കൃഷ്ണഭക്തിയുടെ ലഹരിയില്‍ സ്വയം ആറാടുകയും അനുവാചകനെ അതിന് പ്രേരിപ്പിക്കുകയും ചെയ്ത കവിയായിരുന്നു ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാട്. ”ഗുരുവായൂരപ്പ ഭക്തന്മാര് തീര്‍ത്ഥംപോലെ പവിത്രവും നൈവേദ്യപ്പാല്പ്പായസം പോലെ മധുരവുമായി ഗണിച്ചുപോരുന്ന കവിത” എന്ന് പ്രൊഫ. എം. ലീലാവതി ആ കവിതയെ വിലയിരുത്തിയതില്‍ ആര്‍ക്കും എതിരഭിപ്രായമുണ്ടാവില്ല. തുളസീദാസന് എന്ന പേരിലും ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഉണ്ണി നമ്പൂതിരിപ്പാട്, ശ്രീരാമകൃഷ്ണ പരമഹംസരുടെ ശിഷ്യനായ നിര്‍മ്മലാനന്ദ സ്വാമിയില്‍നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നു. സംസ്കൃതത്തിലും മലയാളത്തിലുമായി മുപ്പതിലധികം കൃതികള്‍ രചിച്ചിട്ടുണ്ട്.
സ്വാമി കൈവല്യാനന്ദയുടെ നേതൃത്വത്തിലുള്ള, ഒറ്റപ്പാലം (പാലക്കാട്) ശ്രീരാമകൃഷ്ണാശ്രമം, ഓട്ടൂരിന്റെ സംസ്കൃത സ്തോത്ര കൃതികള്‍ സമാഹരിച്ച്, മലയാള വിവര്‍ത്തനത്തോടെ, രണ്ട് വാള്യങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു. പ്രബുദ്ധ കേരളം, തുളസീസുഗന്ധം തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവയും കേരളീയ ഭക്തരുടെ ഹൃദയങ്ങളില്‍ പ്രതിഷ്ഠ നേടിയവയുമാണ് ഈ കൃതികള്‍. ‘ശ്രീരാമകൃഷ്ണീയം, കൃഷ്ണീയം എന്നീ രണ്ട് ശീര്‍ഷകങ്ങളിലാണ് ഇവ ഇപ്പോള്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ”എനിക്ക് ശ്രീരാമകൃഷ്ണ ദേവനും ഗുരുവായൂരപ്പനും ഒരാളാണ്” എന്ന് പലപ്പോഴും പറയാറുണ്ട് ഓട്ടൂര്‍. അദ്ദേഹത്തിന്റെ ഭാഗവത പ്രഭാഷണങ്ങള്‍ കേട്ടിട്ടുള്ളവര്‍ക്ക് അത് അക്ഷരംപ്രതി അനുഭവപ്പെട്ടിട്ടുമുണ്ടാവും.
ശ്രീരാമകൃഷ്ണീയം എന്ന ഒന്നാം വാള്യത്തില്‍, പരമഹംസരേയും ശാരദാദേവിയേയും സ്തുതിക്കുന്ന 59 സംസ്കൃത കവിതകളുണ്ട്. ഹ്രസ്വവും ലളിതവുമായ ഗദ്യവിവര്ത്തനത്തോടെയാണ് ഓരോ ശ്ലോകവും കൊടുത്തിരിക്കുന്നത്. അതിനാല്‍ സംസ്കൃതം പഠിച്ചിട്ടില്ലാത്ത സാധാരണ വായനക്കാര്‍ക്കുപോലും അര്‍ത്ഥഗ്രഹണത്തിന് പ്രയാസമില്ല. ഒരുദാഹരണം നോക്കാം-
ഏകാന്തഭക്തിയമുനാ, പരമാത്മാ വിദ്യാ-
മന്ദാകിനീ, പ്രണിധിയോഗ സരസ്വതീ ച
തിസ്രഃ പവിത്രസരതശ്ച മിളന്തി യത്ര
ചന്ദ്രാ സുതാക്തമകമുപാശ്രയതം പ്രയാഗം
ഈ ശ്ലോകത്തിന്റെ സാരാംശം താഴെ കൊടുത്തിരിക്കുന്നതുകൂടി വായിക്കുക:
”ഏകാന്തഭക്തിയാകുന്ന യമുനയും, ബ്രഹ്മവിദ്യയാകുന്ന ഗംഗയും ധ്യാന (രാജ)യോഗമാകുന്ന സരസ്വതിയും മൂന്നു പുണ്യനദികളും എവിടെയാണോ കൂടിച്ചേരുന്നത്, ശ്രീരാമകൃഷ്ണനാകുന്ന ആ പ്രയാഗയെ ആശ്രയിക്കൂ.”
‘വന്ദേമാതരം’ എന്ന സ്തോത്രത്തില്‍ ശാരദാ ദേവിയെ അവതരിപ്പിക്കുന്നതു നോക്കൂ:
ദേഹാസക്ത്യാ ക്ലിഷ്യതാം മാനുഷാണാം
സുപ്തം ബോധം സമ്യഗുന്മീലയന്തീം
ശോകം മോഹം ചാശൂ നിര്മൂലയന്തീം
ഭക്ത്യാവന്ദേ മാതരം ശാരദാഖ്യാം
”ദേഹത്തിലുള്ള അഭിനിവേശത്താല്‍ ക്ലേശിക്കുന്ന മനുഷ്യരുടെ ഉറങ്ങിക്കിടക്കുന്ന ജ്ഞാനത്തെ നല്ലവണ്ണമുണര്ത്തുന്നവളും ശോകത്തെയും മോഹത്തെയും വേഗത്തില്‍ വേരറുത്തുകളയുന്നവളുമായ, ശാരദ എന്ന തിരുനാമത്തോടുകൂടിയ, അമ്മയെ ഞാന്‍ ഭക്തിയോടെ കൂപ്പുന്നു.”
കൂടാതെ രാമകൃഷ്ണ ശിഷ്യന്മാരായ ബ്രഹ്മാനന്ദസ്വാമി, വിവേകാനന്ദന്, നിര്‍മ്മലാനന്ദന്‍ തുടങ്ങിയവരേയും 13 കൃതികളിലായി സ്തുതിക്കുന്നുണ്ട്. പുതിയ മഹാഭാരത യുദ്ധത്തില്‍, പാര്‍ത്ഥസാരഥിയെപ്പോലെ ഗദാധരന് (ശ്രീരാമകൃഷ്ണന്) തേര് തെളിച്ച് തുണച്ചതുകൊണ്ടാണ് നരേന്ദ്രനെന്ന ഈ അഭിനവ പാര്ത്ഥന് വിജയിക്കാന്‍ കഴിഞ്ഞത് എന്ന അലങ്കാര പ്രയോഗം ഹൃദ്യവും മനോഹരവുമായിട്ടുണ്ട് (വിവേകാനന്ദഃ-2 എന്ന സ്തോത്രം).
ചിക്കാഗോവിലെ സര്‍വ്വമത സമ്മേളനത്തില്‍, മറ്റ് പ്രഭാഷകരെല്ലാം അവരവരുടെ മതങ്ങളെയാണ് പ്രകീര്‍ത്തിച്ചത്. എന്നാല്‍ വിവേകാനന്ദന്, സര്വ്വമതസംഹിതകളേയും ഉള്‍ക്കൊള്ളുന്ന സനാതനമായ ആര്‍ഷ ധര്‍മ്മത്തിന്റെ മഹത്വം വിളംബരം െചയ്യുകയാണുണ്ടായത് എന്ന് ‘വിശ്വവന്ദ്യോ നരേന്ദ്രഃ’ കാവ്യത്തില്‍ ഓട്ടൂര്‍ വ്യക്തമാക്കുന്നു.
ശ്രീരാമകൃഷ്ണനെ കണ്ടെത്തി ഗുരുവായി വരിക്കുന്നതും, ആത്മതത്ത്വത്തെ അറിയുന്നതും രാജ്യാന്തര പര്യടനം നടത്തുന്നതും, പാശ്ചാത്യരും പൗരസ്ത്യരുമായ ജ്ഞാനാന്വേഷികളുടെ മുഴുവന്‍ ആദരവ് നേടുന്നതും, മതസ്പര്ധകള്ക്കെതിരെ ശബ്ദമുയര്‍ത്തുന്നതും ഒക്കെ അടങ്ങുന്ന വിവേകാനന്ദ മഹത്വത്തെ വാഴ്ത്തുന്ന ശ്ലോകങ്ങളെല്ലാംതന്നെ ശ്രദ്ധാപൂര്‍വ്വമായ വായന ആവശ്യപ്പെടുന്നവയാണ്. നരേന്ദ്രനെ, ശങ്കരാചാര്യരോടും ബുദ്ധദേവനോടും ഒക്കെ ഉപമിക്കുന്ന ഭാഗങ്ങളും ഏറെ ശ്രദ്ധേയമാണ്. മനുഷ്യരുടെ സ്തുതികള്‍ ആകാശത്തോളം മാറ്റൊലി ഉയര്‍ത്തുകയും ദേവന്മാര് ആ ശിരസ്സില്‍ പുഷ്പ വൃഷ്ടി ചൊരിയുകയും ചെയ്തുവത്രേ. ഭക്തജന ലക്ഷങ്ങള്‍ ആരുടെ പാദാരവിന്ദത്തിലാണോ നിരന്തരം ശിരസ്സ് നമിച്ചുകൊണ്ടിരിക്കുന്നത്, ആ നരേന്ദ്രന് ‘ഭാരതഭൂമിയുടെ ഭാഗ്യസര്വ്വ’സ്വമാണ് എന്നുകൂടി വാഴ്ത്തിക്കൊണ്ടാണ് കവി, വിവേകാനന്ദസ്തുതിക്ക് വിരാമമിടുന്നത്.
സമര്‍പ്പിത ഭക്തിയുടെ, ഉദാത്തമായ പ്രണയസങ്കല്പത്തിന്റെ, പ്രപഞ്ചത്തെക്കുറിച്ചുള്ള സമഗ്ര വീക്ഷണത്തിന്റെ ഒക്കെ പ്രതിനിധിയും പ്രതീകവുമാണ് കൃഷ്ണന്. ആ കൃഷ്ണനോടുള്ള അപഞ്ചല ഭക്തിയാണ് ഓട്ടൂര്‍ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാവ്യസപര്യയുടെ സത്ത എന്നുതന്നെ പറയാം. പുസ്തകത്തിലെ രണ്ടാം വാള്യമായ ‘കൃഷ്ണീയ’ത്തിലെ 84 കവിതകളിലും തുളുമ്പിനില്‍ക്കുന്നത് കൃഷ്ണപ്രേമത്തിന്റെ പാല്ക്കുടങ്ങളാണ്. യശോദാകിശോരനും രാധാവിലാസലോലനും, മുരളീഗാനവിലസിതനും വേദവേദാന്തസാര്വജ്ഞനും സച്ചിദാനന്ദമൂര്ത്തിയുമെല്ലാമായ ശ്രീകൃഷ്ണനെ നമുക്ക് ഈ കൃതികളിലുടനീളം ദര്‍ശിക്കാം. ഭക്തന്മാരുടെ ഹൃദയങ്ങളില്‍ ആധ്യാത്മികതയുടെ അഭൗമമായ തരംഗങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നവയാണ് ഈ സ്തോത്രകാവ്യങ്ങളോരോന്നും.
ഒാട്ടൂരിന്റെ കാവ്യരചനയെക്കുറിച്ച് സ്വാമി കൈവല്യാനന്ദയുടെ നേര്‍സാക്ഷ്യം ഇതായിരുന്നു, ”ശ്രീരാമകൃഷ്ണദേവനെ ധ്യാനിച്ചുകൊണ്ടിരിക്കുന്ന സമയത്ത്, പെട്ടെന്ന് ഭാവാവിഷ്ടനായി അദ്ദേഹം എഴുതാന്‍ തുടങ്ങും. എന്തെങ്കിലും എഴുതണമെന്നൊന്നും താന്‍ ചിന്തിക്കാതെയിരിക്കുമ്പോഴാണ് പെട്ടെന്നൊരു ആന്തരിക ചോദന ഉണ്ടാകുന്നതെന്നും, എഴുതിക്കഴിഞ്ഞേ തനിക്ക് സ്വാസ്ഥ്യം ലഭിക്കൂ എന്നും ഓട്ടൂര്‍ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്.”
മേല്‍പ്പുത്തൂരും പൂന്താനവും ഒത്തുചേരുന്ന, ഭക്തിയും വിഭക്തിയും സംഗമിക്കുന്ന ഒരു കാവ്യപ്രതിഭയുടെ അവതാരത്തെ നമുക്ക് ഈ രണ്ട് ഗ്രന്ഥങ്ങൡലായി ദര്‍ശിക്കാം. സംസ്കൃതത്തിലേയും മലയാളത്തിലേയും ഭക്തിസാഹിത്യത്തിന് ഒരുപോലെ മുതല്‍ക്കൂട്ടാവും ഈ ഗ്രന്ഥങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: