കൊറോണ വ്യാപകമാകുന്ന തടയാന്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രകൃതിയേയും പ്രസന്നമാക്കിയിരിക്കുന്നു. ലോക്കൗഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് അന്തരീക്ഷം ശുദ്ധമായതോടെ ജലന്ധര്‍ നിവാസികള്‍ക്ക് കാണാനായത് ജീവിതത്തില്‍ ഇന്ന് വരെ കാണാനാകാത്ത ദൃശ്യാനുഭൂതി. മറ്റൊന്നുമല്ല ഒന്നു ഇരുട്ടി വെളുത്തപ്പോള്‍ മഞ്ഞണിഞ്ഞ ഹിമാലയന്‍ പര്‍വ്വത നിരകളാണ് അവര്‍ക്ക് മുന്നില്‍ തെളിഞ്ഞത്.
വെള്ളിയാഴ്ച ദൗലധര്‍ റേഞ്ചില്‍ നിന്ന് തങ്ങളുടെ കണ്ണുകളെ പോലും വിശ്വസിക്കാനാകാത്ത കാഴ്ച കണ്ട് അന്തം വിട്ടിരിക്കുകയാണ് ഇവിടുത്തുകാര്‍. ജീവിതത്തില്‍ ഇത്ര മനോഹരമായ പ്രകൃതിദൃശ്യം കാണാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തില്‍ ക്രിക്കറ്റ് താരം ഹര്ഭജന് സിങ് ഉള്‍പ്പെടെ പലരും ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.
ഫാക്ടറികള്‍ അടച്ചിടുകയും നിരത്തുകളില്‍നിന്ന് വാഹനഗതാഗതം പൂര്‍ണമായും ഒഴിയുകയും ചെയ്തതോടെ പുകപടലങ്ങള്‍ ഒഴിഞ്ഞ് അന്തരീക്ഷം തെളിയുകയായിരുന്നു. ഇതോടെയാണ് അങ്ങ് ദൂരെയുള്ള പ്രകൃതിയുടെ മനോഹാര്യത കാണാന്‍ ഇവര്‍ക്കായത്. പ്രദേശത്തെ വായുവിന്റെ നിലവാരവും ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: