ന്യൂയോര്‍ക്ക്: ഒക്കലഹോമയില്‍ യൂണിഫോം ധരിച്ചു ജോലി സ്ഥലത്തേക്ക് പുറപ്പെട്ട നഴ്സിന് വെടിയേറ്റത് മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ യൂണിഫോം ധരിച്ചു പുറത്തിറങ്ങുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ സെന്റര്‍ വക്താവ് ഡോ. ജേസണ്‍ സാന്റേഴ്സ് സന്ദേശമയച്ചു.
കോവിഡ് 19 സമൂഹത്തില്‍ വ്യാപിക്കുന്നതിന് ഉത്തരവാദി ഹെല്‍ത്ത് കെയര്‍ ജീവനക്കാരാണെന്ന് തെറ്റിദ്ധരിച്ചായിരിക്കാം നഴ്സിനെതിരെ ആക്രമണം നടത്തിയതെന്നും ഡോ. ജേസണ്‍ സാന്റേഴ്സ് പറഞ്ഞു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുവാന്‍ ഡോക്ടര്‍ വിസമ്മതിച്ചു. ഒക്കലഹോമ ഹൈവേ പെട്രോള്‍ സംഘം കില്‍പാട്രിക് ടേണ്‍ പൈക്കില്‍ സംഭവം നടന്നതായി സ്ഥിരീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ ഭയപ്പെടേണ്ടതില്ലെന്നും കഴിയുമെങ്കില്‍ യൂണിഫോം ബാഡ്ജുകള്‍ എന്നിവ ധരിച്ചു പൊതുസ്ഥലങ്ങളില്‍ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്സ് നടത്തുന്ന സേവനങ്ങളെ അഭിനന്ദിക്കുന്നതിനും അവര്‍ക്കാവശ്യമായ സഹകരണം നല്‍കുന്നതിനും ഭൂരിപക്ഷം തയ്യാറാകുമ്പോള്‍ തന്നെ ഇവരെ സംശയദൃഷ്ടിയോടെ നോക്കുന്നവരും ഉണ്ടാകാം. ഇതിനുള്ള ഒരു അവസരം നല്‍കാതെ ഒഴിവാകുന്നതാണ് നല്ലതെന്നും നിര്‍ദേശിച്ചിട്ടുണ്ട്
കൊറോണ വൈറസ് രോഗികളുടെ തീവ്രപരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാര്‍, തങ്ങളുടെ ജീവനു സംരക്ഷണം ഉറപ്പുവരുത്തുന്ന പേഴ്സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്മെന്റ്സിന്റെ ദൗര്‍ലഭ്യത്തില്‍ പ്രതിഷേധിച്ചു രംഗത്തു വന്നു. മന്‍ഹാട്ടനിലുള്ള മൗണ്ട് സീനായ് ഹോസ്പിറ്റലിനു മുന്പിലായിരുന്നു പ്രതിഷേധം. രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ കൊറോണ വൈറസ് രോഗത്തിന്റെ പിടിയിലമര്‍ന്നു സ്വന്തം ജീവന് നഷ്ടപ്പെട്ട സഹപ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിപിടിച്ചാണ് പ്രതിഷേധ പ്രകടനക്കാര്‍ ആശുപത്രിക്ക് മുന്പില് അണിനിരന്നത്. ആവശ്യത്തിനുള്ള സുരക്ഷാ സംവിധാനങ്ങള്‍ ലഭിക്കുന്നില്ല എന്നു മാത്രമല്ല മൂന്നു നഴ്സുമാര്‍ ചേര്‍ന്ന് 35 രോഗികളെയെങ്കിലും പരിചരിക്കേണ്ടി വരുന്നതായും പ്രകടനത്തില്‍ പങ്കെടുത്ത നഴ്സുമാര്‍ പറയുന്നു.’ പ്രത്യേകിച്ച് ഒന്നും തന്നെ ചോദിക്കുന്നില്ല. ഞങ്ങള്‍ ചെയ്യുന്ന ജോലി ഭയരഹിതമായി പൂര്‍ത്തികരിക്കാന്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ആശുപത്രി വിതരണം ചെയ്യുന്ന മാസ്ക്കുകള്‍ ഡ്യൂട്ടി അവസാനിക്കുമ്പോള്‍ ഒരു ബ്രൗണ്‍ കവറിലാക്കി തിരിച്ചേല്‍പിക്കേണ്ടതായും വരുന്നു. പിന്നീട് ഇതു തന്നെ ഉപയോഗിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു’.
അതേസമയം മൗണ്ട് സീനായ് ആശുപത്രി അധികൃതര്‍ പറയുന്നത് ഞങ്ങളുടെ സ്റ്റാഫിന്റെ സുരക്ഷിതത്വത്തിനാണ് മുന്‍ഗണന നല്‍കുന്നത്. അവര്‍ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഞങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നതിന് ശ്രമിക്കുന്നുവെന്നാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: