുവശത്ത് വയലിനോട് ചേര്‍ന്ന ഭാഗത്ത് കുന്നുകൂടി കിടന്ന മാലിന്യത്തിന് ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് വീട്ടുകാര്‍ തീയിട്ടത്.
സ്പോഞ്ചും റബ്ബറും പ്ലാസ്റ്റിക്കുമടക്കമുള്ള മാലിന്യക്കൂമ്പാരമായിരുന്നു ഇത്. വീട്ടുകാര്‍ തീയിട്ടതോടെ തീ ആളിപടര്‍ന്നു. പ്ലാസ്റ്റിക്കും ടയറും എല്ലാം കത്തിയതോടെ പ്രദേശം കറുത്തപുകയും ദുര്‍ഗന്ധവും കൊണ്ടു മൂടി. ദേശീയപാതയിലും വലിയ പുക നിറഞ്ഞതോടെ ഇതുവഴി വന്ന ചാത്തന്നൂര്‍ എസിപി ജോര്‍ജ് കോശി വിവരം തിരക്കി വീട്ടിലെത്തി.
ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് ഇടപെടേണ്ടന്നും പറഞ്ഞ് ഗൃഹനാഥന് എസിപിയെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കൂടുതല്‍ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകളുടെയും പോലീസിന്റെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
എസിപി ജോര്‍ജ് കോശി, കൊട്ടിയം സിഐ ദിലീഷ്, എസ്ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും കടപ്പാക്കട സ്റ്റേഷന് ഓഫീസര്‍ ബി. ബൈജുവിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്സ് സംഘവുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: