കേരള നിയമസഭയുടെ നടപടി ക്രമങ്ങള്‍ നേരില്‍ കാണാന്‍ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ടു കഴിഞ്ഞു. ലോക്സഭ, രാജ്യസഭ നടപടികളും റിപ്പോര്‍ട്ടു ചെയ്യാനും അവസരം കിട്ടി. എന്നാല്‍ സ്പീക്കര്‍ ഗാലറിയില്‍ ഇരുന്ന് സഭാ നടപടികള്‍ കാണാനുള്ള അവസരം ലഭിച്ചത് ആദ്യം. അതും ഒരു വിദേശ രാജ്യത്തെ പാര്‍ലമെന്റില്‍. മെല്‍ബണിലെ വിക്റ്റോറിയന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളുടേയും നടപടി ക്രമങ്ങള്‍ വീക്ഷിക്കാനുള്ള അവസരമാണ് കിട്ടിയത്. നമ്മുടെ ലോക്സഭ, രാജ്യസഭ എന്നതുപോലെ അസംബ്ലിയും കൗണ്‍സിലും. അസംബ്ലിയില്‍ 88 അംഗങ്ങള്‍, കൗണ്‍സിലില്‍ 40 പേരും. ഇരു സഭകളിലേക്കുമുള്ള വരെ ജനം നേരിട്ടു തെരഞ്ഞെടുക്കുന്നു.
ഓസ്ട്രലിയിലെ ആദ്യ പാര്‍ലമെന്റ് ആണ് വിക്റ്റോറിയന്‍ പാര്‍ലമെന്റ് ഹൗസ്. ലോകത്ത് ആദ്യമായി രഹസ്യ ബാലറ്റ് സംവിധാനം നടപ്പിലാക്കിയത്. ഈ പാര്‍ലമെന്റില്‍ ആയിരുന്നു. ഇതേ മന്ദിരത്തിന്റെ നിര്‍മാണ വേളയില്‍ ആണ് തൊഴിലാളികള്‍ക്ക് വേണ്ടി എട്ട് മണികൂര് ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമവും ആദ്യമായി നടപ്പിലാക്കിയതും.
കുമ്മനം രാജശേഖരനൊപ്പം പാര്‍ലമെന്റിലെ ആദ്യത്തെ ഹിന്ദു എംപി കൗസല്യ വഗേലയുടെ അതിഥിയായിട്ടായിരുന്നു സന്ദര്‍ശനം. ഉപരിസഭയായ കൗണ്‍സിലില്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പ്രതിനിധിയാണ് കൗസല്യ. കവാടത്തില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ രാജ്കുമാര് ഞങ്ങളെ സ്വീകരിക്കാനെത്തി. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കൗസല്യ വഗേല പുറത്തിറങ്ങി വന്ന് സ്വീകരിച്ചു. സ്പീക്കറുടെ ഗാലറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. ബസ് തൊഴിലാളികള്‍ക്ക് കൂലി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുകയായിരുന്നു. ചെല്ലുമ്പോള്‍ പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടിയുടെ പ്രതിനിധി പ്രസംഗിക്കുകയായിരുന്നു. അടുത്ത ഊഴം കൗസല്യ വഗേലയുടേത്. നിശ്ചിത സമയത്തിനകം ചുരുങ്ങിയ വാക്കുകളില്‍ അവര്‍ പ്രസംഗിച്ചു. സ്പീക്കര്‍ ഷാന്‍ ലീനെ അഭിനന്ദിക്കുകയും ചെയ്തു.
പ്രസംഗം കഴിഞ്ഞപ്പോള്‍ പുറത്തിറങ്ങി. അസംബ്ലി ഹാളിലെത്തി. അവിടെയും സ്പീക്കറുടെ ഗാലറിയിലിരുന്ന് നടപടികള്‍ കണ്ടു. രാജകീയമാണ് ഇരു സഭകളുടേയും അകത്തളം. തൂണുകള്‍ 20 കാരറ്റ് സ്വിര്‍ണ്ണം പാകിയത് എന്നതിലുണ്ട് അതിന്റെ പ്രൗഢി. അതിമനോഹരമായ ലൈബ്രറി ഹാളിലെത്തി. അതിന്റെയും തൂണുകളില്‍ സ്വര്‍ണം പാകിയിരിക്കുന്നു. പാര്‍ലമെന്റ് കാന്റീനില്‍ നിന്ന് നല്ലൊരു ചായയും കുടിച്ച് കൗസല്യയുടെ മുറിയിലേക്ക് പോകവേ എതിരെ വരുന്നു പ്രധാനമന്ത്രി ഡാനിയല്‍ ആന്‍ഡ്രൂസ്!. കടക്കു പുറത്ത് എന്നോ മാറി നില്ക്കൂ എന്നോ പറഞ്ഞില്ല. പകരം അടുത്തേക്ക് വന്ന് ഹസ്തദാനം ചെയ്തു പരിചയപ്പെട്ടു. ഒന്നിച്ചു നിന്നൊരു ചിത്രവും എടുത്തു.
കൗസല്യ വഗേലയുടെ മുറിയിലെത്തി അവരുമായി കുറെ നേരം സംസാരിച്ചിരുന്നു. ഗുജറാത്തിലെ ജംനഗറില്‍ ജനിച്ച കൗസല്യ വഗേല അഹമ്മദാബാദ് സര്‍വകലാശാലയില്‍ നിന്ന് ബിഎസ്സിയും വഡോദര സര്‍വകലാശാലയില്‍നിന്ന് എംഎസ്സിയും പാസായ ശേഷം ഉപരി പഠനത്തിന് മെല്‍ബണില്‍ എത്തിയതാണ്. ലേബര്‍ പാര്‍ട്ടിയില്‍ അംഗമാകുകയും സജീവമാകുകയും ചെയ്തു. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സാംസ്്ക്കാരികവും ഭൗതികവുമായ കാര്യങ്ങളില്‍ സര്‍ക്കാരുമായി ഇടപെടുന്ന ആള് എന്ന നിലയില്‍ സ്വീകാര്യത ലഭിക്കുകയും, തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം കിട്ടുകയുമായിരുന്നു. 11 അസംബ്ലി മണ്ഡലങ്ങള്‍ അടങ്ങിയ വെസ്റ്റേണ്‍ മെട്രോപോളിറ്റന്‍ മണ്ഡലത്തെയാണ് കൗസല്യ പ്രതിനിധീകരിക്കുന്നത്.
ചില കാര്യങ്ങളില്‍ താന്‍ കടുംപിടിത്തക്കാരിയാണെന്ന് സമ്മതിക്കാന്‍ കൗസല്യക്ക് മടിയില്ല. സ്വാത്ന്ത്ര്യം, ന്യായം, സ്ത്രീവാദം, ഭക്ഷണം, ശാരീരികക്ഷമത, പരിഷ്കാരം, തമാശ, കുടുംബം, കൂട്ടുകാര്‍ എന്നിവയില്‍ വിട്ടുവീഴ്ചയക്ക് അവര്‍ തയ്യാറല്ല.
നരേന്ദ്രമോദി വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രി ആയതില്‍ അഭിമാനിക്കുന്ന ഈ ആസ്ട്രേലിയന്‍ എംപി ഗുജറാത്തിനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും പറയുന്നൂ. ഇരു രാജ്യങ്ങള്‍ക്കും ഗുണം ചെയ്യുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഇടനില നില്ക്കാന് സന്തോഷം ഉണ്ടെന്നും കൗസല്യ പറഞ്ഞു.
ഇന്ത്യന്‍ സമൂഹത്തിന് ആസ്ട്രേലിയയില്‍ വലിയ മതിപ്പ് ലഭിക്കുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെ ചിലര്‍ വംശീയ പ്രശ്നമായി പെരുപ്പിച്ചു കാട്ടാറുണ്ടെങ്കിലും യാഥാര്‍ത്ഥ്യം അതല്ല. ഇന്ത്യക്കാര്‍ക്ക് ഇനിയും കൂടുതല്‍ അവസരങ്ങള്‍ ആസ്ട്രേലിയയില്‍ ഉണ്ട്. പ്രത്യേകിച്ച് കേരളീയരെപ്പോലെ പ്രവാസി ജീവിതത്തില്‍ നേട്ടങ്ങള്‍ വെട്ടിപ്പിടിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങളുണ്ടെന്ന് തെളിവുകള്‍ നിരത്തി കൗസല്യ പറഞ്ഞു. കേരളം കാണാന്‍ താല്പര്യമുണ്ടെന്നും, അവസരം കിട്ടിയാല്‍ എത്തുമെന്നും കൗസല്യ വഗേല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: